അശ്വിന് പേടിയാണ് അതുകൊണ്ടാണ് അവന്‍ വിക്കറ്റ് നേടാത്തത്; രാജസ്ഥാന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം
IPL
അശ്വിന് പേടിയാണ് അതുകൊണ്ടാണ് അവന്‍ വിക്കറ്റ് നേടാത്തത്; രാജസ്ഥാന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 11th April 2024, 7:27 pm

 

ഐ.പി.എല്‍ 2024ല്‍ രാജസ്ഥാന്‍ റോയല്‍സ് ആദ്യ പരാജയമേറ്റുവാങ്ങിയിരിക്കുകയാണ്. സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ മൂന്ന് വിക്കറ്റിനാണ് രാജസ്ഥാന്‍ പരാജയപ്പെട്ടത്.

രാജസ്ഥാന്‍ ഉയര്‍ത്തിയ 197 റണ്‍സിന്റെ വിജയലക്ഷ്യം അവസാന പന്തില്‍ ടൈറ്റന്‍സ് വിജയം സ്വന്തമാക്കുകയായിരുന്നു.

മത്സരത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ആര്‍. അശ്വിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. നാല് ഓവര്‍ പന്തെറിഞ്ഞ് 40 റണ്‍സാണ് താരം വഴങ്ങിയത്. വിക്കറ്റൊന്നും നേടാനും സാധിച്ചില്ല.

സീസണിലും അത്രകണ്ട് മികച്ച പ്രകടനമല്ല താരം പുറത്തെടുക്കുന്നത്. അഞ്ച് മത്സരത്തില്‍ നിന്നും ഒരു വിക്കറ്റ് മാത്രമാണ് താരത്തിന് സ്വന്തമാക്കാന്‍ സാധിച്ചത്. 8.42 എന്ന എക്കോണമിയില്‍ 160 റണ്‍സാണ് അശ്വിന്‍ വഴങ്ങിയത്.

സീസണില്‍ വിക്കറ്റുകള്‍ നേടാന്‍ സാധിക്കാത്ത അശ്വിന്റെ ബുദ്ധമുട്ടുകളെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ടൂര്‍ണമെന്റിലെ കമന്റേറ്റര്‍മാരില്‍ ഒരാളുമായ നവ്‌ജ്യോത് സിങ് സിദ്ധു. അശ്വിന്‍ ഇത്തവണ വിക്കറ്റ് നേടാന്‍ ശ്രമിക്കുന്നില്ലെന്നും ബാറ്റര്‍മാരെ നിയന്ത്രണത്തിലാക്കാന്‍ മാത്രമാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ബാറ്റര്‍മാര്‍ തന്റെ പന്തുകളെ അടിക്കുമെന്ന ഭയമാണ് അദ്ദേഹത്തിനുള്ളത്. ഇത് കാരണമാണ് അശ്വിന്‍ വിക്കറ്റുകള്‍ നേടാത്തത്. ബാറ്റര്‍മാരെ നിയന്ത്രിച്ച് നിര്‍ത്താന്‍ മാത്രമാണ് അശ്വിന്‍ ശ്രമിക്കുന്നത്. നിങ്ങളുടെ എറ്റവും മികച്ച ബൗളറില്‍ നിന്നും ഇതല്ല പ്രതീക്ഷിക്കുന്നത്,’ നവ്‌ജ്യോത് സിങ് സിദ്ധു പറഞ്ഞതായി കായികമാധ്യമമായ ക്രിക് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, ടൈറ്റന്‍സിനെതിരായ മത്സരത്തിന് ശേഷവും പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് രാജസ്ഥാന്‍ റോയല്‍സ്. അഞ്ച് മത്സരത്തില്‍ നിന്നും നാല് ജയവും ഒരു പരാജയവുമായി എട്ട് പോയിന്റോടെയാണ് റോയല്‍സ് ഒന്നാം സ്ഥാനത്ത് തുടരുന്നത്.

ഏപ്രില്‍ 13നാണ് രാജസ്ഥാന്‍ റോയല്‍സിന്റെ അടുത്ത മത്സരം. മഹാരാജ യാദവീന്ദ്ര സിങ് അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഹോം ടീമായ പഞ്ചാബ് കിങ്‌സാണ് എതിരാളികള്‍. അഞ്ച് മത്സരങ്ങള്‍ക്ക് ശേഷം പോയിന്റ് പട്ടികയില്‍ ഏഴാമതാണ് പഞ്ചാബ്.

Content Highlight: Navjyot Singh Sidhu slams R Ashwin