അമൃത്‌സര്‍: പഞ്ചാബ് കോണ്‍ഗ്രസില്‍ തര്‍ക്കം തുടരുമ്പോഴും പി.സി.സി. മുന്‍ അധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തി നവ്‌ജ്യോത് സിംഗ് സിദ്ദു. മുന്‍ അധ്യക്ഷന്മാരുമായി ചര്‍ച്ച നടത്തുന്ന ചിത്രങ്ങളും സിദ്ദു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.
‘പഞ്ചാബ് കോണ്‍ഗ്രസ് പ്രദേശ് കമ്മിറ്റി മുന്‍ പ്രസിഡന്റുമാരുടെ അടുത്ത് നിന്നൊക്കെ മാര്‍ഗ്ഗനിര്‍ദേശം തേടി. മാസങ്ങള്‍ കൊണ്ടുണ്ടാക്കുന്ന അറിവിനോളം മൂല്യമുള്ളതാണ് ബുദ്ധിമാന്മാരുമായുള്ള കൂടിക്കാഴ്ച,’ നവ്‌ജ്യോത് സിംഗ് സിദ്ദു പറഞ്ഞു.
അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലും സിദ്ദുവിനെ തന്നെ അധ്യക്ഷസ്ഥാനത്ത് നിയമിക്കാനുള്ള സാധ്യതിയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. എന്നാല്‍ ഇതുവരെയും ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും തന്നെ വന്നിട്ടില്ല.
അതേസമയം സിദ്ദു നേതൃത്വത്തിലെത്തുന്നത് പാര്‍ട്ടിക്ക് തലവേദനയുണ്ടാക്കുമെന്ന നിലപാടിലാണ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. സിദ്ദു അധ്യക്ഷനായാല്‍ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാവുമെന്നും നിരവധി നേതാക്കള്‍ രാജിവെക്കുമെന്നും സൂചിപ്പിച്ച് അമരീന്ദര്‍ സിംഗ് കഴിഞ്ഞ ദിവസം സോണിയാ ഗാന്ധിയ്ക്ക് കത്തയക്കുകയും ചെയ്തിരുന്നു.
അതേസമയം കോണ്‍ഗ്രസിന്റെ ചുമതലയുള്ള ഹരീഷ് റാവത്ത് അമരീന്ദര്‍ സിംഗുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
സിദ്ദുവിനോട് രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും പ്രത്യേക താല്പര്യം ഉണ്ട്. അതുകൊണ്ടുതന്നെ അമരീന്ദറിന്റെ എതിര്‍പ്പുകൊണ്ട് ഫലമുണ്ടാകുമോ എന്ന കാര്യത്തില്‍ സംശയമാണ്.
അമരീന്ദര്‍ സിംഗ് നേരത്തെ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഹൈക്കമാന്റ് എന്തു തീരുമാനം എടുത്താലും അംഗീകരിക്കുമെന്നും അദ്ദേഹം മുന്‍പ് പറഞ്ഞിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്‍പ് സംസ്ഥാനത്തെ പ്രശ്നം തീര്‍ക്കാനുള്ള നെട്ടോട്ടത്തിലാണ് കോണ്‍ഗ്രസ്. സിദ്ദുവിനേയും അമരീന്ദറിനേയും ഒരേപോലെ പരിഗണിച്ച് പിണക്കാതെ കൂടെ നിര്‍ത്തുക എന്നത് കോണ്‍ഗ്രസിന് ഭാരപ്പെട്ട പണിയാണ്.
അമരീന്ദര്‍ സിംഗിന്റെ ശക്തമായ പ്രവര്‍ത്തനത്തിന്റെ ഫലമായിട്ടാണ് പഞ്ചാബില്‍ കോണ്‍ഗ്രസിന് മികച്ച വിജയം ലഭിച്ചത്. സിദ്ദുവിനും സംസ്ഥാനത്ത് നല്ല ജനപ്രീതിയുണ്ട്. രണ്ട് നേതാക്കളേയും തള്ളിക്കളയാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല.