| Sunday, 14th April 2024, 3:05 pm

അവൻ കളിക്കളത്തിൽ ലാറയെ പോലെയാണ്: ഇന്ത്യയുടെ ഭാവിതാരത്തിന് ഇതിഹാസത്തിന്റെ അഭിനന്ദന പ്രവാഹം

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് വിജയവഴിയില്‍ തിരിച്ചെത്തി. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ മൂന്ന് വിക്കറ്റുകള്‍ക്കാണ് സഞ്ജുവും കൂട്ടരും പരാജയപ്പെടുത്തിയത്. ടൂര്‍ണമെന്റിലെ രാജസ്ഥാന്റെ അഞ്ചാം ജയമായിരുന്നു ഇത്.

പഞ്ചാബിന്റെ തട്ടകമായ മഹാരാജ യാദവീന്ദ്ര സിങ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ രാജസ്ഥാന്‍ ഒരു പന്തും മൂന്ന് വിക്കറ്റും ബാക്കിനില്‍ക്കേ ലക്ഷ്യം മറികടക്കുകയായിരുന്നു.

രാജസ്ഥാന്‍ ബാറ്റിങ്ങില്‍ യശ്വസി ജെയ്സ്വാള്‍ 28 പന്തില്‍ 39 റണ്‍സ് നേടിക്കൊണ്ട് നിര്‍ണായകമായിരുന്നു. നാല് ഫോറുകളാണ് ജെയ്സ്വാളിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 139.29 പ്രഹരശേഷിയില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്.

ഇപ്പോഴിതാ യശ്വസി ജെയ്‌സ്വാളിനെ പ്രശംസിച്ച് മുന്നോട്ടുവന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം നവജ്യോത് സിങ് സിദ്ധു. ജെയ്സ്വാള്‍ ഇതിഹാസതാരങ്ങളായ ബ്രയാല്‍ പോലെയും മൈക്കിള്‍ സ്ലേറ്ററെ പോലെയും ആണെന്നാണ് നവജ്യോത് സിങ് പറഞ്ഞത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ പ്രതികരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.

‘ജെയ്സ്വാള്‍ ഇന്ന് നന്നായി കളിക്കുകയും മികച്ച സ്‌ട്രോക്കുകള്‍ അടിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ കളിക്കളത്തില്‍ ബ്രയാന്‍ ലാറയെയും മൈക്കല്‍ സ്ലേറ്ററെയും പോലെയാണ് ജെയ്സ്വാള്‍. ഈ രണ്ട് ഇതിഹാസതാരങ്ങളെ പോലെയാണ് അവന്‍ കളിക്കുന്നത്.

എന്റെ വാക്കുകള്‍ ഓര്‍ക്കുക. ബൗളര്‍മാരെ ഭയപ്പെടുത്താനുള്ള കഴിവ് അവനുണ്ട്. വരാനിരിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ മത്സരങ്ങളില്‍ അവനത് ചെയ്തുകാണിക്കും. ജെയ്സ്വാള്‍ ഫോമിലേക്ക് തിരിച്ചുവന്നാല്‍ രാജസ്ഥാനെ തടയാന്‍ ആര്‍ക്കും സാധിക്കില്ല. ആ സമയം രാജസ്ഥാന്‍ കൂടുതല്‍ അപകടകാരികളായി മാറും; നവജ്യോത് സിങ് സിദ്ധു പറഞ്ഞു.

ഐ.പി.എല്ലിന് മുന്നോടിയായി നടന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ട് ഡബിള്‍ സെഞ്ച്വറികള്‍ ഉള്‍പ്പെടെ 700ലധികം റണ്‍സാണ് ഈ ഇടംകയ്യന്‍ ബാറ്റര്‍ അടിച്ചെടുത്തത്. എന്നാല്‍ ഈ സീസണില്‍ ഇതുവരെ മികച്ച പ്രകടനം രാജസ്ഥാന്‍ ജേഴ്‌സിയില്‍ കാഴ്ചവെക്കാന്‍ താരത്തിന് സാധിച്ചിട്ടില്ല.

വരാനിരിക്കുന്ന മത്സരങ്ങളില്‍ ജെയ്സ്വാള്‍ മികച്ച പ്രകടനം നടത്തുമെന്നുതന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്. ജെയ്സ്വാള്‍ കൂടി ഫോമില്‍ താളം കണ്ടെത്തിയാല്‍ രാജസ്ഥാന്‍ റോയല്‍സ് കൂടുതല്‍ ശക്തമായി മാറുമെന്നുറപ്പാണ്.

നിലവില്‍ ആറ് മത്സരങ്ങളില്‍ നിന്നും അഞ്ച് വിജയവും ഒരു തോല്‍വിയും അടക്കം 10 പോയിന്റോടെ ഒന്നാം സ്ഥാനത്താണ് സഞ്ജുവും കൂട്ടരും. ഏപ്രില്‍ 16ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍ ആണ് വേദി.

Content Highlight: Navjyot singh sidhu praises Yashasvi Jaiswal

We use cookies to give you the best possible experience. Learn more