ഐ.സി.സി ടി-20 ലോകകപ്പിലെ സൂപ്പര്‍ 8ല്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ 47 പരാജയപ്പെടുത്തി ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. കെന്‍സിങ്ടണ്‍ ഓവല്‍ ബാര്‍ബഡോസ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ 134 റണ്‍സിന് പുറത്താവുകയായിരുന്നു.
28 പന്തില്‍ 53 റണ്‍സ് നേടിയ സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തിലാണ് ഇന്ത്യ ജയിച്ചുകയറിയത്. അഞ്ച് ഫോറുകളും മൂന്ന് സിക്‌സുമാണ് സൂര്യയുടെ ബാറ്റില്‍ നിന്നും പിറന്നത്. മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡ് സ്വന്തമാക്കാനും സൂര്യകുമാറിന് സാധിച്ചു.
മത്സരത്തിലെ സൂര്യകുമാര്‍ യാദവന്റെ ഈ തകര്‍പ്പന്‍ പ്രകടനങ്ങളെ പ്രശംസിച്ചുകൊണ്ട് മുന്നോട്ട് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം നവജ്യോത് സിങ് സിദ്ധു. സൂര്യകുമാര്‍ യാദവിന്റെ പ്രകടനങ്ങള്‍ ഇതിഹാസ താരം വിവിയന്‍ റിച്ചാര്‍ഡ്‌സിനെ ഓര്‍മ്മിപ്പിക്കുന്നുവെന്നാണ് നവജ്യോത് സിങ് സിദ്ധു പറഞ്ഞത്.
‘വിവിയന്‍ റീചാര്‍ഡ്സ് മാത്രമാണ് കളിക്കളത്തില്‍ ഇത്തരത്തിലുള്ള സ്‌ട്രോക്ക് കളിച്ചിട്ടുള്ളത്. സൂര്യകുമാര്‍ യാദവ് അവിശ്വസനീയമാണ്. ടി-20യില്‍ അദ്ദേഹത്തെപ്പോലെ സ്വാധീനം ചെലുത്താന്‍ കഴിയുന്ന മറ്റൊരു താരമില്ല. അവന്‍ ടി-20 ഫോര്‍മാറ്റ് ഭരിച്ചുകൊണ്ടിരിക്കുകയാണ്. ബൗളര്‍മാര്‍ക്ക് അവനെ പുറത്താക്കാനുള്ള കൃത്യമായ പ്ലാനിങ് കൊണ്ടുവരാന്‍ സാധിക്കുന്നില്ല. അവന്‍ കളിക്കളത്തില്‍ ബാറ്റ് കൊണ്ട് തകര്‍പ്പന്‍ പ്രകടനം നടത്തുമ്പോള്‍ അവനെ നിയന്ത്രിക്കാന്‍ ആര്‍ക്കും സാധിക്കില്ല. അഫ്ഗാനിസ്ഥാനെതിരെ അവന്‍ ഗംഭീരമായ ഒരു ഇന്നിങ്സാണ് കളിച്ചത്. അവന്‍ ഒരു മികച്ച മാച്ച് വിന്നര്‍ ആണ്,’ മുന്‍ ഇന്ത്യന്‍ താരം സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ പറഞ്ഞു.
Content Highlight: Navjyot Singh Sidhu Praises Suryakumar Yadav