ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ എട്ട് വിക്കറ്റുകള്‍ക്ക് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് പരാജയപ്പെടുത്തിയിരുന്നു. ലഖ്നൗവിന്റെ തട്ടകമായ ഏകാന സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ലഖ്നൗ സൂപ്പര്‍ കിങ്സിനെ ബാറ്റിങ്ങിനിയക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലഖ്നൗ 19 ഓവറില്‍ എട്ട് വിക്കറ്റുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
ഇപ്പോഴിതാ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ ലഖ്നൗ പേസര്‍ മൊഹ്‌സിന്‍ ഖാനെ പ്രശംസിച്ചുകൊണ്ട് മുന്നോട്ടുവന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം നവജ്യോത് സിങ് സിദ്ധു.
ലഖ്നൗ സൂപ്പര്‍ താരം മായങ്ക് യാദവ് ദല്‍ഹി ക്യാപ്പിറ്റല്‍സ് പേസര്‍ ഖലീല്‍ അഹമ്മദ് എന്നിവരുമായി മൊഹ്‌സിന്‍ ഖാനെ താരതമ്യപ്പെടുത്തുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലൂടെ പ്രതികരിക്കുകയായിരുന്നു നവജ്യോത്.
‘മൊഹ്‌സിന്‍ ഖാന്‍ മികച്ച പ്രകടനമാണ് ലഖ്‌നൗവിനായി നടത്തുന്നത്. മായങ്ക് യാദവ്, ഖലീല്‍ അഹമ്മദ് എന്നിവര്‍ നന്നായി ബൗള്‍ ചെയ്യുന്നുണ്ടെങ്കിലും മൊഹ്‌സിന്‍ ഖാന്‍ ആണ് ഒന്നാം സ്ഥാനത്ത്. മത്സരങ്ങള്‍ വിജയിക്കാന്‍ ഇന്ത്യയ്ക്ക് അവനെപ്പോലുള്ള ബൗളര്‍മാരെയാണ് ആവശ്യം സെലക്ടര്‍മാര്‍ അവനെപ്പോലുള്ള യുവതാരങ്ങളെ ശ്രദ്ധിക്കണം,’ നവജ്യോത് സിങ് സിദ്ധു പറഞ്ഞു.
ചെന്നൈക്കെതിരെ ന്യൂസിലാന്‍ഡ് യുവതാരം രചിന്‍ രവീന്ദ്രയെ ആദ്യ പന്തില്‍ തന്നെ ക്ലീന്‍ ബൗള്‍ഡ് ആക്കി കൊണ്ടാണ് മൊഹ്‌സിന്‍ കരുത്തുകാട്ടിയത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശിന് വേണ്ടിയാണ് മൊഹ്‌സിന്‍ ഖാന്‍ കളിക്കുന്നത്. ഇതിനോടകം തന്നെ 48 20 മത്സരങ്ങളില്‍ നിന്നും 68 വിക്കറ്റുകള്‍ ആണ് താരം നേടിയിട്ടുള്ളത്. 17.59 ശരാശരിയില്‍ പന്തെറിയുന്ന മൊഹ്‌സിന്‍ ഖാന്‍ വരും മത്സരങ്ങളിലും മിന്നും പ്രകടനം കാഴ്ചവെക്കുമെന്നുതന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്.
ഏപ്രില്‍ 23ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരത്തന്നെയാണ് ലഖ്‌നൗ വീണ്ടും ഏറ്റുമുട്ടുന്നത്. ചെന്നൈയുടെ തട്ടകമായ ചെപ്പോക് സ്റ്റേഡിയമാണ് വേദി.