ഐ.പി.എല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിന് നാലാം ജയം. കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ എട്ട് വിക്കറ്റുകള്‍ക്കാണ് ലഖ്‌നൗ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ടോസ് നേടിയ ലഖ്‌നൗ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്‌നൗ 19 ഓവറില്‍ എട്ട് വിക്കറ്റുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യം മറികടക്കുകയായിരുന്നു.
ചെന്നൈക്കെതിരെയുള്ള കെ.എല്‍ രാഹുലിന്റെ തകര്‍പ്പന്‍ പ്രകടനത്തെ പ്രശംസിച്ചുക്കൊണ്ട് മുന്നോട്ടുവന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം നവജ്യോത് സിങ് സിദ്ധു. നിലവില്‍ ഏറ്റവും മികച്ച ടെക്നിക്കോടെ കളിക്കാൻ കഴിയുന്ന ഇന്ത്യന്‍ താരം രാഹുല്‍ ആണെന്നാണ് നവജ്യോത് സിങ് സിദ്ധു പറഞ്ഞത്.
‘കെ.എല്‍ രാഹുലിന്റെ ഇപ്പോഴുള്ള പ്രധാന പ്രശ്നം സ്ട്രൈക്ക് റേറ്റാണ്. എന്നാലും അവന്‍ എല്ലാം മത്സരങ്ങളിലും മികച്ച പ്രകടനമാണ് നടത്തുന്നത്. ഈ സീസണില്‍ രാഹുല്‍ നേടിയ സ്‌കൂളുകള്‍ നിങ്ങള്‍ക്ക് പരിശോധിക്കാം. അവന്റെ പ്രഹരശേഷി ഉയര്‍ന്നിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഇപ്പോഴുള്ള ബാറ്റര്‍ മാരില്‍ ഏറ്റവും മികച്ച ടെക്നിക്കോടെ കളിക്കുന്നത് അവനാണ്. രാഹുല്‍ ഒരു മാച്ച് വിന്നറാണ്,’ നവജ്യോത് സിങ് സിദ്ധു പറഞ്ഞു.
ചെന്നൈക്കെതിരെ രാഹുല്‍ 53 പന്തില്‍ 82 റണ്‍സ് നേടി കൊണ്ടായിരുന്നു ടീമിന് നിര്‍ണായകമായത്. ഒമ്പത് ഫോറുകളും മൂന്ന് സിക്സുകളും ആണ് ലഖ്‌നൗ നായകന്‍ നേടിയത്. 154.72 സ്ട്രൈക്ക് റേറ്റില്‍ ആയിരുന്നു താരം ബാറ്റ് വീശിയത്.
രാഹുലിന് പുറമേ മൂന്ന് പന്തില്‍ 54 നേടിയ സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം ക്വിന്റണ്‍ ഡി കോക്കും വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു.
നിലവില്‍ ഏഴ് മത്സരങ്ങളില്‍ നിന്നും നാല് വിജയവും മൂന്നു തോല്‍വിയും അടക്കം എട്ട് പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് രാഹുലും സംഘവും. ഏപ്രില്‍ 23നും ചെന്നൈ സൂപ്പര്‍ കിങ്സിനെതിരെ തന്നെയാണ് ലഖ്‌നൗവിന്റെ അടുത്ത മത്സരം. സൂപ്പര്‍ കിങ്സിന്റെ തട്ടകമായ ചെപ്പോക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.