ഡാങ്: മോദി ഇന്ത്യൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിയ ഏറ്റവും വലിയ നുണയനാണെന്ന് പഞ്ചാബ് മന്ത്രിയും കോൺഗ്രസ് നേതാവുമായ നവജ്യോത് സിംഗ് സിദ്ധു. 2014ൽ മോദി നൽകിയിരുന്ന വാഗ്ദാനങ്ങളിൽ ഒന്ന് പോലും അദ്ദേഹം പാലിച്ചിട്ടില്ലെന്നും സിദ്ധു ആരോപിച്ചു.
‘മോദിയെ പോലൊരു നുണയൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് വരുന്നത് ഇതിന് മുൻപ് ഈ രാജ്യം കണ്ടിട്ടില്ല. 364 വാഗ്ദാനങ്ങളാണ് മോദി 2014ൽ നമുക്ക് തന്നത്. അതിൽ ഒന്ന് പോലും ഈ ദിവസം വരെ പാലിച്ചിട്ടില്ല. കള്ളപ്പണമെല്ലാം ഇപ്പോഴും പുറം രാജ്യങ്ങളിലാണ്. വിരമിച്ച സൈനികർക്കുള്ള ഒരു റാങ്ക്, ഒരു പെൻഷൻ പദ്ധതി ഇന്നുവരെ നടപ്പിൽ വരുത്തിയിട്ടില്ല. ഇതെല്ലാം മറയ്ക്കാൻ ‘കാവൽക്കാരൻ’ തട്ടിപ്പുമായി അയാൾ വീണ്ടും വന്നിരിക്കുകയാണ്.’ സിദ്ധു ഗുജറാത്തിലെ ഡാങിൽ മാധ്യമപ്രവർത്തകരോടായി പറഞ്ഞു.
മോദിയും കേന്ദ്ര മന്ത്രിമാരും രാജ്യത്തെ പുറകോട്ട് നടത്തുകയാണെന്നും രാജ്യത്തെ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളെയെല്ലാം അവർ തകർക്കുകയാണെന്നും സിദ്ധു വിമർശിച്ചു. ‘ചൈന കടലിനടിയിൽ റെയിൽപാലങ്ങൾ നിർമ്മിക്കുന്നു, അമേരിക്ക ചൊവ്വയിൽ ഗവേഷണം നടത്തുന്നു, റഷ്യ റോബോട്ട് സൈന്യത്തെ നിർമ്മിക്കുന്നു. അപ്പോഴും പ്രധാനമന്ത്രി ‘കാവൽക്കാരെ’ നിർമ്മിക്കാനുള്ള തിരക്കിലാണ്. മൻമോഹൻസിംഗ് സർക്കാരിന്റെ കാലഘട്ടത്തിൽ 2 ലക്ഷം കോടി ആയിരുന്ന കിട്ടാക്കടം എങ്ങനെയാണ് 5 വർഷം കൊണ്ട് 17 ലക്ഷം കോടിയായി ഉയർന്നത്?’ സിദ്ധു ചോദിക്കുന്നു.
രാജ്യത്തെ ജനങ്ങളുടെ ജീവിതം കൊണ്ടാണ് മോദി കളിക്കുന്നതെന്നും, ‘ഡിജിറ്റൽ ഇന്ത്യ’, ‘സ്വച്ഛ് ഭാരത്’ എന്നീ പദ്ധതികളിലൂടെ മോദി അവരുടെ കണ്ണുകളിൽ പൊടിയിടുകയാണെന്നും മന്ത്രി ആരോപിച്ചു. ഗംഗയുടെ പുത്രന്മാർ എന്ന പേരിൽ അധികാരത്തിൽ വന്നവർ അധികാരത്തിൽ നിന്നും ഇറങ്ങുന്നത് റാഫേൽ ദല്ലാളൻമാരായാണ്. കഴിക്കാൻ ഭക്ഷണമോ, പോക്കറ്റിലോ, ബാങ്കിലോ പണമോ ഇല്ലാത്തപ്പോൾ മോദിയും ബി.ജെ.പിയും അവരോടു യോഗ ചെയ്യാൻ ആവശ്യപ്പെടുകയും കക്കൂസുകൾ നിർമ്മിക്കുകയും ‘സ്വച്ഛ് ഭാരത്തി’ൽ പങ്കെടുക്കാൻ ആവശ്യപ്പെടുകയുമാണ്. വൈദ്യുതി ക്ഷാമം ഉള്ളപ്പോഴാണ് അവർ ഡിജിറ്റൽ ഇന്ത്യ ആസൂത്രണം ചെയ്യുന്നത്.’ നവജ്യോത് സിംഗ് സിദ്ധു പറയുന്നു.