| Sunday, 9th June 2024, 7:31 pm

രാഷ്ട്രീയ സാഹചര്യം എന്തുമാകട്ടെ, ക്രിക്കറ്റ് അങ്ങനെയല്ല... ഇവിടെ ക്രിമിനലുകളില്ല; ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിന് മുന്നോടിയായി തുറന്നടിച്ച് സിദ്ധു

സ്പോര്‍ട്സ് ഡെസ്‌ക്

ടി-20 ലോകകപ്പിലെ ഏറ്റവും വാശിയേറിയ പോരാട്ടത്തിന്റെ കോയിന്‍ ഫ്‌ളിപ്പിന് ഇനി അല്‍പസമയം മാത്രമാണ് ശേഷിക്കുന്നത്. ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടത്തിന് ടി-20 ലോകകപ്പില്‍ കളമൊരുങ്ങിയിരിക്കുകയാണ്. ന്യൂയോര്‍ക്കിലെ നാസു കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി.

ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരായ വിജയത്തോടെ ലോകകപ്പ് ക്യാംപെയ്ന്‍ ആരംഭിച്ച ഇന്ത്യ പാകിസ്ഥാനെതിരെയും വിജയിച്ച് മുമ്പോട്ടുള്ള കുതിപ്പ് തുടരാനാണ് ഒരുങ്ങുന്നത്. ടി-20 ലോകകപ്പില്‍ പാകിസ്ഥാന് മേലുള്ള മൃഗീയ ആധിപത്യം തുടരുക എന്നതും ഇന്ത്യക്ക് മുമ്പിലുള്ള പ്രധാന ലക്ഷ്യമാണ്.

അതേസമയം, അമേരിക്കയോട് നാണംകെട്ട് പരാജയപ്പെട്ടാണ് പാകിസ്ഥാന്‍ രണ്ടാം മത്സരത്തിനിറങ്ങുന്നത്. പാകിസ്ഥാനെതിരെ അമേരിക്ക മിന്നും പ്രകടനമാണ് കാഴ്ചവെച്ചതെങ്കിലും ബാബറിന്റെയും സംഘത്തിന്റെയും പിഴവുകളാണ് മെന്‍ ഇന്‍ ഗ്രീനിന് തിരിച്ചടിയായത്.

ലോകകപ്പിലെ ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിന് മുമ്പ് ഇരു ടീമും തമ്മിലുള്ള മാച്ചിന്റെ രാഷ്ട്രീയ പശ്ചാത്തലത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം നവ്‌ജ്യോത് സിങ് സിദ്ധു. സ്‌പോര്‍ട്‌സില്‍ ക്രിമിനലുകള്‍ ഇല്ലെന്നും ക്രിക്കറ്റിന് ഇരു രാജ്യങ്ങളെയും ഒന്നിപ്പിക്കാന്‍ സാധിക്കുമെന്നും സിദ്ധു പറയുന്നു.

സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ പ്രസ് റൂം ഇവന്റില്‍ സംസാരിക്കവെയാണ് സിദ്ധു ഇക്കാര്യം പറഞ്ഞത്.

‘രാഷ്ട്രീയ സാഹചര്യം എന്തുതന്നെയുമാകട്ടെ, ക്രിക്കറ്റ് അതില്‍ നിന്നും വ്യത്യസ്തമാണ്. സ്‌പോര്‍ട്‌സില്‍ ക്രിമിനലുകളില്ല, രാജ്യത്തിന്റെ അംബാസഡര്‍മാര്‍ മാത്രമേയുള്ളൂ. രാജ്യങ്ങളെ തമ്മില്‍ കൂട്ടിയിണക്കുന്നതില്‍ സ്‌പോര്‍ട്‌സിന് വലിയ പങ്കാണുള്ളത്. ഇതിന് മുമ്പ് ഞാന്‍ ഈ കാര്യം പലപ്പോഴായി പറഞ്ഞിട്ടുണ്ട്.

ക്രിക്കറ്റ് ഇപ്പോള്‍ ഇരു രാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്രങ്ങളുടെ കൂടി ഭാഗമായി മാറിയിരിക്കുന്നു. അത് ഇരു രാജ്യങ്ങളെയും തമ്മില്‍ ഒരുമിപ്പിക്കുന്നതാകണം. ക്രിക്കറ്റ് എന്നാല്‍ ഇരു രാജ്യങ്ങളെയും തമ്മില്‍ ഒരുമിപ്പിക്കാനുള്ള മികച്ച മാര്‍ഗമാകണം,’ സിദ്ധു പറഞ്ഞു.

വിജയം തുടരാന്‍ ഇന്ത്യയും ആദ്യ വിജയം തേടി പാകിസ്ഥാനുമിറങ്ങുമ്പോള്‍ ലോകകപ്പിലെ ഈ മത്സരം ആരാധകര്‍ക്ക് വിരുന്നൊരുക്കുെമന്നുറപ്പാണ്.

ടി-20 ലോകകപ്പിന്റെ ചരിത്രത്തില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോഴെല്ലാം ഒരു തവണയൊഴികെ വിജയം ഇന്ത്യക്കൊപ്പമായിരുന്നു. 2007 ലോകകപ്പില്‍ ബോള്‍ ഔട്ടിലൂടെ പാകിസ്ഥാനെ തോല്‍പിച്ച ഇന്ത്യ ഫൈനലിലും പച്ചപ്പടയെ തന്നെയാണ് പരാജയപ്പെടുത്തിയത്. ടി-20 ലോകകപ്പില്‍ ഒരിക്കല്‍ മാത്രമാണ് പാകിസ്ഥാന് ഇന്ത്യക്കെതിരെ വിജയിക്കാന്‍ സാധിച്ചത്. 2021 എഡിഷനില്‍ പത്ത് വിക്കറ്റിനാണ് പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പിച്ചത്.

ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്വേന്ദ്ര ചഹല്‍, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്. ശുഭ്മന്‍ ഗില്‍, റിങ്കു സിങ്, ഖലീല്‍ അഹമ്മദ്, ആവേശ് ഖാന്‍.

പാകിസ്ഥാന്‍ സ്‌ക്വാഡ്

ബാബര്‍ അസം (ക്യാപ്റ്റന്‍), അബ്രാര്‍ അഹമ്മദ്, അസം ഖാന്‍, ഫഖര്‍ സമാന്‍, ഹാരിസ് റൗഫ്, ഇഫ്തിഖര്‍ അഹമ്മദ്, ഇമാദ് വസീം, മുഹമ്മദ് അബ്ബാസ്, മുഹമ്മദ് ആമിര്‍, മുഹമ്മദ് റിസ്വാന്‍, നസീം ഷാ, സയിം അയ്യൂബ്, ഷദാബ് ഖാന്‍, ഷഹീന്‍ ഷാ അഫ്രിദി, ഉസ്മാന്‍ ഖാന്‍.

Content Highlight: Navjyot Singh Sidhu about India vs Pakistan match

We use cookies to give you the best possible experience. Learn more