ടെസ്റ്റ് കളിക്കുന്ന രാജ്യമാണ് യു.എസിനോട് തോറ്റത്, പക്ഷെ ഇത് വലിയ യുദ്ധമാണ്: നവ്‌ജ്യോത് സിങ് സിദ്ദു
Sports News
ടെസ്റ്റ് കളിക്കുന്ന രാജ്യമാണ് യു.എസിനോട് തോറ്റത്, പക്ഷെ ഇത് വലിയ യുദ്ധമാണ്: നവ്‌ജ്യോത് സിങ് സിദ്ദു
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 9th June 2024, 12:42 pm

ടി-20 ലോകകപ്പില്‍ ഇന്ന് ഇന്ത്യയും പാകിസ്ഥാനുമാണ് ഏറ്റുമുട്ടാനിരിക്കുകയാണ്. മേജര്‍ ടൂര്‍ണമെന്റുകളില്‍ ഇരു ടീമുകളും കൊമ്പുകോര്‍ക്കുമ്പോള്‍ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം.

ആദ്യ മത്സരത്തില്‍ ഇന്ത്യ അയര്‍ലാന്‍ഡിനെ എട്ട് വിക്കറ്റുകള്‍ക്ക് തകര്‍ത്ത ആത്മവിശ്വാസവുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. മത്സരത്തില്‍ പരിക്ക് പറ്റിയെങ്കിലും രോഹിത് ശര്‍മ അര്‍ധ സെഞ്ച്വറി നേടി. റിഷബ് പന്ത് മികച്ച പ്രകടനമാണ് നടത്തിയത്. ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ് എന്നിവര്‍ വിക്കറ്റ് വീഴ്ത്തി.

മറുഭാഗത്ത് ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തിലെ സൂപ്പര്‍ ഓവറില്‍ യു.എസ്.എയോട് ഞെട്ടിക്കുന്ന തോല്‍വിയാണ് പാകിസ്ഥാന്‍ ഏറ്റുവാങ്ങിയത്. ഇപ്പോള്‍ ഇരുവരും തമ്മില്‍ നടക്കാനിരിക്കുന്ന മത്സരത്തിലെ സമ്മര്‍ദത്തെക്കുറിച്ചും വിജയത്തെക്കുറിച്ചും സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം നവ്ജ്യോത് സിങ് സിദ്ദു.

‘സമ്മര്‍ദം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തോല്‍വി ആര്‍ക്കും ദഹിക്കില്ല. പാകിസ്ഥാനെതിരെ വിജയിച്ചാല്‍, മറ്റ് ഫലങ്ങള്‍ പരിഗണിക്കാതെ നിങ്ങള്‍ ഹീറോയാകും. ലോകകപ്പില്‍ പാകിസ്ഥാന്‍ യു.എസിനോട് തോറ്റതോടെ ഇന്ത്യ മുന്നിലാണ്,’ അദ്ദേഹം പറഞ്ഞു.

‘ഇത് വലിയ യുദ്ധമാണ്, ടെസ്റ്റ് കളിക്കുന്ന ഒരു രാജ്യം യു.എസ്.എയോട് തോറ്റത് മാനസികമായ തിരിച്ചടിയാണ്. മറുവശത്ത് ഇന്ത്യ കുതിപ്പിലാണ്. റോഡുകള്‍ വിജനമാകും, സ്റ്റേഡിയം തിരക്കേറിയതായിരിക്കും. സാരേ ജഹാന്‍ സേ അച്ചാ ഹിന്ദുസ്ഥാന്‍ ഹമാരാ എന്ന ഒരു ഗാനം മാത്രമേ ഹൃദയത്തില്‍ ഉണ്ടാകൂ,’ നവ്‌ജ്യോത് സിങ് സിദ്ദു എ.എന്‍.ഐയോട് പറഞ്ഞു.

നസാവു കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തിലെ സ്ലോപിച്ചില്‍ നടക്കാനിരിക്കുന്ന മത്സരത്തില്‍ ടോസ് നിര്‍ണായകമായേക്കും. മാത്രമല്ല പിച്ച് ആര്‍ക്കൊക്കെ ഉപകാരപ്പെടുമെന്ന് കണ്ടറിയണം.

 

Content highlight: Navjot Singh Sidu Talking About Ind VS Pak Match In 2024 T20 World Cup