അമൃത്സര്‍: പഞ്ചാബ് പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി നവ്‌ജ്യോത് സിംഗ് സിദ്ദു പിന്‍വലിച്ചു. എന്നും വിശ്വസ്തനായ കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരുമെന്ന് സിദ്ദു പറഞ്ഞു.
ഹൈക്കമാന്റ് സിദ്ദുവിന്റെ രാജി അംഗീകരിച്ചിരുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ തീരുമാനങ്ങള്‍ എടുക്കുന്നത് തന്നോട് ആലോചിച്ചായിരിക്കണമെന്ന നിബന്ധന നേരത്തെ സിദ്ദു മുന്നോട്ടുവെച്ചിരുന്നു.
എന്നാല്‍ പുതിയ പഞ്ചാബ് മുഖ്യമന്ത്രി കൂടിയാലോചന നടത്താതിരുന്നതോടുകൂടിയാണ് സിദ്ദു അതൃപ്തി അറിയിച്ചത് മന്ത്രിസഭാ പുനസംഘടനയെ ചൊല്ലിയും അഭിപ്രായവ്യത്യാസമുണ്ടായിരുന്നു.
പഞ്ചാബ് രാഷ്ട്രീയത്തില്‍ അടുത്തിടെയുണ്ടായ പൊട്ടിത്തെറികളില്‍ ഒരുവശത്ത് സിദ്ദു ഉണ്ടായിരുന്നു. സിദ്ദുവുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് അമരീന്ദര്‍ സിംഗിന് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നത്.
അതേസമയം അമരീന്ദര്‍ സിംഗ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സിദ്ദുവിനെ തോല്‍പ്പിക്കുമെന്നും അമരീന്ദര്‍ പറഞ്ഞിട്ടുണ്ട്.
സിദ്ദുവിനെ സ്ഥിരതയില്ലാത്തയാളാണെന്നും അമരീന്ദര്‍ വിമര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെ പാര്‍ട്ടിയിലെ പ്രശ്‌നങ്ങളെ തുടര്‍ന്ന് സിദ്ദു പ്രസിഡന്റ് സ്ഥാനം രാജിവച്ചതോടെ അമരീന്ദര്‍ വീണ്ടും വിമര്‍ശനം ഉന്നയിച്ചിരുന്നു.
ബി.ജെ.പി അമരീന്ദര്‍ സിംഗുമായി തെരഞ്ഞെടുപ്പ് സഖ്യത്തിന് തയ്യാറാണ്. മുഖ്യമന്ത്രി സ്ഥാനം നഷ്ടമായതിന് പിന്നാലെ പാര്‍ട്ടി നേതൃത്വത്തോട് ഇടഞ്ഞ അമരീന്ദര്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, അജിത് ഡോവല്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.