|

അവന് ഒരിക്കലും ഐ.പി.എൽ കിരീടം നേടാൻ സാധിക്കില്ല: നവജ്യോത് സിങ് സിദ്ധു

സ്പോര്‍ട്സ് ഡെസ്‌ക്

2024 ഐ.പി.എല്‍ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്സ്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ ആറ് വിക്കറ്റുകള്‍ക്ക് തകര്‍ത്താണ് ചെന്നൈ ടൂര്‍ണമെന്റില്‍ തേരോട്ടം ആരംഭിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു നിശ്ചിത ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സ് ആണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈ 18.4 ഓവറില്‍ ആറ് വിക്കറ്റുകള്‍ ബാക്കി ലക്ഷ്യം മറികടക്കുകയായിരുന്നു.

ഇപ്പോഴിതാ വിരാട് കോഹ്‌ലിക്ക് ഒരിക്കലും ഐ.പി.എല്‍ കിരീടം നേടാന്‍ സാധിക്കില്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം നവജ്യോത് സിങ് സിദ്ധു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിക്കുകയായിരുന്നു മുന്‍ ഇന്ത്യന്‍ താരം.

‘വിരാട് കോഹ്‌ലി ക്രിക്കറ്റില്‍ ഒരു സിംഹമാണ്. എന്നാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒരു ടീമിനെ ഒറ്റക്ക് വിജയത്തില്‍ എത്തിക്കാന്‍ ഒരു സിംഹത്തിനും സാധിക്കില്ല. ക്രിക്കറ്റ് എന്നത് ഒരു ടീം ഗെയിം ആണ് എല്ലാവരും ഒരുമിച്ച് കളിച്ചാല്‍ മാത്രമേ ടീം വിജയിക്കുകയുള്ളൂ. എന്നാല്‍ ഇതുവരെ വിരാടിന് മറ്റ് താരങ്ങളുടെ സഹായം മത്സരങ്ങളില്‍ ലഭിച്ചിട്ടില്ല.

മറുഭാഗത്ത് ധോണിയുടെ ടീം എടുത്തു നോക്കിയാല്‍ എല്ലാവരും മികച്ച ഒത്തൊരുമയോടെ കളിക്കുന്നു. അതാണ് ധോണിയും കോഹ്‌ലിയും തമ്മിലുള്ള പ്രധാന വ്യത്യാസം. ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഓരോ പൊസിഷനിലും കൃത്യമായ താരങ്ങള്‍ ഉണ്ട്. അതേസമയം റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിലേക്ക് നോക്കുകയാണെങ്കില്‍ അവര്‍ക്ക് മികച്ച ഒരു സ്പിന്നര്‍ പോലുമില്ല,’ നവജ്യോത് സിങ് സിദ്ധു പറഞ്ഞു.

അതേസമയം കോഹ്‌ലിയുടേയും കൂട്ടരുടെയും അടുത്ത മത്സരം പഞ്ചാബ് കിങ്‌സിനെതിരെയാണ്. മാര്‍ച്ച് 25ന് ബെംഗളൂരുവിന്റെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Content Highlight: Navjot Singh Sidhu talks about Virat Kohli