അവന്‍ ആ രീതിയില്‍ കളിച്ചാല്‍ ഇന്ത്യ തീര്‍ച്ചയായും വിജയിക്കും; പ്രസ്താവനയുമായി നവ്‌ജോത് സിങ്
Sports News
അവന്‍ ആ രീതിയില്‍ കളിച്ചാല്‍ ഇന്ത്യ തീര്‍ച്ചയായും വിജയിക്കും; പ്രസ്താവനയുമായി നവ്‌ജോത് സിങ്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 13th June 2024, 4:04 pm

അമേരിക്കയ്ക്ക് എതിരായ മത്സരത്തിലും വിജയിച്ച ഇന്ത്യ ലോകകപ്പിലെ സൂപ്പര്‍ 8ല്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞദിവസം നസ്സാവൂ കൗണ്ടില്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴു വിക്കറ്റിനാണ് ഇന്ത്യ അമേരിക്കയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത അമേരിക്ക 8 വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് നേടിയപ്പോള്‍ ഇന്ത്യ 18.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

യു.എസ്.എക്കെതിരെ ന്യൂയോര്‍ക്ക് പിച്ചില്‍ സൂര്യകുമാര്‍ യാദവ് അസാധാരണമായ പ്രകടനമാണ് കാഴ്‌വെച്ചത്. 111 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതും താരമാണ്. അദ്ദേഹം 49 പന്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടി.

സ്ലോ പിച്ചിലെ താരത്തിന്റെ ഈ മിന്നും പ്രകടനത്തെക്കുറിച്ച് സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം നവ്‌ജോത് സിങ് സിദ്ദു. സ്റ്റാര്‍ സ്‌പോര്‍ട്‌സുമായുള്ള അഭിമുഖത്തിലാണ് സൂര്യകുമാറിന്റെ അര്‍ധ സെഞ്ച്വറിയെക്കുറിച്ച താരം സംസാരിച്ചത്.

‘സൂര്യകുമാര്‍ യാദവ് കളിക്കുമ്പോള്‍ നിങ്ങള്‍ക്ക് മത്സരം തോല്‍ക്കാന്‍ കഴിയില്ല. അവന്‍ 50ല്‍ കൂടുതല്‍ സ്‌കോര്‍ ചെയ്താല്‍, സ്ഥിരമായി നിങ്ങള്‍ മത്സരം ജയിക്കും. അവന്‍ സ്‌കോര്‍ ചെയ്യുന്ന വേഗത കാരണത്താലാണിത്. അതിനാലാണ് ഞാന്‍ പറയുന്നത്, അദ്ദേഹത്തിന്റെ പ്രകടനം കൊണ്ട് മത്സരം ഒരു പരിധിവരെ മാറുമെന്ന്,’ സിദ്ധു പറഞ്ഞു.

അമേരിക്കയ്‌ക്കെതിരെ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് വമ്പന്‍ തിരിച്ചടിയായിരുന്നു അമേരിക്കയുടെ സ്റ്റാര്‍ ബൗളര്‍ സൗരഭ് നേത്രാവല്‍ക്കര്‍ നല്‍കിയത്. വിരാട് കോഹ്ലിയെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയും പുറത്താക്കിക്കൊണ്ട് വമ്പന്‍ സമ്മര്‍ദം ആണ് മുന്‍ ഇന്ത്യന്‍ കളിക്കാരനായ നേത്രാവല്‍ക്കാര്‍ ഇന്ത്യയ്ക്ക് നല്‍കിയത്. മൂന്നാമനായി ഇറങ്ങിയ റിഷബ് പന്തിനെ 18 റണ്‍സിന് ബൗള്‍ഡ് ഔട്ട് ആക്കുകയായിരുന്നു അലി ഖാന്‍.

ശേഷം സൂര്യകുമാര്‍ യാദവിന്റെ അര്‍ധ സെഞ്ച്വറിയിലാണ് ഇന്ത്യ സ്‌കോര്‍ ഉയര്‍ത്തിയതും വിജയത്തിലെത്തിയതും. രണ്ട് സിക്സും രണ്ട് ഫോറും അടിച്ചാണ് സൂര്യ ഇന്ത്യയെ വിജയത്തിലെത്തിച്ചത്. സൂര്യകുമാര്‍ യാദവിന് കൂട്ടുനിന്ന് 31 റണ്‍സ് നേടി ശിവം ദുബെ മികച്ച പ്രകടനവും നടത്തി.

 

 

Content Highlight: Navjot Singh Sidhu Talking About Suryakumar Yadav