ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ജയം സ്വന്തമാക്കിയാണ് ഇന്ത്യ തുടങ്ങിയത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.
ബംഗ്ലാദേശ് ഉയര്‍ത്തിയ 229 റണ്‍സിന്റെ വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ബാറ്റിങ്ങില്‍ മിന്നും പ്രകടനം കാഴ്ചവെച്ചത് ശുഭ്മന്‍ ഗില്ലായിരുന്നു. 129 പന്തില്‍ പുറത്താകാതെ 101 റണ്‍സ് നേടിയാണ് വൈസ് ക്യാപ്റ്റന്‍ തിളങ്ങിയത്. ഇതോടെ ഗില്ലിനെ പ്രശംസിച്ച് സീനിയര്‍ താരങ്ങള്‍ രംഗത്ത് വന്നിരുന്നു.
ഇപ്പോള്‍ താരത്തിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം നവ്‌ജോത് സിങ് സിദ്ദു. ക്യാപ്റ്റന്‍സിയില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിനും ബ്രയാന്‍ ലാറയ്ക്കും മുകളില്‍ ശുഭ്മാന്‍ ഗില്ലിനെ സ്ഥാനമെന്നാണ് സിദ്ദു അഭിപ്രായപ്പെട്ടത്. ഇതിഹാസ താരങ്ങള്‍ക്ക് സമ്മര്‍ദ ഘട്ടങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്നും എന്നാല്‍ വൈസ് ക്യാപ്റ്റന്‍ ആയിരുന്നിട്ടും ഗില്‍ സമ്മര്‍ദങ്ങളെ കൈകാര്യം ചെയ്ത് മികച്ച പ്രകടനമാണ് നടത്തുന്നതെന്നും മുന്‍ താരം പറഞ്ഞു.
‘സച്ചിന്‍ ടെണ്ടുല്‍ക്കറിനും ബ്രയാന്‍ ലാറയ്ക്കും ക്യാപ്റ്റന്‍സി സമ്മര്‍ദം കൈകാര്യം ചെയ്യാന്‍ കഴിഞ്ഞില്ല. പക്ഷേ നേതൃത്വ ചുമതല ലഭിച്ചിട്ടും ഗില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ട്. വൈസ് ക്യാപ്റ്റനായതിന് ശേഷം അദ്ദേഹത്തിന്റെ പ്രകടനം വളരെ മെച്ചപ്പെട്ടിട്ടുണ്ട്. ഇത്തരം ഫോര്‍മാറ്റുകളില്‍ അവനെ ഉപയോഗിക്കുന്നതിനാല്‍ ക്രെഡിറ്റ് സെലക്ടര്‍മാര്‍ക്കും പോകുന്നു.
ഗില്‍ ടി-20 കളിക്കുന്നില്ല, ഏകദിനത്തിലും ടെസ്റ്റ് ക്രിക്കറ്റിലും അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ അവന്‍ ബുദ്ധിമുട്ടിയെങ്കിലും തന്റെ പ്രിയപ്പെട്ട ഫോര്‍മാറ്റിലേക്ക് ഏറ്റവും മികച്ച നിലയിലേക്കാണ് അവന്‍ തിരിച്ചെത്തിയത്,’ നവജ്യോത് സിങ് സിദ്ദു പറഞ്ഞു.
ഫെബ്രുവരി 23നാണ് ഇന്ത്യയുടെ അടുത്ത മത്സരം. പാകിസ്ഥാനാണ് എതിരാളികള്‍. 24ന് ബംഗ്ലാദേശും ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിനിറങ്ങും. റാവല്‍പിണ്ടിയില്‍ നടക്കുന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ന്യൂസിലാന്‍ഡാണ് എതിരാളികള്‍.
Content Highlight: Navjot Singh Sidhu Talking About Shubhman Gill