ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ഐ.പി.എല്ലിന്റെ 17ാം സീസണ്‍ തുടങ്ങാന്‍ ഇനി വെറും മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. മാര്‍ച്ച് 22ന് ഐ.പി.എല്‍ ഉദ്ഘാടനം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഏറ്റുമുട്ടും. ഒരു ദശാബ്ദത്തിനിടയില്‍ മുന്‍ ഇന്ത്യന്‍ ബാറ്റര്‍ നവ്‌ജ്യോത് സിങ് സിദ്ധു ഐ.പി.എല്ലില്‍ കമന്റേറ്റര്‍ ആയി എത്തുന്നു എന്ന പ്രത്യേകതയും പുതിയ സീസണിന് ഉണ്ട്.
കഴിഞ്ഞ സീസണില്‍ സിങ്ങിന് ഓരോ മാച്ചിലും 25 ലക്ഷം രൂപയാണ് ഐ.പി.എല്‍ പ്രതിഫലമായി നല്‍കിയതെന്ന് വെളിപ്പെടുത്തിയിരുന്നു. രസകരമായ പരാമര്‍ശങ്ങള്‍ കൊണ്ട് കമന്ററി ബോക്‌സില്‍ നിന്ന് മുന്‍ താരം ക്രിക്കറ്റ് ആരാധകരെ ഏറെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഐ.പി.എല്ലിന് ശേഷം ഐ.സി.സി ടൂര്‍ണമെന്റിലും താരത്തിന്റെ സാന്നിധ്യം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ ഏറ്റവും മികച്ച ഇന്ത്യന്‍ കളിക്കാരന്‍ വിരാട് കോഹ്‌ലി ആണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ രോഹിത് ശര്‍മയുടെ ഫിറ്റ്‌നസിനെക്കുറിച്ച് നവ്‌ജ്യോത് ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.
‘അവര്‍ രണ്ടുപേരും മികച്ച കളിക്കാരാണ്. രോഹിതിന്റെ ഫിറ്റ്നസ് നിലവാരത്തെ കുറിച്ച് എനിക്ക് സംശയമുണ്ട്. നിങ്ങള്‍ പ്രായമാകുമ്പോള്‍, നിങ്ങളുടെ റിഫ്‌ലെക്‌സുകളും വേഗതയും മന്ദഗതിയിലാകും. ഐ.പി.എല്ലില്‍ സെവാഗിന്റെ റിഫ്‌ലെക്‌സുകള്‍ വ്യത്യസ്തമായത് ആ കണ്ണട ധരിച്ചപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്. എന്നെ സംബന്ധിച്ചിടത്തോളം രോഹിത് ശര്‍മ കണ്ണടയുള്ള വീരേന്ദര്‍ സെവാഗാണ്,’ അദ്ദേഹം പറഞ്ഞു.
Content Highlight: Navjot Singh Sidhu Talking About Rohit Sharma