national news
ശ്രമം പരാജയപ്പെട്ടു; നവ്ജ്യോത് സിങ് സിദ്ദു കീഴടങ്ങി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2022 May 20, 11:52 am
Friday, 20th May 2022, 5:22 pm

ന്യൂദല്‍ഹി: വാഹനാപകടക്കേസില്‍ ഒരു വര്‍ഷം തടവ് ശിക്ഷ ലഭിച്ച കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിങ് സിദ്ദു കീഴടങ്ങി. പഞ്ചാബിലെ പട്യാല കോടതിയിലാണ് കീഴടങ്ങിയത്.

നവ്ജ്യോത് സിങ് സിദ്ദു കീഴടങ്ങാനായി സുപ്രീം കോടതിയില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരുന്നു.ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ കീഴടങ്ങാന്‍ സമയം വേണമെന്നായിരുന്നു സിദ്ദു സുപ്രീം കോടതിയെ അറിയിച്ചത്.

ഇതിനായി പ്രത്യേക അപേക്ഷ നല്‍കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. എന്നല്‍ സിദ്ദുവിന്റെ അപേക്ഷ അടിയന്തരമായി കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് വിസമ്മതിച്ചു. ഇതോടെ കീഴടങ്ങുകയല്ലാതെ മറ്റ് വഴികളില്ലാതായതോടെയാണ് വിചാരണ കോടതിയ്ക്ക് മുന്നില്‍ സിദ്ദു ഹാജരായത്.

കഴിഞ്ഞ ദിവസമാണ് കേസില്‍ സുപ്രീം കോടതി സിദ്ദുവിനെ ഒരു വര്‍ഷത്തേക്ക് ശിക്ഷിച്ചത്. കാര്‍ പാര്‍ക്കിങ്ങിന്റെ പേരിലുള്ള തര്‍ക്കത്തിനിടെ 1988ല്‍ ഗുര്‍ണാം സിങ് എന്നയാളെ ആക്രമിച്ച കേസില്‍ സിദ്ദുവിന് ഒരു വര്‍ഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.

നേരത്തേ പഞ്ചാബ് ഹരിയാന ഹൈക്കോടതി മൂന്നു വര്‍ഷം തടവുശിക്ഷ വിധിച്ച കേസാണിത്. 2018ല്‍ 1000 രൂപ മാത്രം പിഴ വിധിച്ചു ശിക്ഷ ഇളവു ചെയ്ത സുപ്രീം കോടതി സിദ്ദുവിനെ വിട്ടയച്ചിരുന്നു.

തുടര്‍ന്ന് ഗുര്‍ണാം സിങ്ങിന്റെ കുടുംബാംഗങ്ങള്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജിയിലാണ് ഒരു വര്‍ഷം തടവുകൂടി വിധിച്ചത്.

Content Highlights: Navjot Singh Sidhu surrendered