ന്യൂദല്‍ഹി: താന്‍ ജന്മനാ ഒരു കോണ്‍ഗ്രസുകാരനാണെന്നും ഇത് തന്റെ ഘര്‍ വാപസിയാണെന്നും നവജോത് സിങ് സിദ്ധു. പഞ്ചാബ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേര്‍ന്നശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചാബിന്റെ അഭിമാനത്തിനുവേണ്ടിയുള്ള പോരാട്ടമാണ് വരാനിരിക്കുന്ന തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു. “ഇന്ത്യയുടെ ഗോതമ്പു പാത്രം എന്നറിയപ്പെട്ടിരുന്ന പഞ്ചാബ് രാഷ്ട്രീയ പാര്‍ട്ടികളുടെ ദുര്‍നയം കാരണം ഒരു ദരിദ്ര സംസ്ഥാനമായി മാറി.” എന്നും സിദ്ധു പറഞ്ഞു.
പഞ്ചാബിലെ മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. പഞ്ചാബിലെ യുവാക്കളുടെ ജീവിതം നശിപ്പിക്കപ്പെടുകയാണ്. മയക്കുമരുന്ന് പ്രശ്‌നം ഇല്ലെന്നു പറഞ്ഞ് നമുക്ക് രക്ഷപ്പെടാനാവില്ലെന്നു പറഞ്ഞ അദ്ദേഹം കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പഞ്ചാബില്‍ നിന്നും മയക്കുമരുന്ന് തുടച്ചുമാറ്റുമെന്നും അവകാശപ്പെട്ടു.
തുടര്‍ച്ചയായി രണ്ടു തവണ അധികാരത്തിലിരുന്ന ശിരോമണി അകാലി ദള്‍-ബി.ജെ.പി സഖ്യത്തിന്റെ ദുര്‍ഭരണമാണ് പഞ്ചാബിന്റെ ദുരവസ്ഥയ്ക്കു കാരണമെന്നും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ സെപ്റ്റംബറിലാണ് സിദ്ധു ബി.ജെ.പി വിട്ടത്. തന്നെ ഒറ്റപ്പെടുത്തുന്നു എന്നാരോപിച്ചായിരുന്നു ഇത്. ഫെബ്രുവരി നാലിനു നടക്കുന്ന തെരഞ്ഞെടുപ്പില്‍ കിഴക്കന്‍ അമൃത സറിനെ പ്രതിനിധീകരിച്ച് സിദ്ധു മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
കോണ്‍ഗ്രസിലേക്കു ചേരുന്നതിനു മുന്നോടിയായി കഴിഞ്ഞദിവസം അദ്ദേഹം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുല്‍ഗാന്ധിക്കൊപ്പമുള്ള ഫോട്ടോ അദ്ദേഹം ട്വീറ്റു ചെയ്യുകയും ചെയ്തിരുന്നു.