| Wednesday, 31st July 2019, 6:48 pm

ദല്‍ഹിയില്‍ അപ്രതീക്ഷിത കരുനീക്കവുമായി കോണ്‍ഗ്രസ്; പി.സി.സി അധ്യക്ഷനാകാന്‍ നവ്‌ജ്യോത് സിങ് സിദ്ദു ?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചണ്ഡീഗഢ്: ദല്‍ഹിയില്‍ ഭരണം പിടിക്കാന്‍ അപ്രതീക്ഷിത കരുനീക്കങ്ങളുമായി കോണ്‍ഗ്രസ്. ദല്‍ഹിയില്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ മാത്രം ശേഷിക്കേ ഷീലാ ദീക്ഷിത് മരിച്ചതിനെത്തുടര്‍ന്ന് പി.സി.സി അധ്യക്ഷ സ്ഥാനത്തേക്ക് ഊര്‍ജ്വസ്വലനായ ഒരു നേതാവിനെ പരിഗണിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇപ്പോള്‍ ആ സ്ഥാനത്തേക്കു പറഞ്ഞുകേള്‍ക്കുന്ന ഏക പേര് പഞ്ചാബില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായുണ്ടായ അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്നു മന്ത്രിസ്ഥാനം ഉപേക്ഷിച്ച നവ്‌ജ്യോത് സിങ് സിദ്ദുവിന്റേതാണ്. സിദ്ദുവിന്റെ രാഷ്ട്രീയപരിചയവും ചുറുചുറുക്കും മുന്‍ ക്രിക്കറ്റര്‍ എന്ന നിലയില്‍ ദല്‍ഹിയില്‍ ഉണ്ടായേക്കാവുന്ന ജനപിന്തുണയും കണക്കിലെടുത്താണു നീക്കം.

അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്നു സിദ്ദുവിനോട് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി ആവശ്യപ്പെട്ടതായി അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ആലോചിക്കാന്‍ സിദ്ദുവിനു സമയം നല്‍കിയിട്ടുണ്ടെന്നും അതേസമയം സ്ഥാനം ഏറ്റെടുക്കാന്‍ താന്‍ ഒരുക്കമാണെന്നു സിദ്ദു ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുള്ളതായും റിപ്പോര്‍ട്ടിലുണ്ട്.

മന്ത്രിസ്ഥാനം രാജിവെച്ചതോടെ സിദ്ദു പാര്‍ട്ടി പരിപാടികളിലൊന്നും പങ്കെടുക്കാതെ മാറിനില്‍ക്കുകയാണ്. അമൃത്‌സറിലെ വീട്ടില്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഒതുങ്ങിക്കഴിയുന്ന സിദ്ദുവിനെ തിരിച്ച് സജീവ രാഷ്ട്രീയത്തിലെത്തിക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തോട് അമരീന്ദര്‍ സിങ് എങ്ങനെ പ്രതികരിക്കുമെന്നുള്ളതാണ് ഏക ആശങ്ക.

സിദ്ദുവിന്റെ രാജിതീരുമാനത്തോട് വളരെ രൂക്ഷമായി പ്രതികരിച്ച പഞ്ചാബിലെ കോണ്‍ഗ്രസ് മന്ത്രിമാരും അമരീന്ദറിനോട് അടുത്തുനില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിശബ്ദത പാലിക്കുന്നത് ഈ തീരുമാനത്തെത്തുടര്‍ന്നാണെന്നും അഭ്യൂഹമുണ്ട്.

നെഹ്‌റു കുടുംബവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് സിദ്ദു. അതുകൊണ്ടുതന്നെ അമരീന്ദര്‍ വിഭാഗത്തെ ഒഴിച്ചുനിര്‍ത്തിയാല്‍ കാര്യമായ എതിര്‍പ്പുകളൊന്നും ഈ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന് നേരിടേണ്ടിവരില്ല.

ഡൂൾന്യൂസ് ടെലഗ്രാം ചാനലിനായി ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ
https://t.me/thedoolnews

സിദ്ദു പി.സി.സി അധ്യക്ഷ പദവി ഏറ്റെടുത്തുകഴിഞ്ഞാല്‍ ദല്‍ഹിയിലെ പ്രധാന പോരാട്ടം മറ്റൊരു തലത്തിലേക്കു കൂടി നീളും. ദല്‍ഹിയില്‍ ഇപ്പോള്‍ ബി.ജെ.പിയുടെ മുഖമായി ഉയര്‍ത്തിക്കാണിക്കപ്പെടുന്നത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറിനെയാണ്. തെരഞ്ഞെടുപ്പില്‍ മികച്ച ഭൂരിപക്ഷത്തില്‍ അദ്ദേഹത്തെ ലോക്‌സഭയിലെത്തിക്കാനും പാര്‍ട്ടിക്കായി.

മറുവശത്ത് ഇതേ ജനപ്രീതിയുള്ള ഒരാളെ ഉയര്‍ത്തിക്കാണിക്കേണ്ടത് കോണ്‍ഗ്രസിന്റെ ആവശ്യവുമാണ്. അതിന് ക്രിക്കറ്റെന്ന ഘടകം ഉപയോഗിക്കാനും കോണ്‍ഗ്രസിനു കഴിയും.

Latest Stories

We use cookies to give you the best possible experience. Learn more