| Sunday, 15th March 2020, 10:58 am

'ജനങ്ങള്‍ക്ക് അവരുടെ അധികാരം തിരിച്ചു കിട്ടും';പഞ്ചാബില്‍ നവജോത് സിംഗ് സിദ്ധുവിന്റെ പുതിയ നീക്കം

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമൃതസര്‍: പുതിയ യൂട്യൂബ് ചാനല്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് എം.എല്‍.എയും മുന്‍ മന്ത്രിയുമായ നവജോത് സിംഗ് സിദ്ധു. പഞ്ചാബിന്റെ പുനരുജ്ജീവനത്തിനും നവോത്ഥാനത്തിനും പ്രേരിപ്പിക്കുന്നതിനുള്ള ഒരു വേദിയായിരിക്കും തന്റെ യൂട്യൂബ് ചാനലെന്ന് അദ്ദേഹം പറഞ്ഞു.

അമരീന്ദര്‍ സിങിന്റെ നേതൃത്വത്തിലുള്ള പഞ്ചാബ് സര്‍ക്കാര്‍ മാര്‍ച്ച് 16ന് മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കാന്‍ പോകുന്ന അവസരത്തില്‍ സിദ്ദുവിന്റെ പുതിയ ചാനല്‍ മുഖ്യ പങ്ക് വഹിക്കുമെന്നാണ് വിവരങ്ങള്‍.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയെയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയേയും സന്ദര്‍ശിച്ച് ദിവസങ്ങള്‍ക്കുള്ളിലാണ് ‘ജിറ്റേഗ പഞ്ചാബ്’ (പഞ്ചാബ് വിജയിക്കും) എന്ന തന്റെ യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നതായി സിദ്ധു പ്രഖ്യാപിച്ചത്.

” സിദ്ധു ഒരു പുതിയ ചാനല്‍ യൂട്യൂബില്‍ തുടങ്ങിയിരിക്കുകയാണ്. അതിലൂടെ അദ്ദേഹം തന്റെ കാഴ്ചപാടുകള്‍ വളരെ ലളിതമായും വ്യക്തമായും പഞ്ചാബിലെ ജനങ്ങളുമായി പങ്കുവെക്കും”, സിദ്ധുവിന്റെ ഒാഫീസ് പ്രസ്താവനയിലൂടെ പ്രതികരിച്ചു.

ഏതു ചിന്താഗിക്കാരെയും ചര്‍ച്ചകള്‍ക്കും സംവാദത്തിനും ആശയങ്ങള്‍ പങ്കുവെക്കാനും ക്ഷണിക്കുന്നതായി പ്രസ്താവനയിലൂടെ പറഞ്ഞു.

വസ്തുത വളച്ചൊടിക്കാതെ സത്യസന്ധമായി തന്റെ ചാനലിലൂടെ കൊണ്ടുവരുമെന്ന് സിദ്ധു പറഞ്ഞു.

”ജനങ്ങള്‍ക്ക് അവരുടെ അധികാരം തിരിച്ചു കിട്ടും ”അദ്ദേഹം പറഞ്ഞു.

2022 ല്‍ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സിദ്ധുവിനെ രംഗത്തിറക്കാന്‍ ആംആദ്മി പാര്‍ട്ടി ശ്രമിക്കുന്നതായി ചര്‍ച്ചകളുണ്ട്.

മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായുള്ള ഭിന്നതയ്ക്കൊടുവില്‍ മുന്‍ക്രിക്കറ്റ് താരം നവജോത് സിംഗ് സിദ്ധു പഞ്ചാബ് മന്ത്രിസഭയില്‍ നിന്നും 2019ല്‍ ജൂലായില്‍ രാജിവെച്ചിരുന്നു.

തദ്ദേശ വകുപ്പിന് പകരമായി ഊര്‍ജ്ജ വകുപ്പിന്റെ ചുമതല സിദ്ധുവിന് നല്‍കിയിരുന്നു. എന്നാല്‍ അത് ഏറ്റെടുക്കാന്‍ സിദ്ധു തയാറായിരുന്നില്ല. ഇതിനു പിന്നാലെയാണ് മന്ത്രിസഭയില്‍ നിന്നും രാജിവച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more