സിദ്ദുവിന് 1 വര്‍ഷം തടവ് വിധിച്ച് സുപ്രീം കോടതി; 34 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള വിധി
national news
സിദ്ദുവിന് 1 വര്‍ഷം തടവ് വിധിച്ച് സുപ്രീം കോടതി; 34 വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള വിധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 19th May 2022, 4:02 pm

ചണ്ഡീഗഡ്: മുന്‍ പഞ്ചാബ് മുഖ്യമന്ത്രി നവ്‌ജ്യോതി സിംഗ് സിദ്ദുവിന് ഒരു വര്‍ഷം തടവ് വിധിച്ച് സുപ്രീം കോടതി. പട്യാല സ്വദേശിയായ ഗുര്‍നാം സിംഗിന്റെ കൊലപാതകത്തില്‍ കലാശിച്ച സംഭവത്തില്‍ 34 വര്‍ഷത്തിന് ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്. ഗുര്‍നാം സിംഗിന്റെ ബന്ധുക്കള്‍ നല്‍കിയ പുനപരിശോധന ഹരജി പരിഗണിക്കുന്നതിനിടെയാണ് സുപ്രീം കോടതിയുടെ വിധി.

1988ലായിരുന്നു കേസിനാസ്പദമായ സംഭവം. വാഹനത്തെ ചൊല്ലി സിദ്ദുവും മറ്റൊരു യാത്രക്കാരനായ ഗുര്‍നാം സിംഗും തമ്മില്‍ തര്‍ക്കം നടന്നിരുന്നു.

റോഡിന് കുറുകെ യാത്രാതടസ്സം സൃഷ്ടിച്ചുകൊണ്ട് നിര്‍ത്തിയിട്ടിരിക്കുന്ന സിദ്ദുവിന്റെ കാര്‍ നീക്കണമെന്ന് ഗുര്‍നാം സിംഗ് ആവശ്യപ്പെട്ടതാണ് കൊലപാതകത്തില്‍ കലാശിച്ചത്. സിംഗിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം ചികിത്സ തേടാതിരിക്കാന്‍ കാറിന്റെ ചാവിയും സിദ്ദു കൈക്കലാക്കിയിരുന്നു.

1999ല്‍ സിദ്ദുവിനെ കോടതി വെറുതെവിട്ടിരുന്നു. പിന്നീട് 2006ലാണ് മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് സിദ്ദുവിനെ പഞ്ചാബ് ഹരിയാന കോടതി ശിക്ഷിച്ചത്. ഇരുവരില്‍ നിന്നും ഒരു ലക്ഷം രൂപയും കോടതി നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരുന്നു.

ഗുര്‍നാം സിംഗിന്റെ കുടുംബം 2018ല്‍ പുനപരിശോധന ഹരജി സമര്‍പ്പിച്ചിരുന്നു. പിന്നീട് കേസ് സുപ്രീം കോടതി ഏറ്റെടുക്കുകയും സിദ്ദുവിന് ശിക്ഷ വിധിക്കുകയുമായിരുന്നു.

Content Highlight: Navjot singh sidhu gets one year imprisonment in 1988 road rage case