| Monday, 8th April 2024, 10:23 pm

റിയാന്‍ പരാഗുമല്ല, ധ്രുവ് ജുറെലുമല്ല അവനാണ് അടുത്ത ധോണി; ഐ.പി.എല്ലിനിടെ വമ്പന്‍ പ്രസ്താവന

സ്പോര്‍ട്സ് ഡെസ്‌ക്

ഫിനിഷറുടെ റോളിലോ വിക്കറ്റ് കീപ്പറുടെ റോളിലോ മികച്ച പ്രകടനം കാഴ്ചവെക്കുന്ന യുവതാരങ്ങളെ മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയോട് ഉപമിക്കുന്നത് മുന്‍ താരങ്ങളുടെ പതിവാണ്. ധ്രുവ് ജുറെല്‍, റിയാന്‍ പരാഗ് എന്നിവരെ ധോണിയോട് ഉപമിച്ച് മുന്‍ താരങ്ങള്‍ രംഗത്തെത്തിയിരുന്നു.

രാജസ്ഥാന്‍ റോയല്‍സ് സൂപ്പര്‍ താരം ധ്രുവ് ജുറെലിനെ ധോണിയുമായി ഉപമിച്ചത് ഇന്ത്യന്‍ ഇതിഹാംസ സുനില്‍ ഗവാസ്‌കറായിരുന്നു.

‘ധ്രുവ് ജുറെലാണ് അടുത്ത ധോണിയെന്നാണ് ഞാന്‍ കരുതുന്നത്. അവന്‍രെ വിക്കറ്റ് കീപ്പങ് സ്‌കില്ലുകളും സമ്മര്‍ദ ഘട്ടത്തിലെ ബാറ്റിങ്ങുമെല്ലാം ധോണിയെ ഓര്‍മിപ്പിക്കുന്നതാണ്,’ എന്നാണ് ഗവാസ്‌കര്‍ പറഞ്ഞത്.

ഇന്ത്യ – ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരക്കിടെയാണ് ഗവാസ്‌കര്‍ ഇന്ത്യന്‍ യുവതാരത്തെ പുകഴത്തിയത്. എന്നാല്‍ ഈ പ്രശംസ സ്വീകരിക്കാന്‍ ധ്രുവ് ജുറെല്‍ വിമുഖത കാണിച്ചിരുന്നു.

സഞ്ജയ് മഞ്ജരേക്കര്‍ രാജസ്ഥാന്‍ യുവതാരം റിയാന്‍ പരാഗിനെയാണ് ധോണിയോടുപമിച്ചത്.

‘സിക്‌സറുകളും ഫോറുകളും അടിക്കുന്നതിന് മുമ്പ് അവന്‍ ധോണിയെ പോലെ തന്റേതായ സമയമെടുക്കുന്നു,’ എന്നാണ് മഞ്ജരേക്കര്‍ പറഞ്ഞത്.

എന്നാല്‍ മുന്‍ ഇന്ത്യന്‍ താരം നവ്‌ജ്യോത് സിങ് സിദ്ധുവിന്റെ അഭിപ്രായത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം റിങ്കു സിങ്ങാണ് അടുത്ത ധോണി.

‘എനിക്ക് റിങ്കു സിങ്ങിനെ ഒരുപാട് ഇഷ്ടമാണ്. അവന്‍ ധോണിയെ പോലെയാണ് മത്സരങ്ങള്‍ ഫിനിഷ് ചെയ്യുന്നത്. സമ്മര്‍ദഘട്ടങ്ങള്‍ തന്നെ ബാധിക്കാത്തതുപോലെയാണ് അവന്‍ ബാറ്റ് ചെയ്യുന്നത്.

പല ബുദ്ധിമുട്ടേറിയ ഘട്ടങ്ങളിലും അവന്‍ കൊല്‍ക്കത്തയെ വിജയിപ്പിച്ചിട്ടുണ്ട്. ഇന്ത്യക്കൊപ്പവും ഒരു മാച്ച് വിന്നറായി അവന്‍ സ്വയം അടയാളപ്പെടുത്തിയിട്ടുണ്ട്,’ സിദ്ധു പറഞ്ഞു.

റിങ്കു സിങ് ഇന്ത്യക്കായി വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. ഏകദിനത്തിലും ടി-20യിലും ഇന്ത്യക്കായി മാച്ച് വിന്നിങ് പ്രകടനങ്ങളും 26കാരന്‍ പുറത്തെടുത്തിട്ടുണ്ട്.

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലാണ് ജുറെല്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. അതേസമയം, പരാഗ് ഇന്ത്യക്കായി ഇനിയും അരങ്ങേറിയിട്ടില്ല. താരത്തിന് ഉടന്‍ തന്നെ ഇന്ത്യന്‍ ക്യാപ് ലഭിക്കുമെന്ന വിശ്വാസത്തിലാണ് ആരാധകര്‍.

Content Highlight: Navjot Singh Sidhu compares Rinku Singh wit MS Dhoni

Latest Stories

We use cookies to give you the best possible experience. Learn more