2024 ഐ.പി.എല്‍ പ്ലേയോഫില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ എട്ടുവിക്കറ്റിന് തോല്‍പ്പിച്ച് കൊല്‍ക്കത്ത ഫൈനലില്‍ പ്രവേശിച്ചു. ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സ് 19.3 ഓവറില്‍ 159 റണ്‍സിന് തകരുകയായിരുന്നു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കൊല്‍ക്കത്ത 13.4 ഓവറില്‍ 164 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെയും വെങ്കിടേഷ് അയ്യരുടെയും തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയിലാണ് കൊല്‍ക്കത്ത വിജയം അനായാസമാക്കിയത്.
ക്വാളിഫയറിലെ തോല്‍വിയില്‍ ഹൈദരബാദിെന്റ ടീം സെലക്ഷനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് നവജ്യോത് സിങ് സിദ്ദു. ശരിയായ സ്പിന്നര്‍മാരില്ലാത്തതിനാല്‍ ഹൈദരബാദിനെ ഭീരുക്കള്‍ എന്നാണ് സിദ്ദു പറഞ്ഞത്.
‘ആര്‍.സി.ബിയുടെ തെറ്റുകള്‍ എസ്.ആര്‍.എച്ച് ആവര്‍ത്തിക്കുകയാണ്. അവര്‍ക്ക് ടീമില്‍ ശരിയായ സ്പിന്നര്‍മാരില്ല. സ്പിന്നര്‍മാരില്ലാതെയാണ് ബെംഗളൂരു കളിക്കുന്നത്. കര്‍ണ്‍ ശര്‍മയെയും സ്വപ്നില്‍ സിങ്ങിനെയും പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയ നിമിഷം, ഫലങ്ങള്‍ വന്നുതുടങ്ങിയിരുന്നു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിങ്ങള്‍ സ്പിന്നര്‍മാരെ കളിപ്പിച്ചില്ലെങ്കില്‍, നിങ്ങള്‍ കുഴപ്പത്തിലാവും, സ്പിന്നര്‍മാര്‍ക്ക് റണ്‍സ് വഴങ്ങേണ്ടിവരുമെന്ന് കരുതുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഭീരുക്കളാണ്,’ നവ്‌ജ്യോദ് പറഞ്ഞു.
‘പാറ്റ് കമ്മിന്‍സ്, ടി. നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ മാത്രമാണ് പ്ലേയിങ് യൂണിറ്റിലെ ബൗളര്‍മാര്‍. ശേഷിക്കുന്ന എട്ട് ഓവറുകള്‍ ആരാണ് എറിയുക? സീസണില്‍ കെ.കെ.ആര്‍ സ്പിന്നര്‍മാര്‍ 35 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. പക്ഷേ ഹൈദരാബാദ് ഒന്നും തന്നെ പഠിക്കുന്നില്ല,’ നവജ്യോത് സിങ് സിദ്ദു സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ പറഞ്ഞു.
ഇന്ന് ഹൈദരാബാദില്‍ നടക്കാനിരിക്കുന്ന നിര്‍ണായകമായ എലിമിനേറ്റര്‍ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിനെ നേരിടും. ഈ മത്സരത്തില്‍ വിജയിക്കുന്ന ടീമുമായി ഹൈദരാബാദിന് ഒരു മത്സരം കൂടെ അവശേഷിക്കുന്നുണ്ട്. ഐ.പി.എല്ലിലെ രണ്ടാം ഫൈനലിസ്റ്റിനെ തെരഞ്ഞെടുക്കുന്ന നിര്‍ണായകമായ മത്സരമാണിത്.
Content Highlight: Navjot Singh Criticize SRH In IPL 2024