ചണ്ഡിഗഢ്: പഞ്ചാബ് പി.സി.സി അധ്യക്ഷന്‍ നവ്‌ജ്യോത് സിദ്ദുവിനെതിരെ കരുത്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി അകാലി ദള്‍. അകാലി ദള്‍ നേതാവും മുന്‍ കര്‍ഷകമന്ത്രിയുമായിരുന്ന ബിക്രം മജിതിയയാണ് സിദ്ദുവിനോടേറ്റുമുട്ടുന്നത്.
അമൃത്സര്‍ ഈസ്റ്റ് മണ്ഡലത്തിലാണ് ബിക്രം സിദ്ദുവിനോട് കൊമ്പുകോര്‍ക്കാനൊരുങ്ങുന്നത്. നേരത്തെ ബിക്രമിനെ അറസ്റ്റ് ചെയ്യണമെന്ന് ഘോരഘോരം വാദിച്ചയാളാണ് സിദ്ദു.
മയക്കുമരുന്ന് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കാണിച്ചാണ് ബിക്രമിനെ അറസ്റ്റ് ചെയ്യണമെന്ന് സിദ്ദു വാദിച്ചത്. കഴിഞ്ഞ ഡിസംബറില്‍ ബിക്രമിനെതിരെ ആരോപണമുണ്ടാവുകയും മുന്‍കൂര്‍ ജാമ്യം എടുക്കുകയുമായിരുന്നു. കേസ് നിലവില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ അന്വേഷണത്തിലാണ്.
ബിക്രം അറസ്റ്റിലാവുന്നതുവരെ വിശ്രമിക്കില്ല എന്നായിരുന്നു സിദ്ദുവിന്റെ പ്രഖ്യാപനം.
അമൃത്സര്‍ സിദ്ദുവിനെ സംബന്ധിച്ച് സുരക്ഷിത മണ്ഡലമായാണ് കണക്കാക്കുന്നത്. 20217ല്‍ വലിയ മത്സരമില്ലാതെ സിദ്ദു അമൃത്സര്‍ ഈസ്റ്റില്‍ നിന്നും ജയിച്ച് കയറിയിരുന്നു. ആ വിജയം തുടരാനാണ് സിദ്ദു വീണ്ടും അമൃത്സറിലേക്കെത്തിയിരുന്നത്.
എന്നാല്‍ 2017ല്‍ മറ്റൊരു മണ്ഡലത്തില്‍ നിന്നും മത്സരിച്ച് ജയിച്ച ബിക്രം, അമൃത്സര്‍ ഈസ്റ്റ് തന്നെ സംബന്ധിച്ചും സേഫാണെന്നാണ് അവകാശപ്പെടുന്നത്. സിദ്ദുവിനെ തോല്‍പിക്കുമെന്നും, അമൃത്സര്‍ പിടിക്കുമെന്നുമാണ് ബിക്രമിന്റെ അവകാശ വാദം.
എന്നാല്‍ നേതാക്കള്‍ സുരക്ഷിതമെന്ന് കരുതുന്ന മണ്ഡലങ്ങള്‍ അവരെ കൈവിട്ട ചരിത്രവുമുണ്ട്. പഞ്ചാബ് മുഖ്യമന്ത്രിയായിരുന്ന അമരീന്ദറിന് ശക്തികേന്ദ്രം എന്ന് വിശേഷിപ്പിക്കപ്പെട്ട മണ്ഡലമായ ലാംബിയില്‍ നിന്നുമായിരുന്നു തിരിച്ചടി നേരിട്ടത്.
ഇത്തരത്തില്‍ സിദ്ദുവിനെയും അട്ടിമറിക്കാമെന്നാണ് ബിക്രം കരുതുന്നത്. എന്നാല്‍ പഞ്ചാബ് കൈവിടാനൊരുക്കമല്ല എന്നാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം.
ഫെബ്രുവരി 20നാണ് പഞ്ചാബില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന ഏക സംസ്ഥാനമാണ് പഞ്ചാബ്. പഞ്ചാബില്‍ ഭരണം നിലനിര്‍ത്താനും മറ്റ് സംസ്ഥാനങ്ങളില്‍ നിര്‍ണായകശക്തിയാവാനുമാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്.
കോണ്‍ഗ്രസിനും ബി.ജെ.പിക്കും പുറമെ ആം ആദ്മി പാര്‍ട്ടിയും കര്‍ഷക നേതാക്കളുടെ സംയുക്ത സമാജ് മോര്‍ച്ചയും മത്സരരംഗത്തുണ്ട്. ഇതോടെ ശക്തമായ ചതുഷ്‌കോണ മത്സരത്തിനാണ് പഞ്ചാബില്‍ കളമൊരുങ്ങുന്നത്.
Content Highlight: Navjot Sidhu Versus Akali Dal’s Bikram Majithia In Punjab’s Amritsar East Seat