തനിക്കാരോടും ഈഗോയില്ലെന്ന് സിദ്ദു, സിദ്ദു ജനിക്കുന്ന കാലത്ത് താന്‍ അതിര്‍ത്തിയില്‍ യുദ്ധം ചെയ്യുകയായിരുന്നെന്ന് അമരീന്ദര്‍; ഒരു വേദിയില്‍ ഒളിയമ്പെറിഞ്ഞ് നേതാക്കള്‍
national news
തനിക്കാരോടും ഈഗോയില്ലെന്ന് സിദ്ദു, സിദ്ദു ജനിക്കുന്ന കാലത്ത് താന്‍ അതിര്‍ത്തിയില്‍ യുദ്ധം ചെയ്യുകയായിരുന്നെന്ന് അമരീന്ദര്‍; ഒരു വേദിയില്‍ ഒളിയമ്പെറിഞ്ഞ് നേതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd July 2021, 3:21 pm

അമൃത്സര്‍: പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായി നവ്‌ജ്യോത് സിദ്ദു സ്ഥാനമേറ്റു. ചടങ്ങുനടക്കുന്ന വേദിയില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും ഉണ്ടായിരുന്നു. പ്രസംഗത്തിനിടെ സിദ്ദു അമരീന്ദറിന് നേരെ പരോക്ഷമായി വിമര്‍ശനം നടത്തി.

” ഞാന്‍ നിങ്ങളുമായി തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും. എനിക്ക് യാതൊരു ഈഗോയുമില്ല,” സിദ്ദു പറഞ്ഞു. അമരീന്ദറിനെ കൂടി ഉദ്ദേശിച്ചുകൊണ്ടാണ് സിദ്ദുവിന്റെ വാക്കുകള്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്.

പ്രതിപക്ഷം പറയുന്നതുപോലെ കോണ്‍ഗ്രസിനകത്ത് തമ്മില്‍ത്തല്ലില്ലെന്നും കോണ്‍ഗ്രസുകാര്‍ ഒറ്റക്കെട്ടാണെന്നും സിദ്ദു പറഞ്ഞു.

അധികം സംസാരിക്കരുതെന്നും പക്ഷേ സംസാരിക്കുമ്പോള്‍ സ്‌ഫോടനാത്മകമായി സംസാരിക്കുണമെന്നും സിദ്ദു പറഞ്ഞു.

സിദ്ദു ജനിക്കുമ്പോള്‍ താന്‍ അതിര്‍ത്തിയില്‍ യുദ്ധം ചെയ്യുകയായിരുന്നു എന്നാണ് ചടങ്ങില്‍ നേരത്തെ സംസാരിച്ച അമരീന്ദര്‍ പറഞ്ഞത്.

ഞായറാഴ്ചയാണ് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി സിദ്ദുവിനെ സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുത്തത്.

അമരീന്ദറും നവ്ജ്യോത് സിംഗ് സിദ്ദുവും തമ്മിലുള്ള പ്രശ്നം രൂക്ഷമാകുന്നതിനിടെയാണ് പഞ്ചാബ് പി.സി.സി. അധ്യക്ഷനായി സിദ്ദുവിനെ ഉന്നത നേതൃത്വം നിയമിച്ചത്.

സോണിയാ ഗാന്ധിയുടെ തീരുമാനം അംഗീകരിക്കുമെന്ന് പറഞ്ഞെങ്കിലും സിദ്ദു പരസ്യമായി മാപ്പു പറയണമെന്ന നിലപാടാണ് അമരീന്ദര്‍ എടുത്തത്. ഇത് കഴിയില്ലെന്ന് സിദ്ദു പക്ഷം പറഞ്ഞിരുന്നു.

സിദ്ദുവല്ല പകരം തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാത്ത മുഖ്യമന്ത്രിയാണ് തന്റെ അഹംഭാവം കളഞ്ഞ് ജനങ്ങളോട് മാപ്പ് പറയേണ്ടതെന്ന് സിദ്ദു ക്യാംപ് പറഞ്ഞു.

സിദ്ദു ഇപ്പോള്‍ പഞ്ചാബ് കോണ്‍ഗ്രസിന്റെ അധ്യക്ഷനാണെന്നും അതുകൊണ്ടുതന്നെ മാപ്പ് പറയേണ്ട ആവശ്യമില്ലെന്നുമാണ് സിദ്ദുവിന്റെ പക്ഷത്തുള്ള എം.എല്‍.എമാരുടെ വാദം.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Navjot Sidhu Says “Those Who Oppose Me Make Me Better”. Captain On Stage