ന്യൂദല്‍ഹി: കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ സന്ദര്‍ശിക്കാന്‍ ഒരുങ്ങി നവ്‌ജ്യോത് സിംഗ് സിദ്ദു. സിദ്ദു പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് കൂടിക്കാഴ്ച.
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും സിദ്ദുവും തമ്മിലുള്ള അഭിപ്രായഭിന്നത രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സിദ്ദുവിനെ പാര്‍ട്ടി അധ്യക്ഷനാക്കാനുള്ള തീരുമാനം ഉണ്ടാവുന്നത്.
എന്നാല്‍ ഈ പരിഹാര സമവാക്യം പാര്‍ട്ടിക്കുള്ളില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരിക്കുകയാണ്. സിദ്ദുവിനെ അധ്യക്ഷനാക്കുന്നതില്‍ ഉള്ള എതിര്‍പ്പ് അമരീന്ദര്‍ പ്രകടപ്പിച്ചിട്ടുണ്ട്.
സിദ്ദുവിനോട് രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും പ്രത്യേക താല്പര്യം ഉണ്ട്. അതുകൊണ്ടുതന്നെ അമരീന്ദറിന്റെ എതിര്‍പ്പുകൊണ്ട് ഫലമുണ്ടാകുമോ എന്ന കാര്യത്തില്‍ സംശയമാണ്.
അമരീന്ദര്‍ സിംഗ് നേരത്തെ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഹൈക്കമാന്റ് എന്തുതീരുമാനം എടുത്താലും അംഗീകരിക്കുമെന്നും അദ്ദേഹം മുന്‍പ് പറഞ്ഞിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്‍പ് സംസ്ഥാനത്തെ പ്രശ്‌നം തീര്‍ക്കാനുള്ള നെട്ടോട്ടത്തിലാണ് കോണ്‍ഗ്രസ്. സിദ്ദുവിനേയും അമരീന്ദറിനേയും ഒരേപോലെ പരിഗണിച്ച് പിണക്കാതെ കൂടെ നിര്‍ത്തുക എന്നത് കോണ്‍ഗ്രസിന് ഭാരപ്പെട്ട പണിയാണ്.
അമരീന്ദര്‍ സിംഗിന്റെ ശക്തമായ പ്രവര്‍ത്തനത്തിന്റെ ഫലമായിട്ടാണ് പഞ്ചാബില്‍ കോണ്‍ഗ്രസിന് മികച്ച വിജയം ലഭിച്ചത്. സിദ്ദുവിനും സംസ്ഥാനത്ത് നല്ല ജനപ്രീതിയുണ്ട്. രണ്ട് നേതാക്കളേയും തള്ളിക്കളയാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല.