നവജ്യോത് സിങ് സിദ്ദുവിനെ വീഴ്ത്തി അമരീന്ദര്‍ സിങ്; സിദ്ദുവിനെ എട്ട് ഉപദേശക സമിതികളില്‍ നിന്നും നീക്കി
national news
നവജ്യോത് സിങ് സിദ്ദുവിനെ വീഴ്ത്തി അമരീന്ദര്‍ സിങ്; സിദ്ദുവിനെ എട്ട് ഉപദേശക സമിതികളില്‍ നിന്നും നീക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 9th June 2019, 12:18 pm

പഞ്ചാബ്: മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങുമായി ഇടഞ്ഞുനില്‍ക്കുന്ന മന്ത്രി നവജ്യോത് സിങ് സിദ്ദുവിനെ എട്ട് ഉപദേശക സമിതികളില്‍ നിന്നും സര്‍ക്കാര്‍ നീക്കി. തദ്ദേശസ്വയംഭരണ വകുപ്പ് സിദ്ദുവില്‍ നിന്ന് എടുത്തുമാറ്റിയതിന് പിന്നാലെയാണ് നടപടി.

മന്ത്രിമാരുടെ വകുപ്പുകള്‍ പുനസംഘടിപ്പിച്ചപ്പോള്‍ താരതമ്യേന ചെറിയ വകുപ്പായ ഊര്‍ജവകുപ്പ് മാത്രമാണ് സിദ്ദുവിന് നല്‍കിയത്. എന്നാല്‍ സിദ്ദു വകുപ്പ് മന്ത്രിയായി ചുമതല ഏറ്റെടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് എട്ട് ഉപദേശക സമിതികളില്‍ നിന്നും സിദ്ദുവിനെ നീക്കിയത്.

രണ്ടുവര്‍ഷമായി അമരീന്ദറും സിദ്ദുവും സ്വരച്ചേര്‍ച്ചയിലല്ല. ലോക്സഭാ തെരഞ്ഞെടുപ്പോടെ പരസ്യപ്രസ്താവനകളിലൂടെ അത് മൂര്‍ച്ചിക്കുകയും ചെയ്തിരുന്നു.

തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പുള്ള സിദ്ദുവിന്റെ ഉത്തരവാദിത്തമില്ലാത്ത നടപടികള്‍ കോണ്‍ഗ്രസിനു ദോഷം ചെയ്തെന്ന് അമരീന്ദര്‍ കുറ്റപ്പെടുത്തിയിരുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 13 ല്‍ എട്ടു സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ പഞ്ചാബിലെ നഗരമേഖലകളില്‍ കോണ്‍ഗ്രസിനേറ്റ പരാജയം സിദ്ദുവിന്റെ മോശം പ്രവര്‍ത്തനം മൂലമാണെന്നും അമരീന്ദര്‍ വിമര്‍ശിച്ചിരുന്നു. സിദ്ദുവിന് മുഖ്യമന്ത്രിയാകാനുള്ള അത്യാഗ്രഹമാണെന്നും അദ്ദേഹം യഥാര്‍ഥ കോണ്‍ഗ്രസുകാരനല്ലെന്നും അമരീന്ദര്‍ പറഞ്ഞിരുന്നു.

നഗരമേഖലകളാണ് പാര്‍ട്ടിയുടെ വിജയത്തില്‍ പ്രധാന പങ്കു വഹിച്ചതെന്നും അനാവശ്യ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്നും സിദ്ദു മറുപടി പറയുകയും ചെയ്തിരുന്നു.