| Thursday, 10th March 2022, 1:56 pm

ജനങ്ങളുടെ ശബ്ദം ദൈവത്തിന്റെ ശബ്ദം, വിനയപൂര്‍വ്വം സ്വീകരിക്കുന്നു; എ.എ.പിക്ക് അഭിനന്ദനവുമായി കോണ്‍ഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമൃത്സര്‍: പഞ്ചാബില്‍ തോല്‍വി സമ്മതിച്ച് കോണ്‍ഗ്രസ്. ആംആദ്മി പാര്‍ട്ടി ലീഡ് നില ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടിയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് നവ്‌ജ്യോത് സിംഗ് സിദ്ദു രംഗത്തെത്തി.

‘ജനങ്ങളുടെ ശബ്ദം ദൈവത്തിന്റെ ശബ്ദമാണ്. പഞ്ചാബിലെ ജനങ്ങളുടെ ജനവിധി വിനയപൂര്‍വ്വം സ്വീകരിക്കുന്നു. എ.എ.പിക്ക് അഭിനന്ദനങ്ങള്‍,’ നവ്‌ജ്യോത് സിദ്ദു ട്വീറ്റ് ചെയ്തു.

അതേസമയം, പഞ്ചാബിലെ ജനങ്ങള്‍ക്ക് അഭിനന്ദനവുമായി ആംആദ്മി നേതാവ് അരവിന്ദ് കെജ്‌രിവാളും രംഗത്തെത്തി.

നിലവില്‍ 91 സീറ്റുകളിലാണ് ആംആദ്മി മുന്നിട്ട് നില്‍ക്കുന്നത്. 17 സീറ്റിലാണ് കോണ്‍ഗ്രസ് മുന്നില്‍.
117 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് മത്സരിച്ച രണ്ട് സീറ്റുകളിലും പിന്നിലാണ്.

സിറ്റിംഗ് സീറ്റായ ചംകൗര്‍ സാഹേബ് മണ്ഡലത്തിലും ഇതിന് പുറമെ മത്സരിച്ച ബാദൗര്‍ മണ്ഡലത്തിലുമാണ് ചന്നി പിന്നിട്ടു നില്‍ക്കുന്നത്.

നവ്ജ്യോത് സിംഗ് സിദ്ദുവും പുറകിലാണ്. സിറ്റിംഗ് സീറ്റായ അമൃത്സര്‍ ഈസ്റ്റിലാണ് സിദ്ദു പുറകില്‍ നില്‍ക്കുന്നത്.

Content Highlights: Navjot Sidhu Congratulates AAP: “Voice Of People Is Voice Of God”

We use cookies to give you the best possible experience. Learn more