| Tuesday, 28th April 2020, 8:45 am

ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ യുദ്ധക്കപ്പലുകള്‍ സജ്ജം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗള്‍ഫ് രാജ്യങ്ങളിലുള്ള ഇന്ത്യന്‍ പൗരന്‍മാരെ തിരികെയെത്തിക്കാന്‍ നാവിക സേന സജ്ജമായി. സേനയുടെ മൂന്ന് യുദ്ധക്കപ്പലുകളാണ് ഇന്ത്യക്കാരെ തിരികെയെത്തിക്കാനായി തയ്യാറായിരിക്കുന്നത്.ഐ.എന്‍.എസ് ജലാശ്വ എന്ന വലിയ കപ്പലും കുംഭിര്‍ ക്ലാസില്‍പെട്ട രണ്ട് ടാങ്ക് ലാന്‍ഡിംഗ് കപ്പലുകളുമാണ് നിലവില്‍ ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ ഉപയോഗിക്കുന്നത്.
ഇവയ്ക്ക് പുറമെ ആവശ്യം വന്നാല്‍ ഉപയോഗിക്കാന്‍ എട്ട് ടാങ്ക് കപ്പലുകളും സജ്ജമാണ്.

1000 പേരെ ഉള്‍ക്കൊള്ളുന്ന ഐ.എന്‍.എസ് ജലാശ്വയില്‍ സാമൂഹിക അകലം പാലിച്ചാല്‍ 850 പേര്‍ക്ക് യാത്ര ചെയ്യാം. മറ്റ് രണ്ട് കപ്പലുകളില്‍ നൂറോളം പേരെ ഉള്‍ക്കൊള്ളാനാവും. കേന്ദ്ര നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കപ്പലുകള്‍ തയ്യാറായിരിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശം ലഭിച്ചാല്‍ ഇവ ഗള്‍ഫ് രാജ്യങ്ങളിലേക്ക് നീങ്ങും. വ്യത്യസ്ത തുറമുഖങ്ങള്‍ക്കനുസരിച്ച് നാലോ അഞ്ചോ ദിവസം വരെ എടുക്കും ഇവ ഗള്‍ഫ് രാജ്യങ്ങളിലെ തീരത്തെത്താന്‍.

ആദ്യ ഘട്ടത്തില്‍ അടിയന്തരമായി നാട്ടിലെത്തേണ്ട ഇന്ത്യക്കാരെയാണ് ഒഴിപ്പിക്കുക. കുടുംബത്തിലുള്ള അത്യാഹിതങ്ങള്‍ , തൊഴില്‍ പെര്‍മിറ്റ് കാലവധി അവസാനിക്കല്‍, ജോലി നഷ്ടം തുടങ്ങിയവ ഇക്കാര്യത്തില്‍ പരിഗണിക്കും. നിലവില്‍ കപ്പലുകളാണ് ഗള്‍ഫിലേക്ക് പോവാന്‍ സജ്ജമായിരിക്കുന്നത്. ഇതിനൊപ്പം വിമാനങ്ങളും ആവശ്യമെങ്കില്‍ സജ്ജമാക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more