മുംബൈ: പുതിയ നവി മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് ശിവസേന സ്ഥാപക മേധാവി ബാല്‍ താക്കറെയുടെ പേര് നല്‍കുന്നതിനെതിരെ വ്യാപക പ്രതിഷേധം. ബാല്‍ താക്കറെയ്ക്ക് പകരം ഇടതുനേതാവായ നേതാവായ ഡി.ബി. പാട്ടീലിന്റെ പേര് നല്‍കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
പ്രദേശവാസികളായ ആയിരക്കണക്കിന് പേരാണ് നവി മുംബൈ, റായ്ഗഡ്, താനേ, പാല്‍ഘാര്‍ എന്നിവിടങ്ങളില്‍ പ്രതിഷേധവുമായെത്തിയത്.
റായ്ഗഡ് ജില്ലയിലെ ജസായ് ഗ്രാമത്തില്‍ ജനിച്ച ഡിന്‍കര്‍ ബാലു പട്ടീല്‍ എന്ന ഡി.ബി. പാട്ടീല്‍ 1957 മുതല്‍ 1980 വരെ പന്‍വേലിലെ എം.എല്‍.എയായിരുന്നു. 1977 മുതല്‍ 84 വരെ കൊളാബയില്‍ നിന്നും പാര്‍ലമെന്റിലെത്തിയതും പട്ടീലായിരുന്നു. മഹാരാഷ്ട്രയില്‍ രണ്ട് തവണ അദ്ദേഹം പ്രതിപക്ഷനേതാവുമായിട്ടുണ്ട്.
പെസന്റ്‌സ് ആന്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന ഇടതുപക്ഷ പാര്‍ട്ടിയിലായിരുന്നു ഡി.ബി. പാട്ടീല്‍ പ്രവര്‍ത്തിച്ചിരുന്നത്. പാര്‍ട്ടിയുടെ സമ്മുന്നതനായ നേതാവായിരുന്നു അദ്ദേഹം.
കര്‍ഷകകുടുംബത്തില്‍ ജനിച്ച പാട്ടീല്‍ കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കും ഭൂമിയില്‍ അവകാശം നേടിയെടുക്കുന്നതിനായി വലിയ സമരങ്ങള്‍ നയിച്ചിരുന്നു. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കുടിയൊഴിപ്പിക്കുന്നവര്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം ലഭിക്കുന്നതിന് വേണ്ടി നടത്തിയ സമരങ്ങളുടെ പേരിലാണ് ജനങ്ങള്‍ പാട്ടീലിനെ ഇന്നും ഓര്‍ക്കുന്നത്.
1984ല്‍ പാട്ടീലിന്റെ നേതൃത്വത്തില്‍ നടന്ന കര്‍ഷകസമരത്തിന് ശേഷമാണ് വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഭൂമിയേറ്റെടുക്കുമ്പോള്‍ പ്രദേശത്തെ കര്‍ഷകര്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ കൂടി ഭൂമി വിനിയോഗിക്കാനുള്ള നടപടികളുണ്ടാകുന്നത്. അന്നുണ്ടായ നിയമം പിന്നീട് മഹാരാഷ്ട്രയില്‍ മുഴുവന്‍ നടപ്പിലാക്കുകയായിരുന്നു.
‘കര്‍ഷകരെയോ തൊഴിലാളികളെയോ അല്ലെങ്കില്‍ ഭൂവുടമകളെയോ ബാധിക്കുന്ന എന്ത് പ്രശ്‌നം വന്നാലും ആദ്യം മുന്നിലുണ്ടാവുക ഡി.ബി. പാട്ടീലായിരുന്നു. അദ്ദേഹം മൂലമാണ് ഇവിടെ കര്‍ഷകര്‍ക്കും ഭൂവുടമകള്‍ക്കും നീതി ലഭിച്ചത്. പൊതുസമ്മതനായ നേതാവായിരുന്നു അദ്ദേഹം,’ നവി മുംബൈ എയര്‍പോര്‍ട്ട് ഓള്‍ പാര്‍ട്ടി ആക്ഷന്‍ കമ്മിറ്റി പ്രസിഡന്റ് ദശരഥ് പാട്ടീല്‍ പറഞ്ഞു.
ഇന്ന് വിമാനത്താവളം നിര്‍മ്മിക്കുന്ന ഈ പ്രദേശത്തിന് വേണ്ടി അക്ഷീണം പ്രയത്‌നിച്ച നേതാവിന്റെ പേരില്‍ തന്നെയായിരിക്കണം വിമാനത്താവളം അറിയപ്പെടേണ്ടതെന്നും ദശരഥ് പാട്ടീല്‍ കൂട്ടിച്ചേര്‍ത്തു. ഡി.ബി. പാട്ടീലിന്റെ പേര് നല്‍കണമെന്നാവശ്യപ്പെട്ട് ബി.ജെ.പിയും രംഗത്തുവന്നിട്ടുണ്ട്.
തന്റെ ജീവിതകാലം മുഴുവന്‍ ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച ഡി.ബി. പാട്ടീലിന്റെ സ്മരണക്കായി ഒന്നുംതന്നെ ഇതുവരെയും മഹാരാഷ്ട്രയില്‍ നിര്‍മ്മിച്ചിട്ടില്ല. ബാല്‍ താക്കറെയുടെ പേര് സമൃദ്ധി ഹൈവേയ്ക്ക് നല്‍കിയിട്ടുമുണ്ട്. അതുകൊണ്ട് തന്നെ ഈ വിമാനത്താവളത്തിന് ഡി.ബി. പട്ടീലിന്റെ പേര് നല്‍കുന്നതാണ് ഏറ്റവും ഉചിതമായ നടപടിയെന്നും ബി.ജെ.പി എം.എല്‍.എ പ്രശാന്ത് ഠാക്കുര്‍ പറഞ്ഞു.