ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയും അഫ്ഗാനിസ്ഥാന്‍ താരം നവീന്‍ ഉള്‍ ഹഖും തമ്മില്‍ 2023 ഐ.പി.എല്‍ സീസണില്‍ കളിക്കളത്തില്‍ വാക്ക്‌പോര് നടന്നിരുന്നു.
ഇപ്പോഴിതാ ആ സംഭവത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് നവീന്‍. എല്‍.എസ്.ജിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അഫ്ഗാന്‍ താരം.
ഒരു കളിക്കാരന്‍ എന്ന നിലയില്‍ കോഹ്ലിയെ ബഹുമാനിക്കുന്നുവെന്നും വിരാടിനോട് ഒരിക്കലും മോശമായ വികാരങ്ങള്‍ ഉണ്ടായിരുന്നില്ലെന്നുമാണ് നവീന്‍ പറഞ്ഞത്.
‘ഒരു കളിക്കാരന്‍ എന്ന നിലയില്‍ ഞാന്‍ വിരാട് കോഹ്‌ലിയെ വളരെയധികം ബഹുമാനിക്കുന്നു. അദ്ദേഹം ഇപ്പോഴും മികച്ച പ്രകടനമാണ് കളിക്കളത്തില്‍ പുറത്തെടുക്കുന്നത്. ലോകകപ്പില്‍ വീണ്ടും ഞങ്ങള്‍ പരസ്പരം സംസാരിച്ചു അപ്പോള്‍ കോഹ്‌ലി എന്നോട് നമ്മുടെ അഭിപ്രായ വ്യത്യാസങ്ങള്‍ എല്ലാം അവസാനിപ്പിക്കാമെന്ന് പറഞ്ഞു. ആ സമയത്ത് ഞാനത് സമ്മതിക്കുകയും ചെയ്തു.
അന്ന് ഐ.പി.എല്ലില്‍ സംഭവിച്ചത് പോലെ വീണ്ടും ഞങ്ങള്‍ കളിക്കളത്തില്‍ കണ്ടുമുട്ടുമ്പോള്‍ കോഹ്‌ലിയെ സ്ലെഡ്ജ് ചെയ്യാനോ ഒന്നും പറയുമെന്നോ ഞാന്‍ കരുതിയിരുന്നില്ല. ലോകകപ്പില്‍ ഞങ്ങള്‍ വീണ്ടും മുഖാമുഖം വന്നപ്പോള്‍ തന്റെ പേര് പറഞ്ഞ് കോഹ്‌ലിയെ കളിയാക്കുന്നത് നിര്‍ത്താന്‍ അദ്ദേഹം പറഞ്ഞു,’ നവീന്‍ ഉള്‍ ഹക്ക് പറഞ്ഞു.
2023 ഐ.പി.എല്‍ സീസണില്‍ ലഖ്‌നൗ വാജ്‌പോയ് സ്റ്റേഡിയത്തില്‍ നടന്ന റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള മത്സരത്തിലായിരുന്നു സംഭവം നടന്നത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബംഗളൂരു ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലഖ്‌നൗവിന്റെ ബാറ്റിങ്ങിനിടെയായിരുന്നു നവീനും കോഹ്‌ലിയും തമ്മില്‍ ഏറ്റുമുട്ടിയത്. മത്സര ശേഷം ഇരുതാരങ്ങളും കൈ കൊടുക്കുന്നതിനിടയില്‍ വീണ്ടും പ്രശ്‌നം ഉണ്ടായി. തുടര്‍ന്ന് മത്സരശേഷം സോഷ്യല്‍ മീഡിയകളിലും ഈ പോരാട്ടം നീണ്ടു നിന്നു.
എന്നാല്‍ കഴിഞ്ഞ ഐ.സി.സി ഏകദിന ലോകകപ്പില്‍ ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മത്സരത്തിനു ശേഷം നവീനും കോഹ്‌ലിയും പരസ്പരം ആലിംഗനം ചെയ്യുകയും ചെയ്തിരുന്നു.
Content Highlight: Naveen ul haq talks about Virat kohli.