| Wednesday, 24th May 2023, 9:33 pm

രോഹിത്തിന്റെ ഉടയോനെന്ന് ആരാധകര്‍; മാങ്ങ തീറ്റ മാത്രമല്ല, ഇജ്ജാദി സെലിബ്രേഷനും; തരംഗമായി വിരാടിന്റെ ശത്രു

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ എലിമിനേറ്റര്‍ മത്സരത്തില്‍ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഹോം ഗ്രൗണ്ടായ ചെപ്പോക്കില്‍ വെച്ചാണ് മത്സരം നടക്കുന്നത്.

നേരത്തെ ടോസ് നേടിയ രോഹിത് ശര്‍മ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് മുംബൈ നേടിയത്.

ഓപ്പണര്‍മാര്‍ രണ്ട് പേര്‍ക്കും കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ വന്നതോടെ മുംബൈ തുടക്കത്തിലേ പതറിയിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ വിക്കറ്റാണ് മുംബൈ ഇന്ത്യന്‍സിന് ആദ്യം നഷ്ടമായത്. നവീന്‍ ഉള്‍ ഹഖിന്റെ പന്തില്‍ ആയുഷ് ബദോനിക്ക് ക്യാച്ച് നല്‍കിയാണ് രോഹിത് പുറത്തായത്. പുറത്താകുമ്പോള്‍ 10 പന്തില്‍ നിന്നും 11 റണ്‍സായിരുന്നു രോഹിത്തിന്റെ സമ്പാദ്യം.

രോഹിത്തിനെ പുറത്താക്കിയതിന് ശേഷമുള്ള നവീനിന്റെ വിക്കറ്റ് സെലിബ്രേഷനാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചകളിലൊന്ന്. ചൂണ്ടുവിരല്‍ കൊണ്ട് ചെവി പൊത്തി കണ്ണടച്ചാണ് താരം വിക്കറ്റ് നേട്ടം ആഘോഷമാക്കിയത്.

നവീന്റെ ഈ സെലിബ്രേഷന്‍ കണ്ട കമന്റേറ്റര്‍മാരും ഒരുവേള സംശയത്തിലായി. ഈ സെലിബ്രേഷന്‍ കൊണ്ട് താരമെന്താണ് ഉദ്ദേശിക്കുന്നതെന്ന് തങ്ങള്‍ക്ക് മനസിലാകുന്നില്ല എന്നാണ് കമന്ററി ടീം പറഞ്ഞത്.

സംഭവമെന്ത് തന്നെയായാലും ഈ സെലിബ്രേഷന്‍ സോഷ്യല്‍ മീഡിയയെ ചൂടുപിടിപ്പിച്ചിരിക്കുകയാണ്. നേരത്തെ നവീന്‍ – വിരാട് തര്‍ക്കത്തിലേതെന്ന പോലെ സോഷ്യല്‍ മീഡിയ നവീന്റെ വിക്കറ്റ് നേട്ടവും ആഘോഷമാക്കുകയാണ്.

മത്സരത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞ് 38 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് നവീന്‍ നേടിയത്. രോഹിത്തിന് പുറമെ കാമറൂണ്‍ ഗ്രീന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ എന്നിവരെയാണ് നവീന്‍ മടക്കിയത്.

മുംബൈക്കെതിരെ വിജയിച്ച് രണ്ടാം ക്വാളിഫയറിലേക്ക് കുതിക്കാന്‍ തന്നെയാകും ലഖ്‌നൗ ഒരുങ്ങുക. കഴിഞ്ഞ സീസണില്‍ എലിമിനേറ്ററില്‍ പുറത്താകേണ്ടി വന്നതിന്റെ ഓര്‍മകളും സൂപ്പര്‍ ജയന്റ്‌സിനുണ്ടാകും.

ഈ മത്സരത്തില്‍ വിജയിക്കുന്ന ടീം രണ്ടാം ക്വാളിഫയറിന് യോഗ്യത നേടുകയും ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ കളിക്കുകയും ചെയ്യും. രണ്ടാം ക്വാളിഫയറില്‍ വിജയിക്കുന്ന ടീം മെയ് 28ന് നടക്കുന്ന ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും.

Content Highlight: Naveen Ul Haq’s wicket celebration goes viral

We use cookies to give you the best possible experience. Learn more