ഇന്നലെ എകാന സ്പോര്‍ട്സ് സിറ്റിയില്‍ നടന്ന ഐ.പി.എല്‍ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് 98 റണ്‍സിന്റെ വമ്പന്‍ വിജയമാണ് സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നേടിയ ലഖ്നൗ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സ് ആണ് നേടിയത്. സുനില്‍ നരെയ്ന്‍ കാഴ്ചവച്ച മിന്നും പ്രകടനത്തിലാണ് കൊല്‍ക്കത്ത വമ്പന്‍ സ്‌കോറിലേക്ക് കുതിച്ചത്. എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ ലഖ്നൗ 16.1 ഓവറില്‍ 137 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.
സുനില്‍ നരെയ്ന്‍ കാഴ്ചവച്ച മിന്നും പ്രകടനത്തിലാണ് കൊല്‍ക്കത്ത വമ്പന്‍ സ്‌കോറിലേക്ക് കുതിച്ചത്. 39 പന്തില്‍ നിന്ന് 7 സിക്സും ആറ് ഫോറും ഉള്‍പ്പെടെ 81 റണ്‍സ് ആണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. 207.69 എന്ന കിടിലന്‍ സ്ട്രൈക്ക് റേറ്റിലായിരുന്നു നരെയ്ന്‍ ബൗളര്‍മാരെ അടിച്ചിട്ടത്.
എന്നാല്‍ മത്സര ശേഷം നരെയ്‌നെ പ്രശംസിച്ച് എല്‍.എസ്.ജി പേസര്‍ നവീന്‍ ഉള്‍ ഹഖ് സംസാരിച്ചിരുന്നു. എത്ര ശ്രമിച്ചിട്ടും നരെയ്നെ പുറത്താക്കാന്‍ ടീമിന് കഴിഞ്ഞില്ലെന്ന് മത്സരശേഷം നവീന്‍ ഉള്‍ ഹഖ് പറഞ്ഞു.
‘നരെയ്‌നെ നേരിടാന്‍ ഞങ്ങള്‍ ഒരുപാട് പ്ലാന്‍ ചെയ്തു. യോര്‍ക്കറുകളും ബൗണ്‍സറുകളും ഉപയോഗിച്ച് കാര്യങ്ങള്‍ മാറ്റിമറിക്കാന്‍ ഞങ്ങള്‍ ശ്രമിച്ചെങ്കിലും അവനെതിരെ ഒന്നും നടന്നില്ല. സത്യം പറഞ്ഞാല്‍, അതൊരു മികച്ച ഇന്നിങ്സായിരുന്നു. അദ്ദേഹം പന്ത് നന്നായി മിഡില്‍ ചെയ്തു. ഐ.പി.എല്ലിന്റെ തുടക്കം മുതല്‍ അദ്ദേഹം മികച്ച കണക്ഷനിലാണ്,’ നവീന്‍ പറഞ്ഞു.
മത്സരത്തിലെ പരാജയത്തെക്കുറിച്ചും താരം സംസാരിച്ചിരുന്നു.
‘ഞങ്ങള്‍ ലഖ്‌നൗവില്‍ കളിച്ച മത്സരങ്ങളില്‍ ബാറ്റ് ചെയ്യാന്‍ പറ്റിയിരുന്നു. പക്ഷെ ഞങ്ങള്‍ പരാജയപ്പെട്ടു. ട്രാക്കില്‍ ബൗളര്‍മാര്‍ക്ക് ഒന്നും ചെയ്യാന്‍ സാധിച്ചില്ല. എല്ലാ ടീമുകള്‍ക്കും ഒരു മോശം ദിവസമുണ്ട്, നമ്മള്‍ മുന്നോട്ട് പോകണം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിജയത്തോടെ കെ.കെ.ആര്‍ ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ലഖ്‌നൗ അഞ്ചാം സ്ഥാനം നിലനിര്‍ത്തി. 16 പോയിന്റുമായി രാജസ്ഥാന്‍ രണ്ടാം സ്ഥാനത്തുണ്ട്.
Content Highlight: Naveen Ul Haq Praises Sunil Narine