ഭുവനേശ്വര്‍: ഒഡിഷയിലെ 169 സമുദായങ്ങളെ എസ്.ടി (പട്ടികവർഗ) പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ നവീന്‍ പട്നായിക്. സംസ്ഥാനത്തെ ആദിവാസി ഭാഷകളെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തണമെന്നും നവീന്‍ പട്നായിക് ആവശ്യപ്പെട്ടു.
പാര്‍ട്ടി ആസ്ഥാനത്ത് നടന്ന ലോക തദ്ദേശീയ ദിനാചരണ പരിപാടിയില്‍ പങ്കെടുക്കവെയാണ് പട്നായിക് ആവശ്യമുന്നയിച്ചത്.
ഒഡിഷയിലെ 169 സമുദായങ്ങളെ എസ്.ടി പട്ടികയില്‍ ലയിപ്പിക്കണമെന്ന് ബി.ജെ.ഡി സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് പലപ്പോഴായി ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലുള്ള വിഷയം കൂടിയാണിതെന്നും പട്നായിക് പറഞ്ഞു.
ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ സംസ്ഥാനത്തെ ഹോ, മുണ്ടാരി, ഭൂമിജ്, സൗര തുടങ്ങിയ വിവിധ ഗോത്ര ഭാഷകള്‍ ഉള്‍പ്പെടുത്തണമെന്നും ഭരണത്തിലിരിക്കെ കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും പട്നായിക് ചൂണ്ടിക്കാട്ടി.
ഗോത്ര സംസ്‌കാരം നിലനിര്‍ത്താന്‍ തന്റെ നേതൃത്വത്തിലുണ്ടായിരുന്ന ബി.ജെ.ഡി സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പട്നായിക് പറഞ്ഞു. ബി.ജെ.ഡി സര്‍ക്കാരിന്റെ ശ്രമഫലമായി സംസ്ഥാനത്തെ നിരവധി സ്ഥാപനങ്ങള്‍ക്ക് പ്രമുഖരായ ഗോത്ര നേതാക്കളുടെ പേരുകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗോത്ര സംസ്‌കാരം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ബി.ജെ.ഡി സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക കൗണ്‍സില്‍, സംസ്ഥാനത്തെ വിവിധ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്കായി ധാരാളം ഹോസ്റ്റലുകള്‍ നിര്‍മിച്ചിരുന്നെന്നും മുന്‍ മുഖ്യമന്ത്രി പറഞ്ഞു.
ഒഡീഷയിലെ ജനസംഖ്യയുടെ 25 ശതമാനത്തോളം ഗോത്രവര്‍ഗക്കാരാണ്. പ്രധാനപ്പെട്ട 64 ഗോത്രങ്ങളും 13 ദുര്‍ബലരായ ഗോത്ര വിഭാഗങ്ങളും സംസ്ഥാനത്ത് താമസിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
തങ്ങളുടെ ആദിവാസി സഹോദരങ്ങളെ ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നും അവരുടെ തനതായ വ്യക്തിത്വ വികസനത്തിനും സംരക്ഷണത്തിനുമുള്ള ശ്രമങ്ങള്‍ ബി.ജെ.ഡി തുടരുമെന്നും പട്നായിക് പറഞ്ഞു.
Content Highlight: Naveen Patnaik wants to include 169 communities in Odisha in the ST list