ഭുവനേശ്വര്‍: മുഖ്യമന്ത്രി നവീന്‍ പട്‌നായികിന് ഒഡീഷയില്‍ ഭരണം നഷ്ടമായി. 24 വര്‍ഷത്തിന് ശേഷമാണ് ഒഡീഷയില്‍ നവീന്‍ പട്‌നായികിന് അധികാരം നഷ്ടമാകുന്നത്.
ഒഡീഷയില്‍ 147 അംഗ നിയമസഭയില്‍ 78 സീറ്റുകള്‍ നേടി ബി.ജെ.പി ഭൂരിപക്ഷം കൈവരിച്ചു. ഭരണകക്ഷിയായ ബിജു ജനതാദളിന് 51 സീറ്റ് മാത്രമാണ് നേടാനായത്. 2019 നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.ഡി 113 സീറ്റുകള്‍ നേടിയിരുന്നു. എന്നാല്‍ അന്ന് ബി.ജെ.പിക്ക് 23 സീറ്റുകളും കോണ്‍ഗ്രസിന് 9 സീറ്റുകളുമാണ് ലഭിച്ചത്. ആ സ്ഥാനത്താണ് പാര്‍ട്ടിക്ക് വലിയൊരു തിരിച്ചടി ഉണ്ടായിരിക്കുന്നത്. പട്‌നായിക്കിന്റെ ക്യാബിനറ്റിലെ നിരവധി ബി.ജെ.ഡി നേതാക്കളാണ് ദയനീയ പരാജയങ്ങള്‍ നേരിട്ടത്.
കാന്തബഞ്ചി, ഹിന്‍ജിലി തുടങ്ങി രണ്ട് മണ്ഡലങ്ങളിലാണ് നവീന്‍ പട്‌നായിക് തെരഞ്ഞെടുപ്പിനെ നേരിട്ടത്. കാന്തബഞ്ചിയില്‍ അദ്ദേഹം തോല്‍ക്കുകയും ഹിന്‍ജിലിയില്‍ വിജയിക്കുകയും ചെയ്തു. ബി.ജെ.പിയുടെ സിസിര്‍ കുമാര്‍ മിശ്രയെ ആണ് അദ്ദേഹം ഹിന്‍ജിലിയില്‍ പരാജയപ്പെടുത്തിയത്. ബി.ജെ.പി 78, ബി.ജെ.ഡി 51, കോണ്‍ഗ്രസ് 14, സി.പി.ഐ.എമ്മിന് ഒരു സീറ്റ് മൂന്ന് സ്വതന്ത്രര്‍ എന്നിങ്ങനെയാണ് ഒഡീഷയിലെ സീറ്റ് നില.
‘നന്ദി ഒഡീഷ, വലിയ നേട്ടം നല്‍കിയതിന്. ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിലും ഒഡീഷയെ പുരോഗതിയുടെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിലും ബി.ജെ.പി കൂടുതല്‍ ശ്രദ്ധ പതിപ്പിക്കും,’ എന്നാണ് ഒഡീഷയിലെ വിജയത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചത്.
2000 ത്തിന് ശേഷം ഒഡീഷയുടെ മുഖ്യമന്ത്രിയായി രംഗപ്രവേശം ചെയ്ത നവീന്‍ പട് നായിക് ഇതുവരെ തോല്‍വിയുടെ രുചി അറിഞ്ഞിട്ടുണ്ടായിരുന്നില്ല. 24 വര്‍ഷത്തിന് ശേഷമാണ് ഇപ്പോള്‍ ഒഡീഷ മുഖ്യമന്ത്രി സ്ഥാനം നവീന്‍ പട്‌നായിക് ഒഴിയുന്നത്.
അസ്‌ക മണ്ഡലത്തില്‍ നിന്നും വിജയിച്ചുകൊണ്ടാണ് നവീന്‍ രാഷ്ട്രീയത്തിലേക്ക് ചുവടുവെച്ചത്. 1998 ലും 1999 ലും അദ്ദേഹം രണ്ട് തവണ ആ മണ്ഡലത്തില്‍ നിന്ന് എം.പിയാവുകയും ചെയ്തു. 2024ലെ ഒഡീഷ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ആറ് തവണ ഹിന്‍ജിലിയില്‍ നിന്ന് അദ്ദേഹം വിജയിച്ചിരുന്നു.
തെരഞ്ഞെടുപ്പ് ഫലം വന്നതിനു ശേഷം അദ്ദേഹം വിജയിച്ച സ്ഥാനാര്‍ത്ഥികളെ അഭിനന്ദിക്കുകയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു.
ആന്ധ്രാപ്രദേശ്, ഒഡീഷ, അരുണാചല്‍ പ്രദേശ്, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും ലോക്സഭാ തെരഞ്ഞെടുപ്പിന് ഒപ്പമാണ് നടന്നത്. ആന്ധ്രാപ്രദേശില്‍ മെയ് 13ന് ഒറ്റ ഘട്ടമായും ഒഡീഷയില്‍ മെയ് 13, മെയ് 20, മെയ് 25, ജൂണ്‍ 1 തീയതികളിലായി നാല് ഘട്ടങ്ങളിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്.
Content Highlight: Naveen Patnaik resigns as Odisha CM after BJD’s assembly poll defeat