ഭുവനേശ്വര്‍: ഒരുപാട് കാര്യങ്ങള്‍ പറയുകയും കുറച്ചു മാത്രം പ്രവൃത്തിയില്‍ കൊണ്ടുവരികയും ചെയ്യുന്ന പാര്‍ട്ടിയാണ് ബി.ജെ.പിയെന്ന് ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്.
ഒഡീഷയിലെ കാര്‍ഷി കടങ്ങള്‍ എഴുതിത്തള്ളാന്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഇപ്പോള്‍ തന്റെ സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയാണെന്നും നവീന്‍ പട്‌നായിക് പറഞ്ഞു. ദേശീയ സമ്പദ് വ്യവസ്ഥയുടെ പാപ്പരത്തിന് കാരണക്കാര്‍ കോണ്‍ഗ്രസ് ആണെന്നും നവീന്‍ പട്‌നായിക് കുറ്റപ്പെടുത്തി.
1995 മുതല്‍ 1999 വരെ കോണ്‍ഗ്രസായിരുന്നു ഇവിടെ ഭരിച്ചത്. അന്നത്തെ അവസ്ഥ നിങ്ങള്‍ക്കെല്ലാം ഓര്‍മ്മ കാണും. ട്രഷറികളില്‍ പണം ഇല്ലായിരുന്നു. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ പണമില്ലായിരുന്നു. അടിസ്ഥാന വികസനങ്ങള്‍ പോലും ഇല്ലായിരുന്നു. കോണ്‍ഗ്രസിന്റെ ഭരണത്തിലും അതിന് മുന്‍പും ഇത് തന്നെയായിരുന്നു സ്ഥിതി. അങ്ങനെയുള്ള കോണ്‍ഗ്രസ് ആണ് ഇപ്പോള്‍ ഞങ്ങളോട് ഇതെല്ലാം വേണമെന്ന് പറയുന്നത്.- നവീന്‍ പട്‌നായിക് പറഞ്ഞു.
ബി.ജെ.പിയുടെ കാര്യം പറയാത്തതാണ് നല്ലത്. ഒഡീഷയ്ക്ക് പ്രത്യേക പദവി നല്‍കുമെന്നായിരുന്നു അവര്‍ 2014 ല്‍ നല്‍കിയ വാഗ്ദാനം. എന്നിട്ട് എന്തുണ്ടായി? 2014 ലെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തില്‍ ഒന്നു പോലും അവര്‍ക്ക് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞില്ലെന്നും നവീന്‍ പട്‌നായിക് പറഞ്ഞു.