ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിനുള്ള ടെസ്റ്റ് ടീം പ്രഖ്യാപിച്ചതിന് പിന്നാലെ പല ആരാധകരും വിമര്‍ശനുമുന്നയിച്ച് രംഗത്തെത്തിയിരുന്നു. പേസര്‍ നവ്ദീപ് സെയ്‌നിയെ എന്ത് കാരണത്താലാണ് ടീമില്‍ ഉള്‍പ്പെടുത്തിയതെന്നാണ് പലര്‍ക്കും അറിയേണ്ടിയിരുന്നത്. പല ഓണ്‍ലൈന്‍ സെലക്ടര്‍മാരും അബെക്‌സ് ബോര്‍ഡിന്റെ ഈ നീക്കത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
എന്നാല്‍ എന്തുകൊണ്ട് താന്‍ ഇന്ത്യന്‍ സ്‌ക്വാഡിന്റെ ഭാഗമായി എന്ന് തെളിയിക്കുകയാണ് സെയ്‌നി. കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ വോസ്റ്റര്‍ഷെയര്‍ – ഡെര്‍ബിഷെയര്‍ മത്സരത്തില്‍ തന്റെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തിയാണ് സെയ്‌നി തരംഗമായത്.
സെയ്‌നിയെറിഞ്ഞ തകര്‍പ്പന്‍ ഡെലിവെറി ഓഫ് സ്റ്റംപിന് വെളിയില്‍ പിച്ച് ചെയ്ത പന്ത് ശേഷം ഉള്ളിലേക്ക് പാഞ്ഞടുക്കുകയായിരുന്നു. പന്തിന്റെ ലൈന്‍ കൃത്യമായി മനസിലാക്കാതെ ബാറ്റര്‍ ഹാരി കേം ഷോട്ടിന് ശ്രമിക്കാതെ പന്ത് ലീവ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ അത് എത്രത്തോളം അബദ്ധമാണെന്ന് തന്റെ വിക്കറ്റ് തെറിക്കുമ്പോള്‍ മാത്രമാണ് കേമിന് മനസിലായത്.
വോസ്റ്റര്‍ഷെയറിനൊപ്പം കരാറിലെത്തിയതിന് ശേഷമാണ് സെയ്‌നിക്ക് വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലേക്കുള്ള വിളിയെത്തിയത്. ഈയൊരു മത്സരം മാത്രമായിരിക്കും താരം വോസ്റ്റര്‍ഷെയറിന് വേണ്ടി കളിക്കുക, തുടര്‍ന്ന് ഇന്ത്യന്‍ ടീമിനൊപ്പം ചേരും.
കഴിഞ്ഞ സീസണിലും സെയ്‌നി കൗണ്ടി കളിച്ചിരുന്നു. കെന്റിന് വേണ്ടിയായിരുന്നു കഴിഞ്ഞ സീസണില്‍ താരം പന്തെറിഞ്ഞത്. കെന്റിനായി എട്ട് മത്സരം കളിച്ച സെയ്‌നി 11 വിക്കറ്റും സ്വന്തമാക്കി. 72 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് തികച്ചതായിരുന്നു മികച്ച പ്രകടനം.
അതേസമയം, വോസ്റ്റര്‍ഷെയര്‍ – ഡെര്‍ബിഷെയര്‍ മത്സരത്തില്‍ വോസ്റ്റര്‍ഷെയര്‍ 237 റണ്‍സെടുത്തിരുന്നു. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വോസ്റ്റര്‍ഷെയറിനായി ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ ജാക്ക് ലിബ്ബിയും വിക്കറ്റ് കീപ്പര്‍ ഗാരത് റോഡ്രിക്കും മാത്രമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്.
ലിബ്ബി 56 പന്തില്‍ നിന്നും 40 റണ്‍സ് നേടിയപ്പോള്‍, റോഡ്രിക് 187 പന്തില്‍ നിന്നും 78 റണ്‍സ് നേടി. 63 പന്തില്‍ നിന്നും 28 റണ്‍സടിച്ച ആദം ഹോസെ മാത്രമാണ് ഇവര്‍ക്ക് പിന്തുണ നല്‍കിയത്. 13 പന്ത് നേരിട്ട നവ്ദീപ് സെയ്‌നി പൂജ്യം റണ്‍സുമായി പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡെര്‍ബിഷെയര്‍ ആദ്യ ദിനം കളിയവസാനിപ്പിക്കുമ്പോള്‍ പത്ത് ഓവറില്‍ 32ന് രണ്ട് എന്ന നിലയിലാണ്. ഏഴ് പന്തില്‍ നിന്നും ഒരു റണ്‍സ് നേടിയ ഹാരി കേമിന്റെയും 27 പന്തില്‍ നിന്നും ലൂയീസ് റീസിയുടെയും വിക്കറ്റാണ് ഡെര്‍ബിഷെയറിന് നഷ്ടമായത്.
കേമിനെ സെയ്‌നി പുറത്താക്കിയപ്പോള്‍ എഡ് പൊള്ളോക്കിന്റെ കൈകളിലെത്തിച്ച് ഡില്ലന്‍ പെന്നിങ്ടണ്‍ ആണ് റീസിയെ മടക്കിയത്. 26 പന്തില്‍ നിന്നും 13 റണ്‍സുമായി ബ്രൂക് ഗസ്റ്റാണ് ക്രീസില്‍.
Content highlight: Navdeep Saini picks wicket in first ball against Derbyshire