ഒരു മത്സരത്തിന് 200 രൂപ; പിന്നെ ഗംഭീറിന്റെ വക ബൂട്ട്; വിന്‍ഡീസിലെ ഇന്ത്യന്‍ വിജയശില്‍പ്പിയുടെ വരവ് ഇങ്ങനെ
Cricket
ഒരു മത്സരത്തിന് 200 രൂപ; പിന്നെ ഗംഭീറിന്റെ വക ബൂട്ട്; വിന്‍ഡീസിലെ ഇന്ത്യന്‍ വിജയശില്‍പ്പിയുടെ വരവ് ഇങ്ങനെ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 3rd August 2019, 11:51 pm

ഫ്‌ളോറിഡ: അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവറില്‍ തുടര്‍ച്ചയായ രണ്ട് പന്തുകളില്‍ വിക്കറ്റ്. ടീമിനു വിജയം നേടിക്കൊടുക്കുന്നതിനൊപ്പം മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരവും. സ്വപ്‌നതുല്യമായ തുടക്കമായിരുന്നു നവ്ദീപ് സെയ്‌നിയുടേത്.

അന്താരാഷ്ട്ര ക്രിക്കറ്റിലെ ആദ്യമത്സരമായിരുന്നു ഇന്ന് സെയ്‌നിയുടേത്. വെസ്റ്റ് ഇന്‍ഡീസിനെ 95 റണ്‍സിലേക്ക് ഒതുക്കിയ ട്വന്റി20 മത്സരത്തില്‍ ഇന്ത്യക്കുവേണ്ടി മൂന്ന് നിര്‍ണായക വിക്കറ്റുകള്‍ നേടിയത് ഈ വലംകൈയന്‍ പേസറായിരുന്നു.

ആദ്യ ഓവറിലെ നാലാം പന്തില്‍ നന്നായി കളിച്ചുവന്ന നിക്കോളാസ് പൂറനെയും അടുത്ത പന്തില്‍ ഷിമ്രോണ്‍ ഹെറ്റ്‌മെയറെയും പുറത്താക്കിയ സെയ്‌നി ഒരുഘട്ടത്തില്‍ ഹാട്രിക്കിന്റെ വക്കിലെത്തി. എന്നാല്‍ ഓഫ് സ്റ്റമ്പിനു പുറത്തുകൂടിപ്പോയ അവസാന പന്തില്‍ വിക്കറ്റ് ലഭിച്ചില്ല.

ആദ്യ ട്വന്റി20 മത്സരത്തില്‍ രണ്ട് വിക്കറ്റോ അതിലധികമോ നേടുന്ന രണ്ടാമത്തെ ബൗളറാണ് സെയ്‌നി. നേരത്തേ ഇടംകൈയന്‍ സ്പിന്നറായ പ്രഗ്യാന്‍ ഓജ 2009-ല്‍ ബംഗ്ലാദേശിനെതിരെ രണ്ട് വിക്കറ്റ് നേടിയിരുന്നു.

എന്നാല്‍ മറ്റൊരു റെക്കോഡും സ്വന്തമാക്കിയാണ് ഫ്‌ളോറിഡയിലെ കളിക്കളത്തില്‍ നിന്നു സെയ്‌നി പവലിയനിലേക്കെത്തിയത്. ആദ്യമായി ഒരു ട്വന്റി20 മത്സരത്തിലെ അവസാന ഓവര്‍ മെയ്ഡന്‍ എറിയുന്ന മൂന്നാമത്തെയാളും ആദ്യ ഇന്ത്യക്കാരനും അദ്ദേഹമാണ്.

മുന്‍പ് ന്യൂസിലന്‍ഡിന്റെ ജീതന്‍ പട്ടേലും പാക്കിസ്ഥാന്റെ മുഹമ്മദ് ആമിറുമാണ് ഈ നേട്ടം കൈവരിച്ചത്.

സെയ്‌നിയെ വളര്‍ത്തിയതില്‍ മുഖ്യപങ്ക് വഹിച്ചത് ഇന്നത്തെ ബി.ജെ.പി എം.പിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററുമായ ഗൗതം ഗംഭീറാണ്.

ആറുവര്‍ഷം മുന്‍പ് ലെതര്‍ ബോള്‍ ക്രിക്കറ്റ് കളിച്ചിട്ടില്ലാത്ത സെയ്‌നി ഹരിയാനയില്‍ പ്രാദേശിക ടൂര്‍ണമെന്റുകളില്‍ മാത്രമാണ് കളത്തിലിറങ്ങിയിരുന്നത്. 200 രൂപയായിരുന്നു ഓരോ മത്സരങ്ങള്‍ക്ക് സെയ്‌നിക്കു ലഭിച്ചിരുന്നത്.

അന്ന് 150 കിലോമീറ്ററില്‍ അനായാസമായി പന്തെറിഞ്ഞിരുന്ന സെയ്‌നിയെ ദല്‍ഹി രഞ്ജി ടീമിന്റെ നെറ്റ് സെഷനുകളിലേക്കു വിളിക്കുകയായിരുന്നു. അവിടെ വെച്ചാണ് ദല്‍ഹി ടീമിലുണ്ടായിരുന്ന ഗംഭീറിന്റെ കണ്ണില്‍ സെയ്‌നി പെടുന്നത്.

അന്ന് സെയ്‌നിക്ക് ബൂട്ട് വാങ്ങി നല്‍കിയ ഗംഭീര്‍, സെയ്‌നിയോട് നെറ്റ്‌സില്‍ സ്ഥിരം വരണമെന്നു പറയുകയും ചെയ്തു. തുടര്‍ന്ന് ദല്‍ഹി ടീമില്‍ സെയ്‌നിയെ ഉള്‍പ്പെടുത്തണമെന്ന ഗംഭീറിന്റെ പിടിവാശിയെത്തുടര്‍ന്ന് സെയ്‌നി ടീമിലെത്തി.

2013-14 സീസണിലാണ് സെയ്‌നി ഫസ്റ്റ് ക്ലാസ്സ് ക്രിക്കറ്റില്‍ അരങ്ങേറുന്നത്. അവിടെനിന്നു തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല ഈ പേസര്‍ക്ക്.

സെയ്‌നിയുടെ ഇന്നത്തെ പ്രകടനത്തിനു ശേഷം വന്ന ആദ്യ പ്രതികരണവും ഗംഭീറിന്റേതായിരുന്നു. സെയ്‌നിയെ അഭിനന്ദിച്ചുകൊണ്ടായിരുന്നു ഗംഭീറിന്റെ ട്വീറ്റ്.

ഈ സീസണില്‍ ഐ.പി.എല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിലാണ് സെയ്‌നിയുടെ സ്ഥാനം. 11 വിക്കറ്റ് നേടിയ സെയ്‌നി, ഐ.പി.എല്ലിനു ശേഷം പറഞ്ഞത് തനിക്കൊരു ബ്രേക്ക്ത്രൂ വേണമെന്നായിരുന്നു. അതാണിപ്പോള്‍ ഇന്ത്യന്‍ ടീം പ്രവേശത്തിലൂടെ ലഭിച്ചിരിക്കുന്നത്.