| Thursday, 4th March 2021, 8:21 am

'നീ ദളിതാണ്, ഓട വൃത്തിയാക്കലാണ് ജോലി'; ഹരിയാന പൊലീസില്‍ നിന്നും നേരിട്ട ജാതീയ അധിക്ഷേപവും ലൈംഗിക അതിക്രമവും വെളിപ്പെടുത്തി നവ്ദീപ് കൗര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ചതിന് അറസ്റ്റിലായ ട്രേഡ് യൂണിയന്‍ ആക്ടിവിസ്റ്റിനെ ക്രൂരമായി മര്‍ദ്ദിച്ചതായും ജാതി അധിക്ഷേപം നടത്തിയതായും പരാതി. കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ച നവ്ദീപ് കൗര്‍ ആണ് താന്‍ അനുഭവിച്ച ക്രൂര പീഡനങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്.

ജനവുരി 12നായിരുന്നു നവ്ദീപിനെ ഹരിയാന പൊലീസ് കസ്റ്റഡിയിലെടുത്തത്. കുണ്ഡ്‌ലി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയ തന്നെ മുടിയില്‍ കുത്തിപ്പിടിച്ച വാനില്‍ കയറ്റുകയായിരുന്നെന്നും മര്‍ദ്ദിച്ചുവെന്നും നവ്ദീപ് പറഞ്ഞു. തന്നെ അറസ്റ്റ് ചെയ്യുമ്പോള്‍ വനിതാ പൊലീസ് ഉണ്ടായിരുന്നില്ലെന്നും കൗര്‍ പറഞ്ഞു.

സ്വകാര്യഭാഗങ്ങളില്‍ ബൂട്ടിട്ട് ചവിട്ടി. ലാത്തികൊണ്ട് കുത്തി. ചോര വാര്‍ന്നു. നാല് പൊലീസുകാര്‍ ദേഹത്ത് കയറിയിരുന്ന് പീഡിപ്പിച്ചു. അന്ന് രാത്രി സോനിപത്ത് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. രണ്ട് ദിവസം മുറിയില്‍ അടച്ചിട്ടു. പീഡനം തുടര്‍ന്നു. ദേഹത്ത് എല്ലായ്‌പ്പോഴും മുറിപ്പാടുകളുണ്ടായി. എന്നിട്ടും മെഡിക്കല്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയില്ല. രണ്ടാഴ്ച കഴിഞ്ഞാണ് കോടതി മെഡിക്കല്‍ പരിശോധന അനുവദിച്ചതെന്നും കൗര്‍ പറഞ്ഞു.

തന്നെ ഉപദ്രവിക്കുന്നതിനിടയില്‍ പൊലീസുകാര്‍ ജാതീയമായി അധിക്ഷേപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ ഒരു ദളിതാണെന്നും അത് മനസിലാക്കി വേണം പെരുമാറേണ്ടതെന്നും എന്നെ ഉപദ്രവിക്കുന്നതിനിടയില്‍ പൊലീസുകാര്‍ പറഞ്ഞുകൊണ്ടേയിരുന്നു. എന്റെ ജോലി ഓടകള്‍ നന്നാക്കലാണ്. വലിയ വലിയ ആള്‍ക്കാര്‍ക്കെതിരെ സമരം സംഘടിപ്പിക്കാന്‍ ആരാണ് നിനക്ക് അവകാശം തന്നത്?,’ അവര്‍ ചോദിച്ചു.

ദളിത് സ്ത്രീയും ഒരു ട്രേഡ് യൂണിയന്‍ നേതാവുമായതുകൊണ്ടാണ് ഇത്രയും പീഡനങ്ങള്‍ തനിക്ക് അനുഭവിക്കേണ്ടി വന്നതെന്നും കൗര്‍ പറഞ്ഞു.

ജയിലിനുള്ളിലെ മറ്റു സ്ത്രീകള്‍ക്ക് ഇതിലും മോശം അനുഭവുണ്ടായതായി അവര്‍ പങ്കുവെച്ചുവെന്നും കൗര്‍ പറഞ്ഞു. ചെറിയ ചെറിയ കുറ്റങ്ങളുടെ പേരില്‍ ജയിലില്‍ കഴിയുന്ന സ്ത്രീകളില്‍ കൂടുതലും പാവപ്പെട്ടവരോ പിന്നാക്ക സമുദായങ്ങളില്‍ പെട്ടവരോ ആണ്. തനിക്കെതിരെ ഒരു തെളിവും പൊലീസിന്റെ കയ്യില്‍ ഇല്ലെന്നും കൗര്‍ പറഞ്ഞു.

അമേരിക്കന്‍ വൈസ് പ്രസിഡന്റ് കമലാ ഹാരിസിന്റെ മരുമകള്‍ മീന ഹാരിസ് നവ്ദീപിന് ഏല്‍ക്കേണ്ടി വന്ന ക്രൂരമായ ശാരീരികവും ലൈംഗികവുമായ പീഡനങ്ങളെക്കുറിച്ച് ട്വീറ്റ് ചെയ്തതിനെ തുടര്‍ന്നാണ് വിഷയം ആഗോള ശ്രദ്ധ പിടിച്ചുപറ്റുന്നത്.

കസ്റ്റഡി മര്‍ദ്ദനത്തെക്കുറിച്ച് കൗര്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയതിന് പിന്നാലെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സംഭവത്തില്‍ ഹരിയാന പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Navdeep Kaur an activist explains sexual assault and caste discrimination from Hariyana Police

We use cookies to give you the best possible experience. Learn more