Pravasi
വെറുപ്പിന്റെ രാഷ്ട്രീയത്തെ വിശപ്പിന്റെ രാഷ്ട്രീയം കൊണ്ട് ചെറുക്കണം: നവയുഗം കേന്ദ്രസമ്മേളനം
എന്‍ ആര്‍ ഐ ഡെസ്ക്
2018 Apr 08, 10:59 pm
Monday, 9th April 2018, 4:29 am

ദമ്മാം: സംഘപരിവാര്‍ രാജ്യത്ത് പടര്‍ത്തുന്ന ജാതി, മത, വര്‍ഗ്ഗീയതയുടെ വെറുപ്പിന്റെ രാഷ്ട്രീയത്തെ, വിശപ്പിന്റെയും, അടിച്ചമര്‍ത്തപ്പെട്ടവന്റെയും രാഷ്ട്രീയം കൊണ്ട് ചെറുക്കണമെന്ന്, ദമ്മാം നവയുഗം സാംസ്‌കാരികവേദി അഞ്ചാമത് കേന്ദ്രസമ്മേളനം രാഷ്ട്രീയപ്രമേയത്തിലൂടെ ആഹ്വാനം ചെയ്തു.

സംഘപരിവാറിന്റെ ഫാസിസ്റ്റ് സമീപനങ്ങള്‍ക്കെതിരെയും, വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെയും, ഇന്ത്യയിലെ സാധാരണക്കാരന്റെ അടിസ്ഥാനആവശ്യങ്ങളായ ആഹാരം, വസ്ത്രം, പാര്‍പ്പിടം, ജോലി, സാമൂഹികസമത്വം, സാമാന്യനീതി മുതലായവ നേടിയെടുക്കാനുള്ള രാഷ്ട്രീയമാണ് ജനാധിപത്യപാര്‍ട്ടികള്‍ ഉയര്‍ത്തിപ്പിടിയ്‌ക്കേണ്ടത്. അമേരിക്കന്‍ സാമ്രാജ്യത്വത്തിനും, ദേശീയ കുത്തകമുതലാളിത്തത്തിനും വിധേയമായി, അവര്‍ക്ക് അനുകൂലമായ നയങ്ങള്‍ മാത്രം നടപ്പാക്കുന്ന കേന്ദ്രസര്‍ക്കാര്‍, ജനങ്ങളുടെ അടിസ്ഥാനആവശ്യങ്ങളില്‍ നിന്നും ഒളിച്ചോടി, ജാതി, മത, വര്‍ഗ്ഗീയ രാഷ്ട്രീയം പറഞ്ഞ് പാവം ജനങ്ങളുടെ ശ്രദ്ധ തിരിച്ച്, അവരെ തമ്മിലടിപ്പിച്ച്, രാഷ്ട്രീയനേട്ടം ഉണ്ടാക്കാനാണ് ശ്രമിയ്ക്കുന്നത്.

ഇതിനെതിരെ രാജ്യത്തെ എല്ലാ ജനാധിപത്യ-മതേതര പാര്‍ട്ടികളും, പുരോഗമനപ്രസ്ഥാനങ്ങളും, ദളിത് സംഘടനകളും, കര്‍ഷക കൂട്ടായ്മകളും ഒന്നിച്ച്, വിശപ്പിന്റെയും, അടിച്ചമര്‍ത്തപ്പെട്ടവന്റെയും, പരിസ്ഥിതിയുടെയും രാഷ്ട്രീയം, ഐക്യത്തോടെ ഉയര്‍ത്തിപ്പിടിച്ച് പൊരുതേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പ്രമേയം പറഞ്ഞു.

ദമ്മാം അല്‍ ഖയാം ഹാളില്‍, സഖാവ് ഇ.ചന്ദ്രശേഖരന്‍ നായര്‍ നഗറില്‍ നടന്ന നവയുഗം കേന്ദ്രസമ്മേളനം സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സ: സത്യന്‍ മൊകേരി ഉത്ഘാടനം ചെയ്തു. നവയുഗം കേന്ദ്രഭാരവാഹികളായ ബെന്‍സിമോഹന്‍.ജി, ജമാല്‍ വില്യാപ്പള്ളി, ലീന ഷാജി എന്നിവര്‍ ഉള്‍പ്പെട്ട പ്രീസീഡിയം ആയിരുന്നു സമ്മേളനനടപടികള്‍ നിയന്ത്രിച്ചിരുന്നത്.

നവയുഗം ജനറല്‍ സെക്രട്ടറി എം.എ.വാഹിദ് കാര്യറ കേന്ദ്രകമ്മിറ്റി പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. ന്യൂഏജ് ജിദ്ദ ജനറല്‍ സെക്രട്ടറി ഫിറോസ് കരുനാഗപ്പള്ളി, നവയുഗം ജുബൈല്‍ കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ടി.പി റഷീദ്, സെക്രട്ടറി മനോജ്, നവയുഗം ജീവകാരുണ്യപ്രവര്‍ത്തക മഞ്ജു മണിക്കുട്ടന്‍ എന്നിവര്‍ ആശംസപ്രസംഗം നടത്തി.

പൊതുചര്‍ച്ചയില്‍ വിവിധ മേഖലകമ്മിറ്റികളെ പ്രതിനിധീകരിച്ച് നിസാമുദ്ദീന്‍ കൊല്ലം, വിജീഷ് തൃശൂര്‍ , സുശീല്‍കുമാര്‍, സയാനി, സജീഷ് പട്ടാഴി , അനസ് കണിയാപുരം, സിജു കായംകുളം, രതീഷ് രാമചന്ദ്രന്‍, ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. സനു മഠത്തില്‍ ക്രീഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അരുണ്‍ ചാത്തന്നൂര്‍, ഗോപകുമാര്‍ എന്നിവര്‍ വിവിധ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. ദാസന്‍ രാഘവന്‍ നവയുഗം ഭരണഘടനാ ഭേദഗതികള്‍ അവതരിപ്പിച്ചു. രക്തസാക്ഷി പ്രമേയം മിനി ഷാജിയും ,അനുശോചന പ്രമേയം ഷാജി അടൂരും അവതരിപ്പിച്ചു. ഹുസ്സൈന്‍ കുന്നിക്കോട് സ്വാഗതവും, ശ്രീകുമാര്‍ വെള്ളല്ലൂര്‍ നന്ദിയും പറഞ്ഞു.

പ്രവാസലോകത്തെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച വിവിധ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെട്ടു. സൗദി സര്‍ക്കാരിന് നല്‍കാനുള്ള “അജീര്‍” ഫീസ് അടയ്ക്കാനായി, ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ആശ്രിതവിസയിലുള്ള അധ്യാപികമാരുടെ തുശ്ചമായ ശമ്പളത്തില്‍ നിന്നും, മാസം തോറും പൈസ വെട്ടിക്കുറയ്ക്കാനുള്ള സ്‌ക്കൂള്‍ മാനേജ്മെന്റിന്റെ തീരുമാനത്തില്‍, ശക്തമായി പ്രതിഷേധം രേഖപ്പെടുത്തിയ പ്രമേയം സമ്മേളനം അംഗീകരിച്ചു.

47 പേര്‍ അടങ്ങുന്ന പുതിയ കേന്ദ്ര കമ്മിറ്റിയെയും സമ്മേളനം തെരഞ്ഞെടുത്തു. നവയുഗം കേന്ദ്രനേതാക്കളായ ഉണ്ണി പൂച്ചെടിയല്‍, ഷാജി മതിലകം, സാജന്‍ കണിയാപുരം, അരുണ്‍ നൂറനാട്, ഹനീഫ വെളിയംകോട്, ഇ.എസ് റഹീം, മാധവ് കെ വാസുദേവ്, സുമി ശ്രീലാല്‍, ബിജു വര്‍ക്കി, റെജി സാമുവല്‍, ഷിബുകുമാര്‍, മണിക്കുട്ടന്‍, അടൂര്‍ ഷാജി, മുനീര്‍ ഖാന്‍, പ്രഭാകരന്‍, സക്കീര്‍ ഹുസ്സൈന്‍, രാജേഷ് ചടയമംഗലം എന്നിവര്‍ സമ്മേളനപരിപാടികള്‍ക്ക് നേതൃത്വം നല്‍കി.