| Monday, 4th September 2023, 7:19 pm

കിങ് ഓഫ് കൊത്തയിലെ വില്ലന്‍ വേഷം നഷ്ടമായത് സങ്കടമായി: നവാസ് വള്ളിക്കുന്ന്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഡേറ്റ് ഇല്ലാത്തത് കാരണം ദുല്‍ഖര്‍ ചിത്രം കിങ് ഓഫ് കൊത്തയിലെ വില്ലന്‍ വേഷം തനിക്ക് നഷ്ടമായിട്ടുണ്ടെന്ന് നടന്‍ നവാസ് വള്ളിക്കുന്ന്. ദുല്‍ഖറിന്റെ കൂടെ അഭിനയിക്കുക എന്നത് വലിയ ആഗ്രഹമായിരുന്നെന്നും  നടൻ പറഞ്ഞു.

ലൈഫ് നെറ്റ് ടി.വി എന്ന ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നവാസ്. കിങ് ഓഫ് കൊത്തക്കായി സംവിധായകൻ അഭിലാഷ് ജോഷി തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും എന്നാല്‍ മറ്റൊരു സിനിമയുടെ ഷൂട്ടിനായി ഓസ്ട്രേലിയയിലേക്ക് പോകേണ്ടിവന്നെന്നും നവാസ് പറഞ്ഞു.

‘ഞാന്‍ ഓസ്ട്രേലിയയില്‍ ഒരു പടം ചെയ്യാന്‍ തീരുമാനിച്ച സമയത്തുതന്നെയാണ് കിങ് ഓഫ് കൊത്തയില്‍ നെഗറ്റീവ് ക്യാരക്ടര്‍ ചെയ്യാന്‍ വിളിക്കുന്നത്. എനിക്ക് ഭയങ്കര ആഗ്രഹമായിരുന്നു ദുല്‍ഖറിന്റെ കൂടെ, അല്ലെങ്കില്‍ മമ്മുക്കയുടെ, ലാലേട്ടന്റെ കൂടെയൊക്കെ പടം ചെയ്യാന്‍.

ആ കറക്റ്റ് ഡേറ്റിന് അഭിലാഷ് ജോഷി സാറിന്റെ വിളി വന്നു. ‘നവാസേ ഞാന്‍ ഒരു പടം ചെയ്യുന്നുണ്ട്. കിങ് ഓഫ് കൊത്ത എന്നാണ് സിനിമയുടെ പേര്. ദുല്‍ഖറാണ് നായകന്‍,’ എന്നൊക്കെ പറഞ്ഞപ്പോള്‍ ഭയങ്കര സന്തോഷമായി. ഞാന്‍ പറഞ്ഞു ഓക്കേ സാര്‍.

അപ്പൊള്‍ അദ്ദേഹം ചോദിച്ചു ‘അപ്പോൾ നവാസേ ഡേറ്റ് ഒക്കെ എന്താ സ്ഥിതി’. ഡേറ്റ് ഒക്കെയുണ്ട് സാര്‍, ഒരു കുഴപ്പവുമില്ലെന്ന് ഞാന്‍ പറഞ്ഞു.

പിന്നെ ഇന്ന ഡേറ്റാണെന്ന് പറഞ്ഞപ്പോഴാണ്, പടച്ചോനെ അന്ന് ഞാന്‍ ഓസ്‌ട്രേലിയയില്‍ പോവുകയാണല്ലോയെന്ന് ഓര്‍ത്തത്. ഞാന്‍ സാറോട് പറഞ്ഞു, ഞാന്‍ അന്ന് ഓസ്ട്രലയയില്‍ പോവുകയാണെന്ന്. ‘അതല്ലേ ഞാന്‍ നവാസിനോട് ചോദിച്ചത് ഡേറ്റ് ഉണ്ടോന്ന്’ സാര്‍ എന്നോട് പറഞ്ഞു.

എന്താ ചെയ്യാ എന്നറിയില്ല. ഞാന്‍ ഓസ്ട്രേലിയന്‍ ടീമിന്റെ നിര്‍മാതാവിനെ വിളിച്ചു. നവാസ്… ടിക്കറ്റും വിസയൊക്കെ റെഡിയായി എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അങ്ങനെ ആ പടം നഷ്ടമായി,’ നവാസ് പറഞ്ഞു.

ഇതുപോലെ മറ്റ് മികച്ച സിനിമകളിലെ കഥാപാത്രങ്ങളും തനിക്ക് നഷ്ട്മാകാറുണ്ടെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു.

‘ജയിലർ എന്ന പടം ചെയ്യുമ്പോഴാണ് സി.ബി.ഐയിലേക്ക് വിളിക്കുന്നത്. അത് മിസ്സായി. കഠിന കഠോരമി അണ്ഡകടാഹം, മദനോത്സവം, രണ്ട് എന്ന സിനിമ, അങ്ങനെ എത്ര പടങ്ങളാണ് മിസ് ആയത്. ഭാഗ്യമില്ല അത്രേ പറയാന്‍ പറ്റൂ,’ നവാസ് കൂട്ടിച്ചേര്‍ത്തു.

Content Highlight: Navas Vallikunnum Said Sad to miss the villain role in King of Kotha 

We use cookies to give you the best possible experience. Learn more