Entertainment news
'നമ്മുടെ കൂടെയൊന്നും സിനിമയിൽ അഭിനയിക്കാൻ വിളിച്ചാൽ നീ വരില്ല അല്ലേ' എന്ന് മമ്മൂക്ക: നവാസ് വള്ളിക്കുന്ന്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jan 05, 04:31 pm
Friday, 5th January 2024, 10:01 pm

കണ്ണൂർ സ്‌ക്വാഡിന്റെ ഷൂട്ടിനിടയിൽ മമ്മൂട്ടിയെ കാണാൻ പോയ അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടൻ നവാസ് വള്ളിക്കുന്ന്. മമ്മൂട്ടി തന്നെ തിരിച്ചറിഞ്ഞതിനെക്കുറിച്ചും തന്റെ കഥാപാത്രങ്ങളെ എടുത്ത് പറഞ്ഞതുമെല്ലാം നവാസ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്. താനും മമ്മൂട്ടിയും സംസാരിച്ചുകൊണ്ടിരിക്കുന്ന വീഡിയോയുടെ താഴെയാണ് നവാസ് തന്റെ അനുഭവം പങ്കുവെച്ചത്.

‘കേരള ക്രൈം ഫയൽ എന്ന എന്റെ വെബ് സീരീസിന്റെ ഷൂട്ട് സമയത്ത് കണ്ണൂർ സ്ക്വാഡ് ഷൂട്ടിങ്ങിനായി മമ്മുക്ക മഹാരാജാസിൽ ഉണ്ട് എന്നറിഞ്ഞപ്പോൾ ഒന്ന് കാണാനും അടുത്തു പോയി പരിചയപ്പെടാനും പറ്റിയെങ്കിൽ എന്ന് കരുതി അങ്ങോട്ട് ചെന്നു.

അസീസ്ക്ക എന്നെക്കുറിച്ച് പറയാൻ തുടങ്ങിയപ്പോൾ, മമ്മൂക്ക അത് തടഞ്ഞ് ഒന്നാലോചിച്ച ശേഷം ആദ്യം എന്നോട് നവാസ് അല്ലേ എന്നും പിന്നെ അതിനൊപ്പം വള്ളിക്കുന്നെന്നും കൂട്ടി ചേർത്തു. അന്തം വിട്ട് നിന്ന എന്നോട് ‘നീ ഇന്ദ്രജിത്തിന്റെ കൂടെ അഭിനയിച്ച ഒരു സിനിമയില്ലേ, അതേതായിരുന്നു’ എന്ന് ചോദിച്ചു.

View this post on Instagram

A post shared by Navas Vallikkunnu (@navas.vallikkunnu)

ഇന്ദ്രജിത്തല്ല, പൃഥ്വിരാജ് ആണെന്നും സിനിമ ‘കുരുതി’ ആണെന്നും ഞാൻ പല കുറി തിരുത്തിയിട്ടും എന്നെ മറുത്തു പറയാൻ അനുവദിക്കാതെ മമ്മുക്ക അതേ ചോദ്യം തുടർന്നു കൊണ്ടേയിരുന്നു. ഒടുവിൽ മമ്മുക്ക തന്നെ ‘ഹലാൽ ലൗ സ്റ്റോറി’യെന്ന് പറഞ്ഞു. ആ സിനിമയിൽ കുറഞ്ഞ സീനിൽ മാത്രം വന്നു പോകുന്ന എനിക്ക് ഇന്ദ്രൻ ചേട്ടനുമായി കോമ്പിനേഷൻ സീനില്ലാത്തതിനാൽ ഞാനത് ഓർത്തതേയില്ല, എങ്കിലും മമ്മുക്ക എന്നെ ഓർത്തെടുത്തു.

പിന്നെ, ‘നമ്മുടെ കൂടെയൊന്നും സിനിമയിൽ അഭിനയിക്കാൻ വിളിച്ചാൽ നീ വരില്ല അല്ലേ’ എന്ന് കൂടി ചോദിച്ചു. ഏറ്റെടുത്ത സിനിമയുടെ ഷൂട്ട് തീരാത്തതിനാൽ ‘നേരറിയാൻ സി.ബി.ഐ’ യിൽ നിന്നും അവസാന നിമിഷം പിൻമാറേണ്ടി വന്നതും മമ്മുക്ക ഓർത്തിരുന്നു.

ഇനിയെന്തു വേണമെനിക്ക്, ഇതിലും വലിയ പരിചയപ്പെടൽ വേറെ കാണുമോ. ചില നേരങ്ങൾ അങ്ങനെയാണ്, ആരുമല്ലെങ്കിലും നമ്മളറിയാതെ തന്നെ നമ്മൾ ആരൊക്കെയോ ആയി മാറുന്ന നല്ല നേരങ്ങളാകും. ഒരു യുദ്ധം ജയിച്ച രാജാവിനെ പോലെ ഞാൻ അന്ന് ഉള്ളു നിറഞ്ഞ് തിരികെ മടങ്ങുമ്പോൾ കൂടെ നിന്ന് ഒരു ഫോട്ടോ പോലും എടുക്കാൻ ഞാൻ പാടേ മറന്നു പോയിരുന്നു.

ഒരു വർഷത്തിനിപ്പുറം സോഷ്യൽ മീഡിയയിൽ നിന്നെടുത്ത് ഒരു സുഹൃത്ത് എനിക്ക് അയച്ചു തന്ന ഞാൻ അറിയാതെടുത്ത വീഡിയോ കണ്ടപ്പോൾ പഴയ ഓർമകൾ ഉള്ളിൽ അറിയാതൊരു കുളിരായി പടരുന്നു. ലവ് യു മമ്മുക്ക,’ നവാസ് വള്ളിക്കുന്ന് പറഞ്ഞു.

Content Highlight: Navas vallikunnu shared a reel with  Mammootty