സുഡാനി ഫ്രം നൈജീരിയ, തമാശ, കപ്പേള, ഹലാല്‍ ലവ് സ്റ്റോറി, കുരുതി, മധുരം, നാരദന്‍ തുടങ്ങി നിരവധി സിനിമകളിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നടനാണ് നവാസ് വള്ളിക്കുന്ന്. കരിയറിന്റെ തുടക്കത്തില്‍ കോമഡി ടച്ചുള്ള കഥാപാത്രങ്ങള്‍ ചെയ്ത നവാസ് പിന്നീട് വില്ലന്‍ സ്വഭാവമുള്ള റോളുകളിലും അഭിനയിച്ചിരുന്നു.
നവാഗതനായ മുഹഷിന്‍ സംവിധാനം ചെയ്ത് 2023ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കഠിന കഠോരമീ അണ്ഡകടാഹം. സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്നു മുഹഷിന്‍. അന്ന് താനൊരു സിനിമ ചെയ്യുന്നുണ്ടെങ്കില്‍ വിളിക്കുമെന്ന് അയാള്‍ വാക്ക് തന്നിരുന്നെന്ന് പറയുകയാണ് നവാസ് വള്ളിക്കുന്ന്.
പാസിങ് റോള്‍ ചോദിച്ച തന്നെ മുഹഷിന്‍ കഠിന കഠോരമീ അണ്ഡകടാഹം എന്ന സിനിമയില്‍ ബേസില്‍ ജോസഫിനൊപ്പമുള്ള ഒരു മുഴുനീള കഥാപാത്രത്തിലേക്ക് വിളിച്ചിരുന്നെന്നും എന്നാല്‍ മറ്റൊരു സിനിമക്ക് മുന്‍കൂട്ടി നല്‍കിയ ഡേറ്റുമായി ക്ലാഷ് വന്നതിനെ തുടര്‍ന്ന് തനിക്ക് ആ സിനിമയുടെ ഭാഗമാകാന്‍ സാധിച്ചില്ലെന്നും നവാസ് പറയുന്നു.
മുഹഷിന്റെ അടുത്ത സിനിമയിലേക്ക് തന്നെ വിളിച്ചുവെന്നും അതിന്റെ ഡബ്ബിങ് പൂര്‍ത്തിയാക്കിയെന്നും നടന്‍ പറയുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നവാസ് വള്ളിക്കുന്ന് ഈ കാര്യം പങ്കുവെച്ചത്.
‘അല്ല ചെങ്ങായീ ഇയ്യ് ഒരു സിനിമ ചെയ്യുമ്പോ അതില്‍ ഒരു പാസിങ് റോളെങ്കിലും ചെയ്യാന്‍ ന്നെ വിളിക്യോ..?’.
‘പിന്നെന്താ നവാസ്‌ക്കാ ഞാനൊരു സിനിമ ചെയ്യുന്നുണ്ടെങ്കില്‍ അതില്‍ ങ്ങളും ണ്ടാവും’.
കൊല്ലങ്ങള്‍ക്ക് മുന്‍പ് ‘സുഡാനി ഫ്രം നൈജീരിയ‘യുടെ സെറ്റില്‍ വച്ച് അന്നത്തെ ഏറ്റവും പ്രിയപ്പെട്ട അസിസ്റ്റന്റ് ഡയറക്ടര്‍ മുഹ്‌സിന്‍ എനിക്ക് തന്ന വാക്കാണ്. കൊല്ലങ്ങള്‍ ഇച്ചിരി കൂടി മുന്നോട്ട് പോയി.
‘കഠിന കഠോരമീ അണ്ഡകടാഹം‘ എന്നൊരു കിടിലന്‍ സിനിമയും കൊണ്ട് പ്രിയപ്പെട്ട മുഹ്സിന്‍ വാക്ക് പാലിക്കാനായി എന്നെ വിളിച്ചു. പാസിങ് റോള്‍ ചോദിച്ച എനിക്ക് ബേസില്‍ ജോസഫിനൊപ്പം ഒരു മുഴുനീള കഥാപാത്രം വെച്ചു നീട്ടി. പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം. പക്ഷെ അത് ഒരുപാട് നീണ്ടുനിന്നില്ല…! എത്ര കൊതിച്ചാലും വിധിച്ചതല്ലേ പടച്ചോന്‍ നമുക്ക് തരൂ.
മറ്റൊരു സിനിമക്ക് മുന്‍കൂട്ടി നല്‍കിയ ഡേറ്റുമായി ക്ലാഷ് വന്നതിനെ തുടര്‍ന്ന് എനിക്ക് ആ മനോഹരമായ സിനിമയുടെ ഭാഗമാകാന്‍ സാധിച്ചില്ല. ഉള്ളത് പറഞ്ഞാല്‍ ആ സിനിമ കാണുമ്പോഴൊക്കെ ഉള്ളില്‍ ഒരിച്ചിരി സങ്കടം തോന്നാറുണ്ടായിരുന്നു. ഏതോ സിനിമയില്‍ ആരോ പറഞ്ഞത് പോലെ ചില പ്രാര്‍ത്ഥനകള്‍ പടച്ചോന്‍ അങ്ങനെ മറന്നു പോവൂല ചെങ്ങായിമാരേ…
കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് മുഹ്‌സി എന്നെ വീണ്ടും വിളിച്ചു. അതേ ഹര്‍ഷദ് – മുഹ്‌സിന്‍ കൂട്ടായ്മയില്‍ പുതിയ ഒരു സിനിമ ഒരുങ്ങുന്നു..! പറഞ്ഞു തീരും മുമ്പേ ഇടം വലം നോക്കാതെ ഞാന്‍ കൈ കൊടുത്തു. ഒരുപാട് പ്രിയപ്പെട്ട താരങ്ങള്‍ക്കൊപ്പം സിനിമയുടെ ഷൂട്ടിങ് അവസാനിച്ചു.
ഇന്നിതാ എന്റെ ഡബ്ബിങ് പൂര്‍ത്തിയാക്കി..! നോക്കണേ… ഒരു വാക്കിന്റെ ശക്തി നോക്കണേ.. ഉള്ളില്‍ തട്ടി വാക്ക് കൊടുക്കുന്ന ചില മനുഷ്യരുണ്ട്.. ഓര് അത് പാലിച്ചിരിക്കും..! പ്രിയപ്പെട്ട മുഹ്‌സി. നീ എനിക്കൊരു അത്ഭുതം തന്നെയാണ്, നന്ദി.
Content Highlight: Navas Vallikkunnu Talks About Kadina Kadoramee Andakadaham Movie Director Muhashin