|

നവാസ് ഷെരീഫും മകളും അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലാഹോര്‍: അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട പാകിസ്ഥാന്‍ മുന്‍പ്രധാനമന്ത്രി നവാസ് ഷെരീഫിനെയും മകള്‍ മറിയത്തെയും അറസ്റ്റ് ചെയ്തു. ലണ്ടനില്‍നിന്നു പാകിസ്ഥാനില്‍ മടങ്ങിയെത്തിയ ഇവരെ ലഹോര്‍ വിമാനത്താവളത്തില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. മറിയത്തിന്റെ ഭര്‍ത്താവ് ക്യാപ്ടന്‍ മുഹമ്മദ് സഫ്ദറിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഷെരീഫിന്റെയും മറിയത്തിന്റെയും പാസ്‌പോര്‍ട്ടുകളും പിടിച്ചെടുത്തു.

പാനമ രേഖകളിലൂടെ പുറത്തുവന്ന അഴിമതിക്കേസില്‍ ഷെരീഫിനു പത്തു വര്‍ഷം തടവും 80 ലക്ഷം പൗണ്ട് (ഏകദേശം 73.07 കോടി രൂപ) പിഴ ശിക്ഷയും പാകിസ്ഥാനിലെ അഴിമതിവിരുദ്ധ കോടതി വിധിച്ചിരുന്നു. കൂട്ടുപ്രതികളായ മകള്‍ മറിയം ഏഴു വര്‍ഷവും മരുമകന്‍ ക്യാപ്റ്റന്‍ മുഹമ്മദ് സഫ്ദര്‍ ഒരു വര്‍ഷവും തടവുശിക്ഷ അനുഭവിക്കണം. മറിയത്തിന് 20 ലക്ഷം പൗണ്ട് (ഏകദേശം 18.26 കോടി രൂപ) പിഴയും വിധിച്ചിട്ടുണ്ട്. പാകിസ്ഥാനില്‍ 25ന് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണു ഷെരീഫിന്റെ അറസ്റ്റ്.

ALSO READ: ട്വിറ്ററില്‍ ‘ശുദ്ധികലശം’; നരേന്ദ്രമോദിയുടെ ട്വിറ്ററില്‍ 3 ലക്ഷം ഫോളോവേഴ്‌സ് കുറഞ്ഞു

അതേസമയം പാകിസ്ഥാനില്‍ തെരഞ്ഞെടുപ്പു റാലികള്‍ക്കിടെയുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ സ്ഥാനാര്‍ത്ഥികളടക്കം എഴുപതുപേര്‍ കൊല്ലപ്പെട്ടു. നൂറ്റിയിരുപതോളം പേര്‍ക്കു പരുക്കേറ്റിട്ടുണ്ട്. 20 പേര്‍ അതീവ ഗുരുതരാവസ്ഥയിലാണ്. ബലൂചിസ്ഥാന്‍, ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യകളിലാണ് സ്ഫോടനങ്ങളുണ്ടായത്.

ബലൂചിസ്താന്‍ ആവാമി പാര്‍ട്ടി നേതാവ് നവാബ്സദാ സിറാജ് റൈസാനിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ആവാമി പാര്‍ട്ടി യോഗത്തെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണമെന്ന് പൊലീസ് അറിയിച്ചു. മരണസംഖ്യ ഇനിയും വര്‍ധിക്കാനിടയുണ്ട്.

മുന്‍ മുഖ്യമന്ത്രി നവാബ് അസ്ലം റെയ്സാനിയുടെ സഹോദരനാണ് സിറാജ്. എം.എം.എ പാര്‍ട്ടിയുടെ നേതാവ് അക്രം ഖാന്‍ ദുറാനിയുടെ റാലിക്കിടെയാണ് രണ്ടാം സ്ഫോടനമുണ്ടായത്. ദുറാനി പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടെങ്കിലും സ്ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ചു.

WATCH THIS VIDEO:

Video Stories