| Wednesday, 14th July 2021, 1:05 pm

ഞെട്ടിപ്പിക്കുന്ന കഥാപാത്രസൃഷ്ടിയുമായി നവരസ; എട്ട് സ്ത്രീ കഥാപാത്രങ്ങളുടെ പ്രത്യേകതകള്‍ വിവരിച്ച് അണിയറ പ്രവര്‍ത്തകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍ മണിരത്‌നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിര്‍മാണത്തില്‍ ഒരുങ്ങുന്ന തമിഴ് ആന്തോളജി ചിത്രമായ നവരസയിലെ സ്ത്രീകഥാപാത്രങ്ങളെ കുറിച്ച് കൂടുതല്‍ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ഒമ്പത് രസങ്ങളെ അടിസ്ഥാനമാക്കി ഒമ്പത് കഥകള്‍ ഒമ്പത് സംവിധായകര്‍ സംവിധാനം ചെയ്യുന്നു എന്നതാണ് നവരസയുടെ പ്രത്യേകത. പ്രിയദര്‍ശന്‍, ഗൗതം മേനോന്‍, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാര്‍, സര്‍ജുന്‍, രതിന്ദ്രന്‍ പ്രസാദ്, കാര്‍ത്തിക് സുബ്ബരാജ്, വസന്ത്, കാര്‍ത്തിക് നരേന്‍ എന്നിവരാണ് ഒമ്പത് ചിത്രങ്ങള്‍ ഒരുക്കുന്നത്.

ചിത്രത്തില്‍ പ്രധാനമായും എട്ട് സ്ത്രീ കഥാപാത്രങ്ങളാണുള്ളത്. തെന്നിന്ത്യയിലെ പ്രഗത്ഭരായ നടിമാരാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രേവതി, പാര്‍വതി, അദിതി ബാലന്‍, രമ്യ നമ്പീശന്‍, പ്രയാഗ റോസ് മാര്‍ട്ടിന്‍, രോഹിണി, റിത്വിക, അഞ്ജലി എന്നിവരാണ് ഈ സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സാവിത്രി എന്ന വേദനയിലും നഷ്ടബോധത്തിലും കഴിയുന്ന സ്ത്രീയായാണ് രേവതിയെത്തുന്നത്. എതിരി എന്ന ചിത്രത്തിലൂടെയാണ് രേവതി നവരസയുടെ ഭാഗമാകുന്നത്. സ്വത്തിനു വേണ്ടി രോഗിയും വയസനുമായ ഒരാളെ വിവാഹം കഴിക്കേണ്ടി വന്ന മധ്യവയസ്‌കയായാണ് പാര്‍വതി തിരുവോത്ത് എത്തുന്നത്. വാഹിദ എന്നാണ് ഇന്‍മൈ എന്ന ചിത്രത്തിലെ പാര്‍വതിയുടെ കഥാപാത്രത്തിന്റെ പേര്.

ചെറുപ്രായത്തില്‍ വിധവയാകേണ്ടി വന്ന ഭാഗ്യലക്ഷ്മിയായി പായസം എന്ന ചിത്രത്തിലൂടെ അദിതിയെത്തുമ്പോള്‍ ഇതേ ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ രോഹിണി അവതരിപ്പിക്കുന്നു.

രൗദ്രം എന്ന ചിത്രത്തില്‍ അന്‍പുക്കരസി എന്ന കഥാപാത്രമായാണ് റിത്വിക എത്തുന്നത്. ജീവിതത്തില്‍ പലതും നേടിയെടുക്കണമെന്ന് ആഗ്രഹമുള്ള പെണ്‍കുട്ടിയാണ് അന്‍പുക്കരസി. പാ രഞ്ജിത്തിന്റെ മദ്രാസിലൂടെ ശ്രദ്ധേയായ റിത്വികയുടെ മികച്ച പെര്‍ഫോമന്‍സാണ് കാത്തിരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.

തുണിന്ത പിന്‍ എന്ന ചിത്രത്തില്‍ മുത്തുലക്ഷ്മിയായി അഞ്ജലിയും സമ്മര്‍ ഓഫ് 92വില്‍ ലക്ഷ്മി ടീച്ചറായി രമ്യ നമ്പീശനും എത്തുന്നു. ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്യുന്ന ഗിത്താര്‍ കമ്പി മേലെ നിന്ദ്രു എന്ന ചിത്രത്തിലാണ് പ്രയാഗ അഭിനയിച്ചിരിക്കുന്നത്.

ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് സൂര്യ, അരവിന്ദ് സ്വാമി, വിജയ് സേതുപതി, നിത്യ മേനോന്‍, ഐശ്വര്യ രാജേഷ്, പൂര്‍ണ, പ്രകാശ് രാജ്, സിദ്ധാര്‍ത്ഥ്, ഗൗതം കാര്‍ത്തിക്, അശോക് സെല്‍വന്‍ തുടങ്ങിയവരാണ്.

ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം എന്നീ നവരസങ്ങളെ ഓരോന്നിനെയും അടിസ്ഥാനമാക്കിയാണ് നവരസയിലെ ഓരോ ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത്. ആഗസ്റ്റ് ആറിന് ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യും.

മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെ ക്യൂബ് സിനിമ ടെക്നോളജീസിന്റെയും ബാനറില്‍ നിര്‍മിക്കുന്ന ഈ തമിഴ് ആന്തോളജിയുടെ നിര്‍മാണത്തില്‍ ജസ്റ്റ് ടിക്കറ്റിന്റെ ബാനറില്‍ എ.പി. ഇന്റര്‍നാഷണല്‍, വൈഡ് ആംഗിള്‍ ക്രിയേഷന്‍സും പങ്കാളികള്‍ ആണ്.

ചിത്രത്തിന് ലഭിക്കുന്ന വരുമാനം തമിഴ് സിനിമാപ്രവര്‍ത്തകരുടെ സംഘടന ഫെപ്‌സി മുഖേന കൊവിഡ് പ്രതിസന്ധിയില്‍പെട്ട സിനിമാതൊഴിലാളികള്‍ക്ക് നല്‍കും. ഇതിനായി നവരസയിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും പ്രതിഫലം വാങ്ങാതെ സൗജന്യമായാണ് സിനിമയില്‍ പ്രവര്‍ത്തിച്ചത്.

എ.ആര്‍ റഹ്മാന്‍, ജിബ്രാന്‍, ഇമന്‍, അരുല്‍ദേവ്, കാര്‍ത്തിക്, ഗോവിന്ദ് വസന്ത, രോണ്‍തന്‍ യോഹന്‍, ജസ്റ്റിന്‍ പ്രഭാകരന്‍ എന്നിവരാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

നവരസയിലെ 9 ചിത്രങ്ങള്‍

പ്രണയത്തെ അടിസ്ഥാനമാക്കി ‘ഗിത്താര്‍ കമ്പി മേലെ നിന്ദ്രു’
സംവിധാനം- ഗൗതം മേനോന്‍
അഭിനേതാക്കള്‍- സൂര്യ, പ്രയാഗ മാര്‍ട്ടിന്‍

വീരം പ്രമേയമാക്കി ‘തുനിന്ദ പിന്‍’
സംവിധാനം സര്‍ജുന്‍ അഭിനേതാക്കള്‍ അഥര്‍വ, അഞ്ജലി, കിഷോര്‍

രൗദ്രത്തെ അടിസ്ഥാനമാക്കി ‘രൗതിരം’
സംവിധാനം അരവിന്ദ് സ്വാമി അഭിനേതാക്കള്‍ റിത്വിക, ശ്രീറാം, രമേശ് തിലക്

കരുണം ആസ്പദമാക്കി ‘എതിരി’
സംവിധാനം ബിജോയ് നമ്പ്യാര്‍ അഭിനേതാക്കള്‍ വിജയ് സേതുപതി, പ്രകാശ് രാജ്, രേവതി, അശോക് സെല്‍വന്‍

ഹാസ്യം പ്രമേയമാക്കി ‘സമ്മര്‍ ഓഫ് 92’
സംവിധാനം പ്രിയദര്‍ശന്‍ അഭിനേതാക്കള്‍ യോഗി ബാബു, രമ്യ നമ്പീശന്‍, നെടുമുടി വേണു

അത്ഭുതത്തെ ആസ്പദമാക്കി ‘പ്രോജക്റ്റ് അഗ്നി’
സംവിധാനം കാര്‍ത്തിക് നരേന്‍ അഭിനേതാക്കള്‍ അരവിന്ദ് സ്വാമി, പ്രസന്ന, പൂര്‍ണ

ഭയാനകം അടിസ്ഥാനമാക്കി ‘ഇന്‍മയ്’
സംവിധാനം രതിന്ദ്രന്‍ പ്രസാദ്
അഭിനേതാക്കള്‍ സിദ്ധാര്‍ത്ഥ്, പാര്‍വതി തിരുവോത്ത്

ശാന്തം ആസ്പദമാക്കി ഒരുക്കുന്ന ‘സമാധാനം’
സംവിധാനം കാര്‍ത്തിക് സുബ്ബരാജ് അഭിനേതാക്കള്‍ ഗൗതം മേനോന്‍, ബോബി സിംഹ, സനന്ത്

ബീഭത്സം പ്രമേയമാക്കി ‘പായസം’
സംവിധാനം വസന്ത് അഭിനേതാക്കള്‍ ഡല്‍ഹി ഗണേഷ്, രോഹിണി, അദിതി ബാലന്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Navarasa, Tamil anthology Netflix movie, 8 woman characters explained

Latest Stories

We use cookies to give you the best possible experience. Learn more