സംവിധായകന്‍ മണിരത്നത്തിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെയും നിര്‍മാണത്തില്‍ ഒരുങ്ങുന്ന ആന്തോളജി ചിത്രം നവരസയുടെ റിലീസ് നെറ്റ്ഫ്‌ളിക്‌സ് പ്രഖ്യാപിച്ചു. ആഗസ്റ്റ് 6 നാണ് നവരസ റിലീസ് ചെയ്യുന്നത്.
ഒമ്പത് രസങ്ങളെ അടിസ്ഥാനമാക്കി ഒമ്പത് കഥകള്‍ ഒമ്പത് സംവിധായകര്‍ സംവിധാനം ചെയ്യുന്നു എന്നതാണ് നവരസയുടെ പ്രത്യേകത. പ്രിയദര്‍ശന്‍, ഗൗതം മേനോന്‍, അരവിന്ദ് സ്വാമി, ബിജോയ് നമ്പ്യാര്‍, സര്‍ജുന്‍, രതിന്ദ്രന്‍ പ്രസാദ്, കാര്‍ത്തിക് സുബ്ബരാജ്, വസന്ത്, കാര്‍ത്തിക് നരേന്‍ എന്നിവരാണ് ഒമ്പത് ചിത്രങ്ങള്‍ ഒരുക്കുന്നത്.
ശൃംഗാരം, കരുണം, വീരം, രൗദ്രം, ഹാസ്യം, ഭയാനകം, ബീഭത്സം, അത്ഭുതം, ശാന്തം എന്നീ നവരസങ്ങളെ ഓരോന്നിനെയും അടിസ്ഥാനമാക്കിയാണ് നവരസയിലെ ഓരോ ചിത്രങ്ങളും ഒരുക്കിയിരിക്കുന്നത്.
മണിരത്നത്തിന്റെ മദ്രാസ് ടാക്കീസിന്റെയും ജയേന്ദ്ര പഞ്ചപകേശന്റെ ക്യൂബ് സിനിമ ടെക്‌നോളജീസിന്റെയും ബാനറില്‍ നിര്‍മിക്കുന്ന ഈ തമിഴ് ആന്തോളജിയുടെ നിര്‍മാണത്തില്‍ ജസ്റ്റ് ടിക്കറ്റിന്റെ ബാനറില്‍ എ.പി. ഇന്റര്‍നാഷണല്‍, വൈഡ് ആംഗിള്‍ ക്രിയേഷന്‍സും പങ്കാളികള്‍ ആണ്.
ചിത്രത്തിന് ലഭിക്കുന്ന വരുമാനം തമിഴ് സിനിമാപ്രവര്‍ത്തകരുടെ സംഘടന ഫെപ്സി മുഖേന കൊവിഡ് പ്രതിസന്ധിയില്‍പെട്ട സിനിമാതൊഴിലാളികള്‍ക്ക് നല്‍കും. ഇതിനായി നവരസയിലെ താരങ്ങളും അണിയറപ്രവര്‍ത്തകരും പ്രതിഫലം വാങ്ങാതെ സൗജന്യമായാണ് സിനിമയില്‍ പ്രവര്‍ത്തിച്ചത്.
തമിഴ് ചലച്ചിത്രമേഖലയെ സഹായിക്കാനും പിന്തുണയ്ക്കാനുമുള്ള ശക്തമായ പ്രേരണയില്‍ നിന്നാണ് നവരസ എന്ന ആശയം ജനിച്ചതെന്ന് ചിത്രത്തിനെ കുറിച്ച് മണിരത്‌നവും ജയന്ദ്ര പഞ്ചപകേശനും പറഞ്ഞു.
‘ഈ മഹാമാരി കാലം ഏറ്റവും കൂടുതല്‍ ബാധിച്ചത് ഞങ്ങളുടെ സ്വന്തം മേഖലയെയാണ്. ഞങ്ങളുടെ സ്വന്തം ആളുകള്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന ശക്തമായ ആഗ്രഹം തോന്നി.
തമിഴ് ചലച്ചിത്രമേഖലയെ സഹായിക്കാനും പിന്തുണയ്ക്കാനുമുള്ള ശക്തമായ പ്രേരണയില്‍ നിന്നാണ് നവരസ എന്ന ആശയം ജനിച്ചത്. ഈ ആശയം ഉപയോഗിച്ച് ഞങ്ങള്‍ സിനിമയിലെ സംവിധായകര്‍, എഴുത്തുകാര്‍, അഭിനേതാക്കള്‍, സാങ്കേതിക വിദഗ്ധര്‍ എന്നിവരെ സമീപിച്ചു.
എല്ലാവരില്‍ നിന്നും അനുകൂലമായ മറുപടിയായിരുന്നു പ്രതികരണം. വിവിധ ടീമുകള്‍ ഏറ്റവും പ്രയാസകരമായ സാഹചര്യങ്ങളിലാണ് പദ്ധതി നടപ്പിലാക്കിയത്. ഏറ്റവും സുരക്ഷിതമായ നടപടികള്‍ സ്വീകരിച്ച് ഒമ്പത് സിനിമകള്‍ പൂര്‍ത്തിയായി.
ഇന്ന് നവരസ ലോകം കാണാന്‍ തയ്യാറാണ്. 190-ലധികം രാജ്യങ്ങളിലെ ആളുകള്‍ ഒരു സിനിമ ഇന്‍ഡസ്ട്രി അതിലെ തൊഴിലാളികള്‍ക്ക് വേണ്ടി നിര്‍മിച്ച ഈ സിനിമ കാണും. പകര്‍ച്ചവ്യാധിയെ മറികടക്കാന്‍ ഈ ചിത്രത്തില്‍ നിന്നുള്ള വരുമാനം ഞങ്ങളുടെ 12000 സഹപ്രവര്‍ത്തകരെ പിന്തുണയ്ക്കും.
സിനിമയിലുടനീളം ഭൂമിക ട്രസ്റ്റിന്റെ സഹായത്തോടെ പലരും വ്യക്തിഗതമായി ശക്തമായ പിന്തുണ നല്‍കിയിട്ടുണ്ട്. ഈ യാത്രയില്‍ പങ്കാളികളായതിന് നെറ്റ്ഫ്‌ളിക്‌സിനോട് ഒരുപാട് നന്ദിയുണ്ട്,’ സിനിമയുടെ റിലീസിംഗ് തിയതി പ്രഖ്യാപിച്ചുകൊണ്ടുള്ള വിഡിയോ പുറത്തുവിട്ടുകൊണ്ട് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
എ.ആര്‍. റഹ്മാന്റെ സംഗീതത്തിന്റെ പശ്ചാത്തലത്തില്‍ നവരസയിലെ പ്രധാന അഭിനേതാക്കളെല്ലാം വിവിധ ഭാവങ്ങള്‍ പകര്‍ന്നാടുന്ന വീഡിയോയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
എ.ആര്‍ റഹ്മാന്‍, ജിബ്രാന്‍, ഇമന്‍, അരുല്‍ദേവ്, കാര്‍ത്തിക്, ഗോവിന്ദ് വസന്ത, രോണ്‍തന്‍ യോഹന്‍, ജസ്റ്റിന്‍ പ്രഭാകരന്‍ എന്നിവരാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.