|

മിഖായേലിന് ശേഷം വേണ്ടെന്നുവെച്ച മണിരത്‌നം സാറിന്റെ സീരീസ്; മിസ് ചെയ്തതില്‍ ഇന്ന് സങ്കടമുണ്ട്: നവനി ദേവാനന്ദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിഖായേല്‍, ഫിലിപ്പ്സ് ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് നവനി ദേവാനന്ദ്. നിവിന്‍ പോളി നായകനായ മിഖായേല്‍ എന്ന സിനിമയിലെ ജെന്നി എന്ന കഥാപാത്രത്തിലൂടെയാണ് നവനി കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്.

ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ എത്തിയ ഏറ്റവും പുതിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ റൈഫിള്‍ ക്ലബ് എന്ന സിനിമയിലും നവനി ദേവാനന്ദ് ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. നദിയ എന്ന കഥാപാത്രമായാണ് നവനി അഭിനയിച്ചത്. ചിത്രത്തിലെ ‘ഗന്ധര്‍വ ഗാനം’ എന്ന പാട്ടിലെ നവനിയുടെ ഡാന്‍സും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോള്‍ താന്‍ വേണ്ടെന്ന് വെച്ച അവസരത്തെ കുറിച്ച് പറയുകയാണ് നവനി. എന്‍ട്രന്‍സ് എഴുതിയെടുക്കണമെന്ന നിര്‍ബന്ധമുണ്ടായിരുന്നതിനാല്‍ മിഖായേലിന് ശേഷം വന്ന സിനിമകളെല്ലാം താന്‍ വേണ്ടെന്നു വെച്ചുവെന്നാണ് നടി പറയുന്നത്.

അതില്‍ സംവിധായകന്‍ മണിരത്‌നം നിര്‍മിച്ച വെബ് സീരീസ് നവരസയിലെ അവസരം മിസ് ചെയ്തതില്‍ സങ്കടമുണ്ടെന്നും നവനി പറയുന്നു. വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നവനി ദേവാനന്ദ്.

‘പ്ലസ് ടുവിന് ദേവഗിരി സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ബി.ബി.എസിന് ചേരണമെന്ന് നിശ്ചയിച്ചു. അതിന്റെ ഭാഗമായി ഞാന്‍ കലോത്സവങ്ങളൊക്കെ ഒഴിവാക്കി. അങ്ങനെയിരിക്കെ സ്‌കൂളില്‍ മിഖായേല്‍ സിനിമക്കായുള്ള ഓഡിഷന്‍ വേണ്ടി അവരുടെ ടീമെത്തുകയായിരുന്നു.

അന്ന് ഒരു രസത്തിന് ഞാനും പോയി, സെലക്റ്റ് ആയി. നിവിന്‍ പോളിയുടെ അനുജത്തിയും കരാട്ടേക്കാരിയായുമായ കഥാപാത്രമായിരുന്നു എന്റേത്. അനുജത്തിയുടെ കാവല്‍ മാലാഖയായ ചേട്ടന്റെ റോളായിരുന്നു അതില്‍ നിവിന്‍ പോളിക്ക്. എന്‍ട്രന്‍സ് എഴുതിയെടുക്കണമെന്ന നിര്‍ബന്ധമുണ്ടായിരുന്നതിനാല്‍ പിന്നീട് വന്ന സിനിമകളെല്ലാം ഞാന്‍ വേണ്ടെന്നു വെച്ചു.

അതില്‍ ഒരു ചാന്‍സ് മിസ് ചെയ്തതില്‍ വലിയ സങ്കടമുണ്ട്. മണിരത്‌നം സാര്‍ നിര്‍മിച്ച വെബ് സീരീസ് നവരസയിലെ അവസരം മിസ് ചെയ്തതിലാണ് എന്റെ സങ്കടം. ഞാന്‍ ഒഴിവാക്കുന്ന സിനിമകളെല്ലാം അച്ഛനും അമ്മയും പോയി കാണാറുണ്ട്. നവരസയില്‍ എനിക്ക് നഷ്ടപ്പെട്ട റോള്‍ എത്രമാത്രം നല്ലതായിരുന്നു എന്നറിഞ്ഞത് അങ്ങനെയാണ്.

പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് എക്‌സാമും എന്‍ട്രന്‍സുമൊക്കെ എഴുതി ഇരിക്കുന്ന സമയത്താണ് ഫിലിപ്‌സ് എന്ന സിനിമ ചെയ്തത്. ഷൂട്ടിങ് കഴിഞ്ഞപ്പോഴേക്കും ചെന്നൈയില്‍ എം.ബി.ബി.എസിന് അഡ്മിഷന്‍ ലഭിച്ചിരുന്നു.

മെഡിസിന്‍ പഠനത്തിന്റെ മൂന്നാം വര്‍ഷം തുടങ്ങിയപ്പോഴാണ് റൈഫിള്‍ ക്ലബ്ബ് വരുന്നത്. ഷൂട്ടിനിടയിലും പരീക്ഷയെഴുതേണ്ടി വന്നിട്ടുണ്ട്. എന്തുവന്നാലും പഠനം ഉഴപ്പില്ല ഞാന്‍. പിന്നെ സിനിമയും അത്രത്തോളം തന്നെ എനിക്ക് ഇഷ്ടമാണ്,’ നവനി പറഞ്ഞു.

Content Highlight: Navani Devanand Talks About Michael Movie And Maniratnam’s Navarasa