|

റൈഫിള്‍ ക്ലബിലെ ഗെറ്റപ്പ് കണ്ട് ആ സൂപ്പര്‍താരം എന്നെ അന്നബെല്ല എന്നായിരുന്നു വിളിച്ചത്: നവനി ദേവാനന്ദ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിഖായേല്‍, ഫിലിപ്പ്‌സ് ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് നവനി ദേവാനന്ദ്. നിവിന്‍ പോളി നായകനായ മിഖായേല്‍ എന്ന സിനിമയിലെ ജെന്നി എന്ന കഥാപാത്രത്തിലൂടെയാണ് നവനി കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്.

ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ എത്തിയ ഏറ്റവും പുതിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ റൈഫിള്‍ ക്ലബിലും നവനി ദേവാനന്ദ് ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. നദിയ എന്ന കഥാപാത്രമായാണ് നവനി അഭിനയിച്ചത്.

ചിത്രത്തിലെ ‘ഗന്ധര്‍വ ഗാനം’ എന്ന പാട്ടിലെ നവനിയുടെ ഡാന്‍സും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റൈഫിള്‍ ക്ലബില്‍ ബോളിവുഡ് നടന്‍ അനുരാഗ് കശ്യപും ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു.

ഷൂട്ടിങ് സമയത്ത് അദ്ദേഹം തന്റെ ഗെറ്റപ്പ് കണ്ട് അന്നബെല്ല എന്നായിരുന്നു വിളിച്ചതെന്ന് പറയുകയാണ് നവനി ദേവാനന്ദ്. അനുരാഗ് കശ്യപിന്റെ കൂടെ സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ പറ്റിയത് വലിയ ഭാഗ്യമാണെന്നും നടി പറഞ്ഞു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നവനി.

‘എന്റെ സിനിമയിലെ മൊത്തത്തിലുള്ള ഗെറ്റപ്പ് കണ്ടിട്ട് എന്നെ അനുരാഗ് സാര്‍ അന്നബെല്ല എന്നായിരുന്നു വിളിച്ചത്. എന്തുകൊണ്ടാണ് അതെന്ന് എനിക്ക് അറിയില്ല. എനിക്ക് അപ്പോള്‍ നല്ല ചുരുണ്ട മുടിയായിരുന്നു ഉണ്ടായിരുന്നത്.

പിന്നെ സാറിന്റെ കൂടെ സ്‌ക്രീന്‍ ഷെയര്‍ ചെയ്യാന്‍ പറ്റുകയെന്നത് വലിയ ഭാഗ്യമാണ്. അദ്ദേഹം വളരെ സ്വീറ്റായിരുന്നു. സെറ്റില്‍ അദ്ദേഹം മലയാളം സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. ഒരു നോര്‍ത്ത് ഇന്ത്യനായ ആള്‍ മലയാളം പറയുന്നതിന്റെ രസമുണ്ടായിരുന്നു.

അദ്ദേഹം ഡയലോഗ് പറയുന്ന രീതി തന്നെ നല്ല രസമായിരുന്നു. മൊത്തത്തില്‍ അനുരാഗ് സാറിന്റെ കൂടെയുള്ള എക്‌സ്പീരിയന്‍സ് വളരെ മികച്ചതായിരുന്നു. നല്ല രസമായിരുന്നു,’ നവനി ദേവാനന്ദ് പറഞ്ഞു.

റൈഫിള്‍ ക്ലബ്:

ആഷിഖ് അബു സംവിധാനം ചെയ്ത റൈഫിള്‍ ക്ലബിന് വേണ്ടി കഥ എഴുതിയത് ശ്യാം പുഷ്‌കരന്‍, ദിലീഷ് കരുണാകരന്‍, സുഹാസ് എന്നിവര്‍ ചേര്‍ന്നാണ്.

വിജയരാഘവന്‍, വാണി വിശ്വനാഥ്, ദിലീഷ് പോത്തന്‍, അനുരാഗ് കശ്യപ്, ഹനുമാന്‍കൈന്‍ഡ്, ദര്‍ശന രാജേന്ദ്രന്‍, ഉണ്ണിമായ പ്രസാദ്, പൊന്നമ്മ ബാബു, സുരഭി ലക്ഷ്മി തുടങ്ങിയ മികച്ച താരനിരയായിരുന്നു റൈഫിള്‍ ക്ലബിനായി ഒന്നിച്ചത്.

Content Highlight: Navani Devanand Talks About Anurag Kashyap And Rifle Club Movie