മോസ്‌കോ: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ജയിലില്‍ നിരാഹാരമിരിക്കുന്ന റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് അറിയിച്ച് റഷ്യന്‍ ജയില്‍ അധികൃതര്‍. നവാല്‍നിയുടെ ആരോഗ്യനില വഷളാവുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിന് പിന്നാലെ വലിയ തരത്തിലുള്ള പ്രതിഷേധങ്ങളാണ് പുടിന്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്ന് വന്നത്.
മൂന്ന് ആഴ്ചയായി നിരാഹാര സമരമിരിക്കുന്ന നവാല്‍നിയെ തടവുകാര്‍ക്കായുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയാണെന്ന് അധികൃതര്‍ പുറത്തു വിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി.
നവാല്‍നിയുടെ ആരോഗ്യനില ‘തൃപ്തികരമായാണ് കാണപ്പെടുന്നതെന്നും’ വിറ്റാമിന്‍ ഗുളികകള്‍ കഴിക്കാന്‍ അദ്ദേഹം സമ്മതിച്ചിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറയുന്നു
വ്‌ളാദിമിറിലെ പീനല്‍ കോളനിയില്‍ സ്ഥിതി ചെയ്യുന്ന ആശുപത്രിയിലേക്കാണ് അദ്ദേഹത്തെ മാറ്റിയിരിക്കുന്നത്.
നവാല്‍നിക്ക് ഉടന്‍ വൈദ്യ സഹായം നല്‍കണമെന്ന ആവശ്യവുമായി വിവിധ പാശ്ചാത്യ നേതാക്കള്‍ രംഗത്തെത്തിയതോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ തയ്യാറായത്.
കടുത്ത നടുവേദനയ്ക്കും കാലിലെ മരവിപ്പിനും കൃത്യമായ ചികിത്സ ലഭിക്കുന്നില്ലെന്നും തനിക്ക് ചികിത്സ ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് നവാല്‍നി മാര്‍ച്ച് അവസാനത്തോടെ നിരാഹാരമിരിക്കാന്‍ തുടങ്ങിയത്.
കഴിഞ്ഞ ഓഗസ്റ്റില്‍ വിഷബാധയേറ്റതോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യ നില മോശമായത്. നവാല്‍നി വിഷബാധയേറ്റ് ജര്‍മ്മനിയില്‍ ചികിത്സയില്‍ കഴിയവേ പരോള്‍ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് കാണിച്ച് മൂന്ന് വര്‍ഷത്തേക്ക് റഷ്യന്‍ സര്‍ക്കാര്‍ ജയിലില്‍ അടക്കുകയായിരുന്നു.
റഷ്യയില്‍ വ്യാപക പ്രതിഷേധങ്ങള്‍ നടക്കവെയാണ് പുടിന്‍ സര്‍ക്കാര്‍ നവാല്‍നിയെ ജയിലില്‍ അടച്ചത്. നവാല്‍നിയെ ഹൗസ് അറസ്റ്റില്‍ വെച്ച കാലയളവ് കൂടി പരിഗണിച്ച് രണ്ട് വര്‍ഷവും എട്ട് മാസവുമായിരിക്കും അദ്ദേഹത്തിന് തടവുശിക്ഷ അനുഭവിക്കേണ്ടിവരിക.
ബെര്‍ലിനില്‍ നിന്ന് മോസ്‌കോയിലേക്ക് തിരികെയെത്തിയ നവാല്‍നിയെ ജനുവരി 17നാണ് അറസ്റ്റ് ചെയ്തത്.
അതേസമയം അറസ്റ്റിലായ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നിയെ വിട്ടയക്കണമെന്നാവശ്യപ്പെട്ടു പ്രതിഷേധം നടത്തിയവരെ റഷ്യന്‍ സര്‍ക്കാര്‍ വ്യാപകമായി അറസ്റ്റ് ചെയ്തിരുന്നു.
സ്വാതന്ത്ര്യം, പുടിന്‍ കള്ളനാണ് എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു സമരക്കാര്‍ തെരുവിലിറങ്ങിയത്. -40 ഡിഗ്രി സെല്‍ഷ്യസ് ഉള്ള റഷ്യയിലെ പ്രദേശങ്ങളില്‍ പോലും ആളുകള്‍ തെരുവിലിറങ്ങി പ്രതിഷേധസമരങ്ങള്‍ സംഘടിപ്പിച്ചിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക