| Thursday, 29th April 2021, 10:59 pm

ആകെ കഴിച്ചത് നാല് സ്പൂണ്‍ കഞ്ഞി, ഒരു അസ്ഥികൂടമായി മാറി; എന്നാലും ഞാന്‍ പറയും നിങ്ങളുടെ രാജാവ് നഗ്നനാണ്: പുടിനെതിരെ കോടതിമുറിയില്‍ നവാല്‍നി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മോസ്‌കോ: മൂന്നാഴ്ചത്തെ നിരാഹാരത്തിന് ശേഷം കോടതിയ്ക്ക് മുന്നില്‍ ഹാജരായി റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്‌സി നവാല്‍നി. ഏറെ വികാരാധീനനായി കോടതിയ്ക്ക് മുന്നിലെത്തിയ അദ്ദേഹം താനൊരു അസ്ഥികൂടമായി മാറിയിരിക്കുന്നുവെന്നാണ് പറഞ്ഞത്.

വാദത്തിനിടെ കോടതി മുറിയിലെത്തിയ തന്റെ ഭാര്യ യൂലിയയെ അഭിസംബോധന ചെയ്തുകൊണ്ടാണ് നവാല്‍നി സംസാരിച്ചു തുടങ്ങിയത്. താനൊരു അസ്ഥിപഞ്ജരമായിരിക്കുന്നുവെന്നും ഇപ്പോള്‍ കണ്ടാല്‍ ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയെ പോലുണ്ടെന്നും നവാല്‍നി പറഞ്ഞു.

‘ഇന്നലെയാണ് ഞാന്‍ എന്റെ ശരീരം നേരെ കണ്ടത്. ഒരു അസ്ഥികൂടം പോലെയായിരിക്കുന്നു. ഒരു ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിയുടെ ശരീരപ്രകൃതിയായി മാറിയിരിക്കുന്നു. എന്റെ വസ്ത്രങ്ങള്‍ അഴിച്ചുനോക്കിയാല്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാണെന്ന് മനസ്സിലാകും. ഇന്നലെ 4 സ്പൂണ്‍ കഞ്ഞി മാത്രമാണ് ഞാന്‍ ആകെ കഴിച്ചത്. ഇന്നും അതു തന്നെ. നാളെ ഞാന്‍ ഒരു ആറ് സ്പൂണ്‍ കഞ്ഞിയെങ്കിലും കഴിക്കാന്‍ ശ്രമിക്കും. പത്ത് സ്പൂണ്‍ കഴിക്കാന്‍ കഴിഞ്ഞാല്‍ അതാകും ഏറ്റവും വലിയ നാഴികകല്ല്,’ നവാല്‍നി പറഞ്ഞു.

അതേസമയം ക്ഷീണിതനാണെങ്കിലും പ്രസിഡന്റ് വ്‌ളാദിമര്‍ പുടിനെതിരെയുള്ള തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് പിന്നീടുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ വ്യക്തമാക്കി.

ബഹുമാനപ്പെട്ട കോടതിയോട് എനിക്ക് ഒന്നേ പറയാനുള്ളു. നിങ്ങളുടെ രാജാവ് നഗ്നനാണ്.ഒന്നിലധികം പേര്‍ ഇത് വിളിച്ചു പറയുന്നുണ്ട്’, നവാല്‍നി പറഞ്ഞു.

നേരത്തെ നവാല്‍നി വിഷയത്തില്‍ ഇടപെട്ട് ഐക്യരാഷ്ട്ര സഭയും രംഗത്തത്തിയിരുന്നു. നവാല്‍നിയുടെ ആരോഗ്യനില അപകടത്തിലാണെന്നും ആവശ്യമായ ചികിത്സ നല്‍കുന്നതിനായി നവാല്‍നിയെ എത്രയും വേഗം വിദേശത്തെത്തിക്കണമെന്നും യു.എന്‍ ആവശ്യപ്പെട്ടിരുന്നു.

ജയിലില്‍ നിരാഹാരമിരുന്നതിനെ തുടര്‍ന്ന് ആരോഗ്യനില മോശമായ നവാല്‍നിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന് റഷ്യന്‍ ജയില്‍ അധികൃതര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

നവാല്‍നിയുടെ ആരോഗ്യനില വഷളാവുകയാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിന് പിന്നാലെ വലിയ തരത്തിലുള്ള പ്രതിഷേധങ്ങളാണ് പുടിന്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്ന് വന്നിരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlights: Alexi Navalni In Court Room

We use cookies to give you the best possible experience. Learn more