കോഴിക്കോട്: കേരള സര്‍ക്കാരിന്റെ നവകേരള സദസിനെ വിമര്‍ശിച്ച് സമസ്തയുടെ മുഖപത്രമായ സുപ്രഭാതം മുഖപ്രസംഗം എഴുതിയപ്പോള്‍ നവകേരള സദസിന്റെ ലക്ഷ്യങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രിയെഴുതിയ ലേഖനം പ്രസിദ്ധീകരിച്ച് ചന്ദ്രിക ദിനപത്രം. ‘നവകേരളത്തിനായി ഒന്നിക്കാ’മെന്ന തലക്കെട്ടില്‍ മുഖ്യമന്ത്രിയെഴുതിയ ലേഖനമാണ് ചന്ദ്രിക പ്രസിദ്ധീകരിച്ചിരിക്കുന്നത്.
സര്‍ക്കാര്‍ പരിപാടിയായ നവകേരള സദസിനെതിരെ പ്രതിപക്ഷം വലിയ വിമര്‍ശനമുയര്‍ത്തുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് സര്‍ക്കാര്‍ പരിപാടിയെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ ലേഖനം പ്രസിദ്ധീകരിച്ച ചന്ദ്രികയുടെ നടപടി വിവാദമാകുന്നത്.
സാധാരണ ഗതിയില്‍ ലീഗ് പ്രതിപക്ഷത്തിരിക്കുന്ന സമയങ്ങളില്‍ സര്‍ക്കാരിന് അനുകൂലമായുള്ള ലേഖനങ്ങള്‍ ചന്ദ്രിക പ്രസിദ്ധീകരിക്കാറില്ല. എന്നാല്‍ മുഖ്യമന്ത്രിയുടെ ലേഖനത്തിന് താഴെ നവ കേരള സദസിനെ വിമര്‍ശിക്കുന്ന ‘ജനവിരുദ്ധ നയങ്ങള്‍ മറച്ചുവെക്കാന്‍ നവ കേരള സദസ്’ എന്ന പേരിലുള്ള മറ്റൊരു ലേഖനവും ചന്ദ്രിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.
എന്നാല്‍ മുഖ്യമന്ത്രിയുടെ ലേഖനം ചന്ദ്രിക പ്രസിദ്ധീകരിച്ചതില്‍ തെറ്റില്ലെന്ന തരത്തിലുള്ള പ്രതികരണവും ഉയരുന്നുണ്ട്. സര്‍ക്കാര്‍ നടത്തുന്ന പരിപാടികളുമായി ബന്ധപ്പെട്ടുള്ള ലേഖനങ്ങളും പരസ്യങ്ങളും എല്ലാ പത്രങ്ങളും പ്രസിദ്ധീകരിക്കാറുണ്ടെന്നും അത് പുതിയ കാര്യമല്ലെന്നുമാണ് വാദം.
അതേസമയം കേരള സര്‍ക്കാരിന്റെ നവകേരള സദസ് പരിപാടിക്കെതിരെ വിമര്‍ശനവുമായിട്ടാണ് സമസ്ത രംഗത്തെത്തിയത്. സമസ്തയുടെ മുഖപത്രമായ സുപ്രഭാതത്തിലാണ് സര്‍ക്കാരിന്റെ നവ കേരള സദസ്സിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുള്ളത്.
‘ഈ സദസ്സ് ആരെ കബളിപ്പിക്കാന്‍’ എന്ന പേരിലാണ് സുപ്രഭാതം മുഖപ്രസംഗമെഴുതിയത്. ‘നിത്യ ചെലവിന് സംസ്ഥാനം ഞെരുങ്ങുമ്പോഴാണ് 100 കോടിയോളം രൂപ ചെലവിട്ട് സദസ്സ് നടത്തുന്നതെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചുള്ള കണ്‍കെട്ട് വിദ്യ എന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്നതാണ് ഇതെന്നുമാണ് മുഖപ്രസംഗത്തില്‍ പറയുന്നത്.
നിത്യവൃത്തിക്ക് പണമില്ലാതെയിരിക്കുമ്പോള്‍ 100 കോടി ചിലവിട്ട് ആര്‍ക്ക് വേണ്ടിയാണ് സദസ് സംഘടിപ്പിക്കുന്നത്. വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് ക്ഷേമപെന്‍ഷന്‍ കൊടുത്തിട്ടുള്ളത്. ഇത് ആളുകളുടെ കണ്ണില്‍ പൊടിയിടാനാണെന്നും മുഖപത്രത്തില്‍ പറയുന്നു.
അതേസമയം, നവകേരള സദസിനെ പിന്തുണക്കുന്ന ‘ജനമനസറിയാന്‍ നവ കേരള സദസ്സ്’ എന്ന മുഖ്യമന്ത്രിയുടെ ലേഖനവും ഇതേ പേജില്‍ തന്നെ സുപ്രഭാതം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Content Highlight: Navakerla sadasu Chandrika and Suprabhatham editorial Controversy