| Wednesday, 21st February 2024, 6:03 pm

നവകേരള സ്ത്രീ സദസ്സ്: വ്യാഴാഴ്ച്ച നെടുമ്പാശ്ശേരിയില്‍ മുഖ്യമന്ത്രിയുമായി മുഖാമുഖം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സ്ത്രീപക്ഷ നവകേരളം എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുമായി സംവദിക്കുന്ന ‘മുഖാമുഖം: നവകേരള സ്ത്രീ സദസ്സ്’ ഫെബ്രുവരി 22 വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ 1.30 വരെ എറണാകുളം നെടുമ്പാശ്ശേരി സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.

സമൂഹത്തിലെ വിവിധ മേഖലകളിലെ 2000ത്തോളം സ്ത്രീകളെ പങ്കെടുപ്പിച്ച് കൊണ്ടായിരിക്കും നവകേരള സ്ത്രീ സദസ്സ് സംഘടിപ്പിക്കുന്നത്. സാമൂഹ്യരംഗത്തെ ഇടപെടലിലൂടെ സ്ത്രീകളെ നവകേരള നിര്‍മിതിയുടെ ഭാഗമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സ്ത്രീപക്ഷ നവകേരളം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്കും നിര്‍ദേശങ്ങള്‍ സ്വരൂപിക്കുന്നതിനുമാണ് വിവിധ മേഖലകളിലുള്ള സ്ത്രീകളുമായി മുഖ്യമന്ത്രി നേരിട്ട് സംവദിക്കുന്നത്.

ഇവര്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങള്‍ എഴുതി നല്‍കാനും അവസരം ഉണ്ടാകും. നവകേരളം സംബന്ധിച്ച് സ്ത്രീ സമൂഹത്തിന്റെ പ്രതീക്ഷകള്‍, നിര്‍ദേശങ്ങള്‍, നൂതന ആശയങ്ങള്‍ എല്ലാം സദസില്‍ പങ്കുവയ്ക്കപ്പെടും. നൂതനവും സര്‍ഗാത്മകവുമായ ചുവടുവെപ്പുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ പോകുന്ന ഒന്നായിരിക്കും നവകേരളസ്ത്രീ സദസ്സ്.

ജനപ്രതിനിധികള്‍, തദ്ദേശ ഭരണസ്ഥാപനങ്ങളുടെ നേതൃത്വം വഹിക്കുന്നവര്‍, വകുപ്പ് മേധാവികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ പ്രവര്‍ത്തകര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, ആരോഗ്യ-വിദ്യാഭ്യാസ- വ്യവസായ-കാര്‍ഷിക മേഖലകളിലെ പ്രതിനിധികള്‍, പരമ്പരാഗത വ്യവസായ മേഖല, ഐ.ടി, കലാ-സാഹിത്യ-കായിക മേഖലകള്‍, ആദിവാസി, ട്രാന്‍സ് വനിതകള്‍ തുടങ്ങി സമൂഹത്തിന്റെ വ്യത്യസ്ത മേഖലകളില്‍ നിന്നുള്ള സ്ത്രീകളുടെ പങ്കാളിത്തത്തോടെയാണ് സദസ്സ് സംഘടിപ്പിക്കുന്നത്.

ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി, അന്‍വര്‍ സാദത്ത് എം.എല്‍.എ, വനിത ശിശു വികസന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ശര്‍മിള മേരി ജോസഫ്, വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി. കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. നവകേരളം കര്‍മ്മപദ്ധതി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി.എന്‍. സീമ പരിപാടിയില്‍ മോഡറേറ്ററാകും.

ഇവര്‍ക്കുപുറമെ പി.കെ. ശ്രീമതി, മേഴ്സിക്കുട്ടിയമ്മ, ഐശ്വര്യ ലക്ഷ്മി, ദിവ്യ ഗോപിനാഥ്, മേഴ്സി കുട്ടന്‍, ഷൈനി വില്‍സണ്‍, പി.കെ. മേദിനി, നിലമ്പൂര്‍ അയിഷ, ടെസി തോമസ്, ഇംതിയാസ് ബീഗം, നിഷ ജോസ് കെ. മാണി, എം.ഡി. വത്സമ്മ, വിജയരാജ മല്ലിക, ഡോ. ലിസി എബ്രഹാം, കെ.സി. ലേഖ, കെ. അജിത തുടങ്ങി വിവിധ മേഖലകളിലെ പ്രശസ്തരും പ്രമുഖരുമായ വനിതകളും നവകേരള സ്ത്രീ സദസ്സില്‍ പങ്കെടുക്കും.

Content Highlight: ‘Navakerala Stree Sadas’ will be held on Thursday, February 22 at Nedumbassery Sial Convention Center, Ernakulam

We use cookies to give you the best possible experience. Learn more